സുൽത്താൻ ബത്തേരി: മുനിസിപ്പാലിറ്റിയിലെ പഴേരി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി എസ്. രാധാകൃഷ്ണന് അട്ടിമറി വിജയം. 112 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ എം.കെ. മനോജിനെ തോൽപിച്ചത്. യു.ഡി.എഫിെൻറ സിറ്റിങ് ഡിവിഷനിലാണ് എൽ.ഡി.എഫിെൻറ കടന്നുകയറ്റം.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 96 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോൺഗ്രസ് സ്ഥാനാർഥി എം.എസ്. വിശ്വനാഥന് ലഭിച്ചത്.
അന്നും ഇടതുപക്ഷം ഗോദയിലിറക്കിയത് രാധാകൃഷ്ണനെയായിരുന്നു. തോറ്റ സ്ഥാനാർഥിയെ ഒരിക്കൽകൂടി മത്സരിപ്പിച്ച സി.പി.എം തന്ത്രത്തെ നിസ്സാരമായി കണ്ട യു.ഡി.എഫിന് കനത്ത തിരിച്ചടിയാണുണ്ടായത്.35 ഡിവിഷനുള്ള സുൽത്താൻ ബത്തേരി നഗരസഭയിൽ എൽ.ഡി.എഫിന് 24 അംഗങ്ങളായി.യു.ഡി.എഫിന് പത്തും ഒരു സ്വതന്ത്രനുമുണ്ട്.
പാഠം പഠിക്കാതെ യു.ഡി.എഫ്
സുൽത്താൻ ബത്തേരി: തോൽവികളിൽനിന്നുള്ള പാഠം ഉൾക്കൊള്ളാതെ സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫ്. പഴേരിയിലും തോറ്റതോടെ മുനിസിപ്പാലിറ്റിയിൽ ഇനിയൊരു തിരിച്ചുവരവ് യു.ഡി.എഫിന് സാധിക്കുമോയെന്ന ചോദ്യമാണ് വിവിധ കോണുകളിൽനിന്നും ഉയരുന്നത്. സുൽത്താൻ ബത്തേരി നഗരസഭയിലെ പഴേരി വാർഡ് യു.ഡി.എഫ് കോട്ടയായാണ് അറിയപ്പെടുന്നത്. യു.ഡി.എഫ് ആരെ നിർത്തിയാലും ജയിക്കുമെന്നതിനാൽ പഴേരിക്ക് എൽ.ഡി.എഫ് വലിയ പ്രാധാന്യം കൊടുക്കാറില്ലായിരുന്നു.
ഇത്തവണയും വിജയ പ്രതീക്ഷയില്ലായിരുന്നുവെങ്കിലും ഒത്തൊരുമയോടെ പ്രചാരണം നടത്താൻ എൽ.ഡി.എഫിനായി. അമിത ആത്മവിശ്വാസമാണ് യു.ഡി.എഫിനു വിനയായത്. വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്ന് പ്രചാരണം നടത്താൻ അവർക്കായില്ല. സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണ് എൽ.ഡി.എഫിെൻറ പഴേരിയിലെ വിജയത്തിനു കാരണമെന്നാണ് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി വിലയിരുത്തൽ. അതുകൊണ്ടാണ് ബി.ജെ.പി അവിടെ സ്ഥാനാർഥിയെ നിർത്താത്തതെന്നും മണ്ഡലം കമ്മിറ്റി പറയുന്നു.
സുൽത്താൻ ബത്തേരി മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം, യു.ഡി.എഫിനെതിരെ പറഞ്ഞ അതേ ആക്ഷേപം പഴേരിയുടെ കാര്യത്തിൽ കോൺഗ്രസ് തിരിച്ചു പ്രയോഗിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് കോട്ട തകർത്തായിരുന്നു എൽ.ഡി.എഫ് 23 സീറ്റുകൾ നേടിയത്. പഞ്ചായത്തായിരുന്നപ്പോൾ യു.ഡി.എഫ് പതിറ്റാണ്ടുകൾ തുടർച്ചയായി ഭരണം നടത്തിയ ചരിത്രം സുൽത്താൻ ബത്തേരിക്കുണ്ട്.പഴേരികൂടി കിട്ടിയതോടെ മുനിസിപ്പാലിറ്റിയിലെ എൽ.ഡി.എഫ് കെട്ടുറപ്പ് ഒന്നുകൂടി വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.