സുൽത്താൻ ബത്തേരി: തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിലേക്ക് കോളിമൂല വഴിയുള്ള ബസ് സർവിസ് ബത്തേരിയിൽനിന്ന് നിർത്തലാക്കിയത് ജനത്തെ ദുരിതത്തിലാക്കുന്നു. ഒരു വർഷത്തിലേറെയായി സർവിസ് നിർത്തിയിട്ട്. ഓടുന്ന സമയത്ത് നല്ല കലക്ഷനുണ്ടായിട്ടും സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി അധികൃതരുടെ പിടിപ്പുകേടാണ് സർവിസ് നിർത്തലാക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
സുൽത്താൻ ബത്തേരിയിൽനിന്ന് പുറപ്പെടുന്ന ബസ് ചുള്ളിയോട് അഞ്ചാംമൈലിൽനിന്നും തിരിഞ്ഞ് കുറുക്കൻകുന്ന്, കോളിമൂല, മാങ്ങോട് വഴിയാണ് അയ്യൻകൊല്ലിയിൽ എത്തിയിരുന്നത്. തമിഴ്നാട്ടിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് സുൽത്താൻ ബത്തേരിയുമായി എളുപ്പത്തിൽ ബന്ധപ്പെടുന്നതിനും തിരിച്ചും ഈ സർവിസ് ഏറെ ഉപകാരപ്പെട്ടിരുന്നു. ബസ് സർവിസ് തുടങ്ങിയപ്പോൾ കോളിമൂലയിൽ വലിയ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. സുൽത്താൻ ബത്തേരിയിൽനിന്ന് ഒരു സ്വകാര്യ ബസും മാങ്ങോട് വഴി ഓടിയിരുന്നു. അന്തർ സംസ്ഥാന പെർമിറ്റിന്റെ നൂലാമാലകൾ പറഞ്ഞ് ഗൂഡല്ലൂർ ആർ.ടി.ഒ ഈ സ്വകാര്യ ബസ് പിടിച്ചെടുത്തു. അപ്പോഴും കെ.എസ്.ആർ.ടി.സി ജനത്തിന് ആശ്രയമായിരുന്നു.
ചുള്ളിയോട് നിന്നും കോളിമൂല, മാങ്ങോട്, അമ്പലമൂല തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ ഇപ്പോൾ വാഹന സൗകര്യമില്ലാതെ ദുരിതത്തിലാണ്. നാലുവർഷം മുമ്പ് വരെ ചുള്ളിയോടുനിന്ന് കോളിമൂല കവല വരെ ടാക്സി ജീപ്പുകൾ ലോക്കൽ സർവിസ് നടത്തിയിരുന്നു. കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയതോടെ ജീപ്പുകൾ ലോക്കൽ സർവിസ് അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയപ്പോൾ വീണ്ടും പുനരാരംഭിച്ചുമില്ല. ചുള്ളിയോട് നിന്നും ഇപ്പോൾ ടാക്സി വാഹനങ്ങളെ ആശ്രയിച്ച് പോകുന്നവർക്ക് കോളിമൂലയിൽനിന്ന് കാൽനടയാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. കോളിമൂല ചെക്ക് പോസ്റ്റ് വരെ മാത്രമേ കേരള വാഹനങ്ങൾക്ക് പോകാനാകൂ.
കെ.എസ്.ആർ.ടി.സി ഓടിയിരുന്നപ്പോൾ ഇത്തരം ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലെ അയ്യൻകൊല്ലിയിൽനിന്ന് സുൽത്താൻ ബത്തേരിക്ക് ഏറ്റവും ദൂരം കുറഞ്ഞ റോഡാണ് കോളിമൂല, അഞ്ചാംമൈൽ വഴി. അയ്യൻകൊല്ലിയിൽനിന്ന് സുൽത്താൻ ബത്തേരിയിലെ ആശുപത്രികളിലേക്ക് മാത്രമായി ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവരെല്ലാം വളരെ പ്രയാസപ്പെട്ടാണ് യാത്ര ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.