സുൽത്താൻബത്തേരി: നഗരത്തിലെത്തുന്ന യാത്രക്കാർ ഇടവും വലവും ശ്രദ്ധിച്ചുവേണം നടക്കാൻ. എവിടെ നിന്നാണ് തെരുവുനായ് ചാടി വീഴുക എന്ന് പറയാനാവില്ല. അത്ര രൂക്ഷമാണ് സുൽത്താൻബത്തേരിൽ തെരുവുനായ് ശല്യം. അസംപ്ഷൻ -ഗാന്ധി ജങ്ഷനുകൾ, ചുങ്കം, കോട്ടക്കുന്ന്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ടൗൺ സ്ക്വയറിന് സമീപം, കരിവള്ളിക്കുന്ന് മാലിന്യ കേന്ദ്രം എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.
കൂട്ടമായും ഒറ്റക്കും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ വിദ്യാലയങ്ങളിലേക്ക് നടന്നുപോകുന്ന കുട്ടികൾ, വിവിധ ആവശ്യങ്ങൾക്ക് ടൗണിലെത്തുന്ന കാൽനടയാത്രക്കാർ എന്നിവർക്ക് വലിയ ശല്യമാണ്. ടൗണിൽ പരസ്പരം പോരടിക്കുന്ന തെരുവുനായ് കൂട്ടങ്ങളും യാത്രക്കാർക്ക് ഭീഷണിയാണ്. ഇത്തരത്തിൽ കടിപിടി കൂടുന്ന തെരുവുനായ്ക്കൾ പെട്ടെന്ന് വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് അപകടം വരുത്തിവെക്കും. നഗരത്തിലെ ചില ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ തെരുവുനായ്ക്കൾ തമ്പടിക്കുന്നത് പതിവു കാഴ്ചയാണ്. റോഡു മുറിച്ച് കടക്കുമ്പോൾ തെരുവുനായ്ക്കൾ കാൽനടയാത്രക്കാരുടെ പുറകെ ഓടിയെത്തുന്നതും നിത്യ സംഭവമാണ്.
രണ്ടു മാസം മുമ്പ് തെരുവുനായ് നിരവധി ആളുകളെ കടിച്ച സംഭവമുണ്ടായി. പിന്നീട് മണിച്ചിറ ഭാഗത്തുനിന്ന് നായെ പിടികൂടുകയായിരുന്നു. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് എണ്ണം നിയന്ത്രിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. അതിന് യാതൊരു നടപടിയുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.