സുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിലെ താഴമുണ്ട വാർഡിലെ അരിമുള പാൽനട കോളനിയിലെ കിണർ വറ്റിയതോടെ കുടിവെള്ളത്തിനായി കോളനിക്കാർ നെട്ടോട്ടമോടുന്നു. പഞ്ചായത്ത് അധികാരികൾ കോളനിയിലേക്ക് തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധിച്ച് ഇത്തവണ ലോകസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ കോളനിക്കാർ തീരുമാനിച്ചു. കോളനിയിൽ ഒന്നര പതിറ്റാണ്ട് മുമ്പ് നിർമിച്ച കിണറാണ് ഇപ്പോൾ വറ്റിയത്. ഏറെ ദൂരം സഞ്ചരിച്ച് തലച്ചുമടായി കുടിവെള്ളം കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഈ രീതിയിൽ പോവുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തങ്ങളെ മാറ്റണമെന്നാണ് കോളനിക്കാരുടെ ആവശ്യം. ഒമ്പത് വീടുകളിലായി 13 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വാസയോഗ്യമായ വീടുകളോ ശുചിമുറികളോ ഇല്ലാത്തതിന് പുറമേയാണ് കുടിവെള്ളക്ഷാമവും. പ്രാഥമിക ആവശ്യങ്ങൾക്ക് കോളനിക്കാർ ആശ്രയിക്കുന്നത് തൊട്ടടുത്തുള്ള അരിമുള പുഴയെയാണ്. എസ്റ്റേറ്റുകളിലേക്ക് അനിയന്ത്രിതമായി ജലമൂറ്റുന്നതിനാൽ പുഴയിലും വെള്ളം തീരെ കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച കലവും ചട്ടിയുമായി പൂതാടി പഞ്ചായത്തിലേക്ക് പോകാനാണ് കോളനിക്കാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.