സുൽത്താൻ ബത്തേരി: രണ്ടുദിവസം സുൽത്താൻ ബത്തേരി മേഖലയെ ഭീതിയിലാക്കിയ തെരുവുനായെ പിടികൂടി. വെള്ളിയാഴ്ച മൂന്നോടെയാണ് നായെ പൂമല ഭാഗത്തുനിന്ന് പിടിച്ചത്. രണ്ടുദിവസം കൊണ്ട് 16 പേരെയാണ് ഈ നായ് ആക്രമിച്ചത്.
വ്യാഴാഴ്ച പത്തോളം പേരെയാണ് കടിച്ചത്. വെള്ളിയാഴ്ചയും ഇത് ആവർത്തിക്കപ്പെട്ടു. നായെ പിടിക്കാൻ കഴിയാത്തതിൽ മുനിസിപ്പാലിറ്റി അധികൃതർക്കെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. തുടർന്ന് മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശിന്റെ നേതൃത്വത്തിൽ മറ്റ് കൗൺസിലർമാരും നായെ പിടിക്കാൻ വിവിധ പ്രദേശങ്ങളിലെത്തിയെങ്കിലും പിടികൂടാനായില്ല.
മാവാടി, മണിച്ചിറ, പൂമല, കല്ലുവയൽ എന്നീ പ്രദേശങ്ങളിലൂടെ ഓടിയ നായ് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കാൻ ഓടിയടുത്തു. പലരും തലനാരിഴക്കാണ് ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. തുടർന്ന് നായ് പിടിത്തത്തിൽ വിദഗ്ധനായ പിണങ്ങോട് സ്വദേശി താഹിറും സഞ്ജിത്തും വലയിൽ കുടുക്കുകയായിരുന്നു. കടിയേറ്റവർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, മുനിസിപ്പാലിറ്റിയിലെ നായ്ശല്യത്തിനെതിരെ ജനരോഷം ശക്തമാണ്. നഗരത്തിൽ ബസ് സ്റ്റാൻഡുകളിൽ പോലും നായ്ക്കൾ ചുറ്റിത്തിരിയുന്നത് കാണാം. ചുങ്കത്തെ മത്സ്യ- മാംസ മാർക്കറ്റ്, കോട്ടക്കുന്ന് കോളജ് റോഡ് എന്നിവിടങ്ങളിൽ പത്തോളം നായ്ക്കൾ കൂട്ടമായാണ് സഞ്ചരിക്കുന്നത്. കരിവള്ളിക്കുന്ന് മാലിന്യ കേന്ദ്രത്തിന്റെ പരിസരത്ത് തങ്ങുന്ന ഏതാനും നായ്ക്കൾ ചിലനേരങ്ങളിൽ സുൽത്താൻ ബത്തേരി നഗരത്തിലും എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.