ഞായറാഴ്ച രാത്രി കറുവൻതോട് മംഗളഗിരി സുശാന്തിന്റെ
വീടിനോടു ചേർന്ന് എത്തിയ പുലി. സി.സി.ടി.വി ദൃശ്യം
പൊഴുതന: ഗ്രാമപഞ്ചായത്തിൽ നാൾക്കുനാൾ വർധിച്ചുവരുന്ന വന്യമൃഗ ശല്യം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞായറാഴ്ച രാത്രി കറുവൻതോട് മംഗളഗിരി സുശാന്തിന്റെ വീടിനോടു ചേർന്ന് പുലിയെത്തിയത് ഭീതിപരത്തി. വീടിനു സമീപം സ്ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ് പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഏറെക്കാലമായി പുലിശല്യം നേരിടുന്ന പ്രദേശമാണ് പൊഴുതന. ചുരുങ്ങിയ വർഷത്തിനിടെ നിരവധി വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു.
കഴിഞ്ഞവർഷം പാറക്കുന്ന് പ്രദേശത്ത് പുലിയെ പിടിക്കുന്നതിന് കൂട് സ്ഥാപിച്ചെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ദിവസമെത്തിയ ആനക്കൂട്ടം തോട്ടം മേഖലയായ വേങ്ങത്തോട് പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തിയതിനു ശേഷമാണ് കാടുകയറിയത്. ജനവാസ കേന്ദ്രമായ കറുവാൻതോട് ഭാഗത്തോടു ചേർന്നു കിടക്കുന്ന കുറിച്യാർമല വനത്തിൽനിന്നാണ് ആനകൾ കാടിറങ്ങുന്നത്. നിലവിൽ പകൽ സമയത്തുപോലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കറുവൻതോട് മേഖലയിൽ.
2018 വരെ നൂറു കണക്കിന് കുടുംബാംഗങ്ങൾ താമസിച്ച ഈ പ്രദേശത്തുനിന്ന് ഇപ്പോൾ വന്യമൃഗ ശല്യം കാരണം പലരും പലായനം ചെയ്തു. പലരും വാടകക്ക് വീടെടുത്തതാണ് താമസിക്കുന്നത്. കറുവൻതോട് മേഖലയിൽ വനത്തോടു ചേർന്ന് അംഗൻവാടി, ഭൂതാനം ആദിവാസി കോളനിയടക്കമുണ്ട്. കാട്ടുനായ്ക്ക വിഭാഗക്കാരായ ഏഴോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കാട്ടാനക്കൂട്ടത്തെ തടയാൻ വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. വന്യമൃഗ ശല്യം നേരിടാൻ വനം വകുപ്പിന്റെ കേന്ദ്രം ഉണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ല. എസ്റ്റേറ്റ് മേഖലയിൽ ചക്ക, മാങ്ങ സീസണുകൾ ആരംഭിച്ചതോടെ വന്യമൃഗശല്യം രൂക്ഷമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.