സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ കൈനാട്ടി മുതൽ സുൽത്താൻ ബത്തേരി വരെയുള്ള ഭാഗത്ത് അപകടങ്ങൾ പെരുകുമ്പോൾ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ചൊവ്വാഴ്ച വെളുപ്പിന് പാതിരിപ്പാലത്ത് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിക്കാൻ ഇടയായ അപകടമാണ് ഏറ്റവും ഒടുവിൽ. അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് ഇടയാക്കിയത്.
പാതിരിപ്പാലത്ത് അപകടങ്ങളിൽപെട്ട് നിരവധിപേർ മരിച്ചിട്ടുണ്ട്. അമിത വേഗം, ലഹരി ഉപയോഗിച്ചതിനുശേഷമുള്ള അശ്രദ്ധമായ ഡ്രൈവിങ് എന്നിവയൊക്കെയാണ് കാരണമാകുന്നത്. ചൊവ്വാഴ്ച അപകടം വരുത്തിയ ലോറിയുടെ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. പരിസരവാസികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഇരുവശങ്ങളിൽ നിന്നുള്ള ഇറക്കവും വളവുകളുമാണ് പാതിരിപ്പാലത്തെ അപകടമേഖലയാക്കുന്നത്. മുമ്പ്, ഇറക്കത്തിൽ വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഇപ്പോൾ അതെല്ലാം എടുത്തുമാറ്റി. കൈനാട്ടിക്കുശേഷമുള്ള അമൃത വളവ് അപകടങ്ങൾക്കു പേരുകേട്ടതാണ്. മുട്ടിൽ ഡബ്ല്യു.എം.ഒ കോളജിനും കാക്കവയലിനും ഇടയിലുള്ള ഭാഗമാണ് മറ്റൊരു അപകട കേന്ദ്രം. ഇതിനിടയിലുള്ള വാര്യാട് ഭാഗത്തും അപകടങ്ങൾ പതിവാണ്. ഇവിടെ വളവുകളില്ലാത്ത റോഡായതിനാൽ അപകടങ്ങൾ കുറയേണ്ടതാണ്. എന്നിട്ടും അമിതവേഗം കാരണം അപകടം വർധിക്കുന്നു. മീനങ്ങാടിക്കടുത്ത് കുട്ടിരായൻപാലം, മിൽമ ചില്ലിൻ പ്ലാന്റ് പ്രദേശങ്ങളും സ്ഥിരം അപകട മേഖലയാണ്.
മീനങ്ങാടിക്കുശേഷം കൃഷ്ണഗിരി വളവിൽ പൊലീസ് പരിശോധനയുള്ള ദിവസങ്ങളിൽ വാഹനങ്ങൾ പതുക്കെയാണ് പോകാറുള്ളത്. കൊളഗപ്പാറ കവലക്ക് ശേഷം ബീനാച്ചി വരെയുള്ള ഭാഗത്ത് ചെറിയ കയറ്റമാണ്. മീനങ്ങാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കമിറങ്ങുന്നത് അമിതവേഗത്തിലാകുമ്പോൾ അപകടം പതിയിരിക്കുന്നു. മീനങ്ങാടി പൊലീസ് സ്റ്റേഷനു മുന്നിലും ബസ് സ്റ്റാൻഡിലും അടുത്തിടെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ വലിയനിര കൂട്ടിയിട്ടിരിക്കുന്നത് കാണാം.
വാഹനങ്ങൾക്ക് വേഗനിയന്ത്രണമുള്ള ബത്തേരി നഗരത്തിലും അടുത്തിടെയായി അപകടങ്ങൾ വർധിക്കുകയാണ്. ഇടതുവശത്തുകൂടെ അമിതവേഗത്തിൽ ഇരുചക്ര വാഹനങ്ങളുടെ ഓവർ ടേക്കിങ് അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കാൻ പൊലീസ് മടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.