സുൽത്താൻ ബത്തേരി: വനവിസ്തൃതിയുടെ ശേഷിയേക്കാൾ വന്യമൃഗങ്ങൾ പെരുകിയിട്ടും അവ മനുഷ്യനെയും വളർത്തുമൃഗങ്ങളെയും കൊലപ്പെടുത്തിയിട്ടും കൃഷിനശിപ്പിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് രൂപത ബിഷപ് ജോസഫ് മാർ തോമസ്.
ഇനിയും മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടാൽ വന്യമൃഗങ്ങളെ നേരിടാൻ ജനങ്ങൾ നിർബന്ധിതരായിത്തീരുമെന്നും അതിന് കർഷകരെ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വന്യമൃഗ ശല്യത്തിനും കരുതൽ മേഖലക്കുമെതിരെ വിവിധ ആവശ്യങ്ങളുന്നയിച്ച് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന തല പ്രക്ഷോഭ പരമ്പരക്ക് തുടക്കമിട്ടുള്ള ഉപവാസ സമരത്തിന്റെ ഉദ്ഘാടനം സ്വതന്ത്ര മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ വികാരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സർക്കാറുകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നരഭോജി മൃഗങ്ങളെ വെടിവച്ചു കൊല്ലുക, മൃഗങ്ങളുടെ എണ്ണം വനത്തിനനുസരിച്ച് നിജപ്പെടുത്തുക, കൃഷിനശിപ്പിക്കുന്നതിന് മതിയായ നഷ്ടപരിഹാരം നൽകുക, വന്യമൃഗാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കരുതൽമേഖല വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
ഫാർമേഴ്സ് റിലീഫ് ഫോറം സംസ്ഥാന ചെയർമാൻ ബേബി സക്കറിയാസ് അധ്യക്ഷത വഹിച്ചു. ആർ.കെ.എം.എസ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടന നേതാക്കളായ ഡോ. ജോസുകുട്ടി ഒഴുകയിൽ, പി.എം. ജോയി, അഡ്വ. ജോൺ ജോസഫ്, മാർട്ടിൻ തോമസ്, എൻ.ജെ. ചാക്കോ, വി.പി. വർക്കി, പി. പ്രഭാകരൻ നായർ, ടി.പി. അഷ്റഫ്, അഡ്വ. തങ്കച്ചൻ മുഞ്ഞനാട്ട്, ജെയിംസ് മാക്കൽ, ജിൽസ് മേക്കൽ, തോമസ് പാഴൂക്കാല, ടി.കെ. ഉമ്മർ, ശരൺദേവ്, ഇബ്രാഹീം തെങ്ങിൽ, എ.എൻ. മുകുന്ദൻ, പി.എം. ജോർജ് എന്നിവർ സംസാരിച്ചു. ഉപവാസത്തിന്റെ സമാപന സമ്മേളനം ജോബിൾ വടാശ്ശേരിയുടെ അധ്യക്ഷതയിൽ ആർ.കെ.എം.എസ് നാഷനൽ കോഓഡിനേറ്റർ അഡ്വ. കെ.വി. ബിജു ഉദ്ഘാടനം ചെയ്തു.
എ.സി. തോമസ്, അഡ്വ. പി.ജെ. ജോർജ്, കെ.കെ. ജേക്കബ്,ജോൺസൻ കുറ്റ്യാനി മറ്റത്തിൽ, വി.എൻ. രാജൻ, സി.യു. ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.