സുൽത്താൻ ബത്തേരി: ആദിവാസികളുടെ ക്ഷേമത്തിനായി നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂരിൽ പ്രവർത്തിക്കുന്ന പട്ടികവർഗ സഹകരണ സംഘത്തിൽ ചുണ്ടവേരും കുറുന്തോട്ടിയും വിൽക്കാൻ പറ്റാതെ നശിക്കുന്നു. സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകാത്തപക്ഷം അരക്കോടിയോളം രൂപയുടെ ഉൽപന്നങ്ങളാണ് നശിച്ചു പോകുക. ആദിവാസികളുടെ ക്ഷേമം പറയുന്ന വകുപ്പുകളൊന്നും ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നാണ് സഹകരണ സംഘത്തിന്റെ ഭാരവാഹികൾ പറയുന്നത്. കല്ലൂർ ടൗണിനടുത്ത് തോട്ടാമൂല റോഡിലാണ് സുൽത്താൻ ബത്തേരി പട്ടികവർഗ സഹകരണസംഘം എന്ന സ്ഥാപനമുള്ളത്.
ആദിവാസികൾ വനത്തിൽനിന്ന് ശേഖരിക്കുന്ന കുറുന്തോട്ടി, ചുണ്ടവേര് തുടങ്ങിയ ഉൽപന്നങ്ങൾ വിലക്ക് വാങ്ങി മരുന്നു കമ്പനികൾക്ക് വിൽക്കുകയാണ് സഹകരണ സംഘം ചെയ്തിരുന്നത്. എന്നാൽ, ശേഖരിക്കുന്ന ഉൽപന്നങ്ങൾ സുഗമമായി വിൽക്കാൻ കഴിയാത്തതാണ് സഹകരണസംഘം നേരിടുന്ന വലിയ പ്രശ്നം. വനം വകുപ്പ് കനിഞ്ഞാൽ എല്ലാ ഉൽപന്നങ്ങളും വിറ്റുപോകുമെന്നാണ് സംഘം നടത്തിപ്പുകാർ പറയുന്നത്. ചുണ്ടവേരും കുറുന്തോട്ടിയും കോട്ടക്കലിലെ ആയുർവേദ മരുന്ന് ശാലയിലേക്കാണ് പ്രധാനമായും കൊണ്ടുപോകുന്നത്. എത്ര കൂടുതൽ അളവിൽ ഉണ്ടെങ്കിലും മുരുന്നുശാല വാങ്ങാൻ തയാറാണ്. ബുധനാഴ്ച ഒരു ലോഡ് ചുണ്ടവേര് കോട്ടയ്ക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ, ലക്കിടിയിൽ വനംവകുപ്പിന്റെ ചെക് പോസ്റ്റിൽ ലോഡ് തടഞ്ഞു. പിന്നീട്, ഏറെ ശ്രമത്തിന് ശേഷമാണ് ലോഡ് കയറ്റിവിടാൻ വനം വകുപ്പ് തയാറായത്. എപ്പോൾ ലോഡ് കൊണ്ടുപോയാലും ലക്കിടിയിൽ തടയുന്ന സാഹചര്യമാണുള്ളത്.
നൂൽപ്പുഴ വില്ലേജിലെ കോളൂർ, ഞണ്ടൻ കൊല്ലി, കുപ്പാടി വില്ലേജിലെ മറുകര, നായ്ക്കട്ടി, കിടക്കനാട് വില്ലേജിലെ വടക്കനാട്, വള്ളുവാടി, നെൻമേനി വില്ലേജിലെ പുത്തൻകുന്ന്, മാടക്കര എന്നിവിടങ്ങളിൽനിന്ന് ആദിവാസികൾ ശേഖരിച്ച 30000 കിലോയോളം കുറുന്തോട്ടി, 25000 കിലോയോളം ചുണ്ടവേര് എന്നിവ പട്ടികവർഗ സഹകരണ സംഘത്തിൽ സംഭരിച്ചു വെച്ചിട്ടുണ്ട്. ഇതിൽ 3000 കിലോയോളം ചുണ്ടവേരാണ് കഴിഞ്ഞദിവസം കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയത്. സുൽത്താൻ ബത്തേരി താലൂക്കിലെ ആദിവാസികളാണ് പ്രധാനമായും കല്ലൂർ സഹകരണ സംഘത്തിൽ ചുണ്ടവേരും കുറുന്തോട്ടിയും വിൽക്കാൻ എത്തിയിരുന്നത്. ഒരു വർഷത്തിലേറെയായി ഇപ്പോൾ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നില്ല. റോക്കം പണം കൊടുക്കാൻ ഇല്ലാത്തതാണ് പ്രശ്നം. ഒരു കിലോ കുറുന്തോട്ടിക്ക് 17 രൂപയാണ് സംഘം കൊടുക്കുന്നത്. ചുണ്ടവേരിന് 15 രൂപ. കെട്ടിക്കിടക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റാൽ ആ പണം കൊണ്ട് വീണ്ടും ഉൽപന്നങ്ങൾ ശേഖരിക്കാനാവുമെന്ന് പ്രസിഡന്റ് ഒ.എ. രാമകൃഷ്ണൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.