സുൽത്താൻ ബത്തേരി: കൾവർട്ട് നിർമാണത്തിന്റെ പേരിൽ ഗാന്ധി ജങ്ഷനിൽ തടസ്സപ്പെടുത്തിയ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി വൈകുന്നു. റഹിം മെമ്മോറിയൽ റോഡിൽ രണ്ടാഴ്ചയായി ഗതാഗതം പൂർണമായി നിലച്ചതോടെ സുൽത്താൻ ബത്തേരി നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചുള്ളിയോട് റോഡും റഹീം മെമ്മോറിയൽ റോഡും ബന്ധിപ്പിക്കുന്ന രീതിയിലുള്ള കൾവെർട്ട് നിർമാണം പൂർത്തിയായാലേ ഗതാഗതം പഴയ പോലെയാകൂ. എന്നാൽ റോഡിനെ തമ്മിൽ ബന്ധിപ്പിക്കുന്ന കൾവെർട്ടിന് ഒരു പ്രാധാന്യവും നൽകാത്ത രീതിയിലാണ് ഏതാനും ദിവസങ്ങളായി നിർമാണം പുരോഗമിക്കുന്നത്.
സുൽത്താൻ ബത്തേരി നഗരത്തിൽ ദേശീയപാതയിലെ ട്രാഫിക് ജങ്ഷൻ മുതൽ അസംപ്ഷൻ ജങ്ഷൻ വരെയുള്ള റോഡ് വൺവേയായിരുന്നു. ഗാന്ധി ജങ്ഷനിൽനിന്ന് തുടങ്ങി അസംപ്ഷൻ ജങ്ഷനിൽ അവസാനിക്കുന്ന റഹീം മെമ്മോറിയൽ റോഡും വൺവേ ആയിരുന്നു. കൾവെർട്ട് നിർമാണത്തിന്റെ ഭാഗമായി റഹീം മെമ്മോറിയൽ റോഡ് അടച്ചതോടെ ട്രാഫിക് ജങ്ഷൻ -അസംപ്ഷൻ റോഡ് വൺവേ അല്ലാതാക്കിയിരിക്കുകയാണ്.
ഇതോടെയാണ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായത്. റഹീം മെമ്മോറിയൽ റോഡിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തിയാക്കേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. എന്നാൽ ഒരു ഭാഗത്തു നടക്കുന്ന ഓവുചാൽ നിർമാണത്തോടനുബന്ധിച്ച് റോഡിനെ ബന്ധിപ്പിക്കുന്ന കൾവെർട്ടും നിർമിക്കാമെന്ന രീതിയിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. മൂന്നുമാസത്തോളമായി ഗാന്ധി ജങ്ഷനിൽ നിർമാണങ്ങൾ തുടങ്ങിയിട്ട്. നിർമാണത്തിന് സമയമെടുക്കുമെന്ന് തുടക്കത്തിൽ തന്നെ നഗരസഭ ചെയർമാനടക്കമുള്ളവർ അറിയിച്ചിരുന്നു. എന്നാൽ ഗതാഗതത്തെ ബാധിക്കുന്ന വിഷയമായതിനാൽ നിർമാണത്തിൽ വിവേകത്തോടെയുള്ള ഇടപെടലും വേഗതയും വേണമെന്നാണ് നാട്ടാകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.