സുൽത്താൻ ബത്തേരി: മീനങ്ങാടിയിൽ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി തുടങ്ങാൻ ഉദ്ദേശിച്ച ജിംനേഷ്യത്തിലേക്കുള്ള ഉപകരണങ്ങൾ ലൈബ്രറിയിൽ വെറുതെ കിടക്കുന്നു. ഫണ്ടിന്റെ അഭാവവും കൂടുതൽ ഉപകരണങ്ങളെത്താത്തതുമാണ് ജിംനേഷ്യം തുടങ്ങാൻ തടസ്സമായിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മീനങ്ങാടി പഞ്ചായത്ത് ലൈബ്രറിയിലാണ് വനിത ജിംനേഷ്യത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഏകദേശം നാലു മാസത്തിലേറെയായി ഉപകരണങ്ങൾ ഇവിടെ കൊണ്ടുവന്നിട്ട്.
പ്ലാസ്റ്റിക് കൂട്ടിൽ പൊതിഞ്ഞ് ലൈബ്രറി ഹാളിന്റെ വിവിധ ഭാഗങ്ങളിലായി ഇത് അലസമായി ഇട്ടിരിക്കുകയാണ്. ലൈബ്രറി ഹാളിനോട് ചേർന്നുള്ള ഹാളിലാണ് ജിംനേഷ്യം തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ആ ഭാഗത്ത് കുടുംബശ്രീ- ഹരിത സേനയുമായി ബന്ധപ്പെട്ട ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. രണ്ടു മാസത്തിലേറെയായി പുതിയ ലൈബ്രറി കെട്ടിടം പണി തൊട്ടടുത്തുള്ള പഞ്ചായത്ത് സ്റ്റേജിന്റെ മുകളിൽ പുരോഗമിക്കുകയാണ്. ഇവിടേക്ക് ലൈബ്രറി മാറ്റുന്ന മുറക്ക് ലൈബ്രറി ഹാളിൽ ജിംനേഷ്യത്തിനുള്ള സൗകര്യമുണ്ടാവും. കൂടുതൽ ഉപകരണങ്ങളും അതോടെ എത്തുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലാണ് ജിംനേഷ്യത്തിനായി തുക വകയിരുത്തിയതെന്ന് മീനങ്ങാടി പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ബേബി വർഗീസ് പറഞ്ഞു. എന്നാൽ, ട്രഷറിയിൽ തടസങ്ങളുണ്ടായതോടെ പദ്ധതി സ്പിൽ ഓവറായി. ഈ സാമ്പത്തിക വർഷ അവസാനത്തോടെ എല്ലാം പരിഹരിക്കും. ജിംനേഷ്യത്തിലേക്ക് ആവശ്യമായ കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.