സുൽത്താൻ ബത്തേരി: നഗരത്തിന് സമീപം ഊട്ടി റോഡരികിൽ ടൂറിസം വകുപ്പിന്റെ ഗെസ്റ്റ് ഹൗസ് നിർമാണം ഇനിയും പൂർത്തിയായില്ല. 14 വർഷങ്ങളാണ് പിന്നിട്ടത്. ഇനി എന്ന് പൂർത്തിയാകുമെന്ന് ചോദിച്ചാൽ അധികൃതർക്ക് ഇപ്പോഴും ഉത്തരമില്ല. 2010ൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഗെസ്റ്റ് ഹൗസിന് തറക്കല്ലിട്ടത്. നക്ഷത്ര ഹോട്ടൽ എന്ന് തോന്നുന്ന വിധം 5 നിലകളിലാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. 52 മുറികൾ, 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, നാല് സ്യൂട്ട് റൂമുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടും. നിർമാണം തുടങ്ങി അധികം താമസിക്കാതെ മുൻവശത്തെ സ്വീകരണ മുറിയോട് അനുബന്ധിച്ചുള്ള ഹാളിന്റെ മേൽക്കൂര ഇടിഞ്ഞു വീണു. തുടർന്ന് പിന്നീടുള്ള നിർമാണം താളം തെറ്റുകയായിരുന്നു.
16 കോടിയോളം രൂപയാണ് ഇക്കാലയളവിൽ ഗസ്റ്റ് ഹൗസിന്റെ നിർമാണ പ്രവൃത്തികൾക്കായി ചെലവഴിച്ചത്. പുതിയ കെട്ടിടത്തിന്റെ നിർമാണം ഏറ്റെടുത്തത് കിറ്റ്കോയാണ്. പഴയ കെട്ടിടം നവീകരിക്കുന്നത് നിർമിതി കേന്ദ്രവും. പഴയ കെട്ടിടത്തിന്റെ നവീകരണം ഏറെക്കുറെ പൂർത്തിയായി വരുന്നുണ്ട്. എന്നാൽ വിരലിലെണ്ണാവുന്ന തൊഴിലാളികളെ ഇപ്പോഴുമുള്ളു. പദ്ധതികൾ നടപ്പാക്കിയില്ലെങ്കിലും വളപ്പിലെ കാടെങ്കിലും വെട്ടിത്തെളിച്ചുകൂടേയെന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. കെട്ടിടവും പരിസരവും ഇപ്പോൾ വനം പോലെയാണ് കിടക്കുന്നത്. പൂട്ടിപ്പോയ പഴയ ബിയർപാർലർ കെട്ടിടവും അഞ്ചേക്കറിനുള്ളിലുണ്ട്. കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയായിരുന്നുവെങ്കിൽ സർക്കാറിന് ഇതിനോടകം കോടികൾ ലാഭം ഉണ്ടാകുമായിരുന്നു. പുതിയ കെട്ടിടത്തിന് ആദ്യ എസ്റ്റിമേറ്റിൽ 11 കോടി 25 ലക്ഷമായിരുന്നു വകയിരുത്തിയിരുന്നത്. നിർമാണം നീണ്ടതോടെയാണ് അത് 16 കോടിയാക്കിയത്. കെട്ടിട നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നേരത്തെ നടന്നിരുന്നുവെങ്കിൽ വാടകയിനത്തിലും ഇതിനോടൊകം നല്ലൊരു തുക ലഭിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.