സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറക്കാൻ ഇനിയും വൈകും. പുതിയ ബ്ലോക്ക് ഉടൻ തുറക്കുമെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും അതിനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെ പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ സമരം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
ഒരു വർഷമായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കെട്ടിടം പണി പൂർത്തിയായിട്ട്. 30 കോടിയിലേറെ കെട്ടിടത്തിന് മുടക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്. കെട്ടിടത്തിലേക്ക് ആവശ്യമായ മറ്റ് ഉപകരണങ്ങളും ഒരുക്കി. എന്നാൽ, അതനുസരിച്ചുള്ള ഒരു ഗുണവും രോഗികൾക്ക് കിട്ടുന്നില്ല.
ജീവനക്കാരെ നിയമിക്കാനുള്ള കാലതാമസമാണ് കെട്ടിടം വെറുതെ കിടക്കാൻ കാരണം. നൂറോളം ജീവനക്കാരെങ്കിലും വേണം. ജീവനക്കാരെ ഉടൻ നിയമിക്കുമെന്ന ആരോഗ്യമന്ത്രിയുടെ വാക്ക് നടപ്പായിട്ടില്ല. ആശുപത്രി തുറന്നാൽ പ്രസവം, കുട്ടികളുടെ പരിചരണം എന്നിവക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകില്ല. പുതിയ ബ്ലോക്ക് തുറക്കാത്ത സാഹചര്യത്തിൽ ഗുണം ലഭിച്ചുകൊണ്ടിരിക്കുന്നത് താലൂക്കിലെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യ ആശുപത്രികൾക്കാണ്.
ഒ.പി, അത്യാഹിത വിഭാഗം എന്നിവ പ്രവർത്തിക്കുന്നുണ്ടെങ്കിലും മാസങ്ങളായി ഒ.പി താളം തെറ്റിയ അവസ്ഥയിലാണ്. ഒ.പിയിൽ ഡോക്ടർമാർ കൂടുതലായി വേണമെന്ന ആവശ്യം നടപ്പിലാക്കാൻ അധികൃതർ തയാറാവുന്നില്ല. ആശുപത്രിയിൽ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ മൊബൈൽ ഐ.സി.യു ആംബുലൻസ് കട്ടപ്പുറത്തായിട്ട് ആറു മാസത്തിലേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.