സുൽത്താൻ ബത്തേരി: വികസനമില്ലാതെ മുനിസിപ്പൽ സ്റ്റേഡിയം. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പരിതാപകരമായ അവസ്ഥയിലായിട്ട് വർഷങ്ങളായി.
രണ്ട് ഏക്കറോളം സ്ഥലത്താണ് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി സ്റ്റേഡിയമുള്ളത്. എട്ടുവർഷം മുമ്പ് നഗരസഭയിൽനിന്ന് ഒരു ഫുട്ബാൾ അക്കാദമി സ്റ്റേഡിയത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു. 10 വർഷത്തേക്കാണ് അവരുടെ കാലാവധി. ഇനി രണ്ടുവർഷം കൂടിയുണ്ട്.
നഗരസഭയുടെ വിവിധ ഭാഗങ്ങളിലുള്ള 25 ഓളം കുട്ടികളെ ഫുട്ബാൾ പഠിപ്പിക്കാമെന്ന ഉടമ്പടിയിലാണ് നഗരസഭ സ്റ്റേഡിയം അക്കാദമിക്ക് വിട്ടു കൊടുത്തത്. ഇതോടെ കുട്ടികളുടെ പരിശീലനവുമായി ബന്ധപ്പെട്ട് സ്റ്റേഡിയം അക്കാദമിയുടെ പൂർണ നിയന്ത്രണത്തിലാവുകയായിരുന്നു. അതോടെ ചുറ്റുമുതലിലുണ്ടാക്കി പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു.
സർക്കസ്, നഗരവുമായി ബന്ധപ്പെട്ട മേളകൾ എന്നിവയൊക്കെ മുമ്പ് സ്റ്റേഡിയത്തിലാണ് നടന്നിരുന്നത്. സ്റ്റേഡിയം അന്ന് നഗരത്തിലെ പ്രധാന സാംസ്കാരിക ഇടമായിരുന്നു. പെട്ടെന്നാണ് സ്റ്റേഡിയത്തിൽനിന്ന് പൊതുജനം ഒഴിയേണ്ട അവസ്ഥയുണ്ടായത്. രണ്ടേക്കർ വിസ്താരത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ സുൽത്താൻ ബത്തേരിയിൽ വേറെയില്ല.
ഫുട്ബാൾ അക്കാദമിയുമായി ബന്ധപ്പെട്ട ഉടമ്പടി അവസാനിക്കുന്ന മുറക്ക് നഗരസഭ സ്റ്റേഡിയത്തിൽ കൂടുതൽ വികസനങ്ങൾ നടത്തുമെന്ന് ഡിവിഷൻ കൗൺസിലറും നഗരസഭ വൈസ് ചെയർപേഴ്സനുമായ എൽ.സി. പൗലോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.