സുൽത്താൻ ബത്തേരി: പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ കെട്ടിടം വെറുതെ കിടക്കുമ്പോൾ പാഴായിപ്പോകുന്നത് ലക്ഷങ്ങൾ. നഗരത്തിൽ ചുള്ളിയോട് റോഡിന്റെ അരികത്താണ് കോടികൾ വിലമതിക്കുന്ന സ്ഥലവും കെട്ടിടവുമുള്ളത്.
രാത്രി ഇവിടെ സാമൂഹികവിരുദ്ധർ തവളമാക്കുന്നതായും ആക്ഷേപമുണ്ട്. അരയേക്കറോളം സ്ഥലമാണ് നിരത്തു വിഭാഗത്തിന് ഇവിടെയുള്ളത്. ടാറും റോഡ് പണിയുമായി ബന്ധപ്പെട്ട മറ്റു സാധനങ്ങളും സൂക്ഷിക്കുകയാണ് ഇവിടം. നിരത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് താമസിക്കുകയും ചെയ്യാം.
ഒരു വർഷം മുമ്പ് വരെ ഇവിടെ ഉദ്യോഗസ്ഥർ താമസിച്ചിരുന്നു. അന്ന് കെട്ടിടം മോടി പിടിപ്പിക്കാൻ 20 ലക്ഷത്തിലേറെ മുടക്കി. കെട്ടിടത്തിൽ താമസിക്കാൻ ചില ഉദ്യോഗസ്ഥർ അപേക്ഷ നൽകിയതായാണ് വിവരം. ഉദ്യോഗസ്ഥർ താമസിച്ചാൽ അവർക്ക് മാസാമാസം വീട്ടുവാടക ഇനത്തിൽ കൊടുക്കുന്ന തുക സർക്കാറിന് ലാഭിക്കാൻ കഴിയും. കെട്ടിടത്തിന്റെ കറണ്ട് ബില്ലും അവരിൽ നിന്ന് ഈടാക്കാനാകും. കെട്ടിടത്തോടനുബന്ധിച്ച കിണറിൽ മോട്ടോർ ഫിറ്റ് ചെയ്യേണ്ടതുണ്ട്.
വലിയ കുടുംബത്തിന് കഴിയാനുള്ള സൗകര്യമാണ് കെട്ടിടത്തിലുള്ളത്. ഇതര സംസ്ഥാനക്കാരായ ചില തൊഴിലാളികൾ ഇവിടെ താമസിച്ചതായി പരിസരവാസികൾ പറയുന്നു.
അവർ പോയതിന് ശേഷം കെട്ടിടം അടഞ്ഞു കിടക്കുകയാണ്. പരിസരം കാട് പിടിച്ചു നശിക്കുകയാണ്. പഴയൊരു റോളർ തുരുമ്പെടുത്ത് കിടക്കുന്നുണ്ട്. കെട്ടിടം നിരത്ത് വിഭാഗത്തിന്റേതാണെന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള ബോർഡോ മറ്റ് സൂചനകളോ ഇവിടെയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.