സുൽത്താൻ ബത്തേരി: നാലുദിവസത്തോളം പൂതാടി പഞ്ചായത്തിലെ എടക്കാട് പ്രദേശത്തെ മുൾമുനയിൽ നിർത്തിയ കടുവ കൂട്ടിലായെങ്കിലും പ്രദേശവാസികളുടെ ആശങ്ക ഒഴിയുന്നില്ല. ഇനിയും വേറെ കടുവകൾ എത്തുമോ എന്ന പേടിയിലാണ് ജനം. എന്നാൽ, ‘തോൽപ്പെട്ടി17’ എന്ന കടുവ കൂട്ടിലായതിൽ ജനം ആശ്വാസത്തിലാണ്.
പൂതാടി പഞ്ചായത്തിന്റെ ഒരു ഭാഗം മുഴുവൻ ചെതലയം കാടിനോടുചേർന്നാണ് കിടക്കുന്നത്. ഈയൊരു സാഹചര്യമാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കടുവകൾ ഇടക്കിടെ എത്താൻ കാരണം. എടക്കാട് ആദ്യമായിട്ടാണ് കടുവ എത്തിയതെങ്കിലും ഇതിന്റെ സമീപപ്രദേശങ്ങളിലൊക്കെ കടുവ വന്നുപോയിട്ടുണ്ട്.
എടക്കാടുനിന്ന് ഏകദേശം 2 കിലോമീറ്റർ മാറി പൂതാടി അമ്പലത്തിനടുത്ത് കടുവ വന്നുപോയത് രണ്ടുമാസം മുമ്പാണ്. എടക്കാട്നിന്ന് ഏറെ അകലത്തിലല്ലാത്ത പാമ്പ്ര എസ്റ്റേറ്റ് കടുവകൾ ഇടക്കിടെ എത്തുന്ന ഭാഗമാണ്.
ചെതലയം കാട്ടിൽനിന്ന് പാമ്പ്ര വഴി പാപ്ലശ്ശേരി, ഗാന്ധിനഗർ, മൂടക്കൊല്ലി, മടൂർ, സിസി, വാകേരി എന്നിവിടങ്ങളിലേക്കൊക്കെ കടുവ പതിവായി എത്താറുണ്ട്. കടുവ എത്താതിരിക്കാൻ ശാശ്വതമായ പരിഹാരമാർഗം ഇല്ലാത്തതാണ് ജനത്തെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ വകേരിക്കടുത്ത് കൂടല്ലൂരിൽ പ്രജീഷ് എന്ന യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷം 10 ദിവസം കഴിഞ്ഞിട്ടാണ് നരഭോജിക്കടുവയെ കൂട്ടിലാക്കാൻ വനം വകുപ്പിന് സാധിച്ചത്.
മയക്കുവെടി വെക്കാൻ ഉത്തരവുണ്ടായിട്ടും ദിവസങ്ങളോളം കടുവയുടെ പുറകെ നടന്നതല്ലാതെ വെടിവെക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. പ്രജീഷ് കൊല്ലപ്പെട്ടതിനു ശേഷം നിരവധി വളർത്തുമൃഗങ്ങളും കൊല്ലപ്പെട്ടതോടെ ഭീകര അന്തരീക്ഷമാണ് മേഖലയിൽ അന്നുണ്ടായത്. ‘തോൽപ്പെട്ടി17’ എന്ന കടുവ മയക്കുവെടി വെക്കാതെ തന്നെ കൂട്ടിൽ കയറിയതിൽ വനംവകുപ്പാണ് ഏറെ ആശ്വസിക്കുന്നത്.
വാകേരി മേഖലയിൽ ഇടക്കിടെ വേറെവേറെ കടുവകളാണ് എത്തുന്നതെന്ന് നാട്ടുകാർപറയുന്നു. ഒരുമാസം മുമ്പ് മൂന്നാനകുഴിയിലെ കിണറിലാണ് ഒരു കടുവക്കുഞ്ഞ് വീണത്. പാമ്പ്ര എസ്റ്റേറ്റിൽ നിന്നും 2 കിലോമീറ്റർ അകലം മാത്രമാണ് മൂന്നാനക്കുഴിയിലേക്കുള്ളത്. ഇതിനടുത്താണ് കൽപ്പനയിലെ സ്വകാര്യ കാപ്പിതോട്ടം. വനം പോലെ കിടക്കുന്ന ഇവിടെ കടുവകൾക്ക് തങ്ങാനുള്ള അനുകൂല സാഹചര്യമാണുള്ളത്.
കൽപറ്റ: കേണിച്ചിറ-എടക്കാട് ഭാഗത്ത് കടുവ കൊന്ന പശുവിന്റെ ഉടമകൾക്ക് വനംവകുപ്പ് നഷ്ടപരിഹാരം നൽകി. തെക്കെപുന്നപ്പള്ളി ഫിലോമിന, കിഴക്കേൽ കുര്യക്കോസ് എന്നിവർക്ക് 30,000 രൂപയുടെ ചെക്കാണ് നൽകിയത്. കേണിച്ചിറ കുര്യക്കോസ്, ബെന്നി മാളിയേക്കൽ എന്നിവർക്കും സഹായധനം നൽകി. വാർഡ് അംഗം സുധീരന്റെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
പടിഞ്ഞാറത്തറ: സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിരവധി സന്ദർശകർ എത്തുന്ന ബാണാസുര സാഗർ അണക്കെട്ടിൽ കടുവ. കഴിഞ്ഞ ദിവസമാണ് കടുവ അണക്കെട്ടിലൂടെ നീന്തി കരക്കെത്തി ഓടിമറയുന്ന കാഴ്ച സന്ദർശകർ കണ്ടത്. ഇതിന്റെ വിഡിയോ ഏറെ പ്രചരിച്ചിരുന്നു. അതേസമയം, സന്ദർശകരോ പ്രദേശവാസികളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബോട്ട് സവാരിക്കിടെ വിനോദസഞ്ചാരികളാണ് ദിവസങ്ങൾക്ക് മുമ്പ് വിഡിയോ പകർത്തിയത്.
കുറ്റിയാംവയൽ ഫോറസ്റ്റിന് കീഴിൽവരുന്ന ചൂരാണി പാലത്തിനോട് ചേർന്ന സ്ഥലത്താണ് സംഭവം. ഡാം റിസർവോയറിനായി ഇ.എഫ്.എൽ ഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭാഗ്യലക്ഷ്മി എസ്റ്റേറ്റിന് സമീപത്തുെവച്ച് കണ്ട കടുവയുടെ വിഡിയോയാണിത്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെന്ന് ഡാം അധികൃതർ വ്യക്തമാക്കി.
അണക്കെട്ടിൽനിന്ന് കടുവ കയറിപ്പോയ സ്ഥലം ഡാമിന്റെ ബോട്ടിങ് തുടങ്ങുന്ന സ്ഥലത്ത് നിന്നും ഡാം റിസർവോയറിലൂടെ ഏകദേശം ഏഴ് കിലോമീറ്റർ മാറിയാണ്. ഈ പ്രദേശം ജനവാസമില്ലാത്തതാണ്. കടുവയും ആനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ് കരിങ്കണ്ണി കോളനി ഭൂമി. മുമ്പ് ഇവിടെ ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്നു. യാത്രാസൗകര്യം പോലും ഇല്ലാത്ത പ്രദേശമായതിനാൽ ഇവിടെ നിന്നും മുഴുവൻ കുടുംബങ്ങളേയും മുമ്പ് മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.