വൈത്തിരി: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പൂക്കോട് തടാകത്തിൽ കോടിക്കണക്കിനു രൂപ ചെലവഴിച്ചു നീക്കിയ ചളി എവിടെയെന്ന ചോദ്യത്തിനുത്തരമില്ല. 'നീക്കം ചെയ്ത പായൽ' മാസങ്ങൾകൊണ്ട് ഉയർന്നുവന്നു. തടാകത്തിന്റെ പടിഞ്ഞാറേ ഭാഗം നിറഞ്ഞുനിൽക്കുന്ന രീതിയിൽ പായൽ പൂവിട്ടു. ചളിവാരലും പായൽനീക്കലുമടക്കമുള്ള പ്രവൃത്തികൾ വിവാദമുയർത്തിയ സാഹചര്യത്തിൽ വസ്തുതാ പരിശോധക സംഘം തടാകത്തിലെത്തി തെളിവെടുപ്പ് നടത്തി.
ഒരു കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് ഏതാനും മാസം മുമ്പ് തടാകത്തിലെ ചളിയും പായലും വാരിയത്. സ്വകാര്യ വ്യക്തിക്കായിരുന്നു കരാർ ലഭിച്ചത്. തടാകത്തിന്റെ വിസ്തൃതി വർധിപ്പിക്കാൻ വേണ്ടിയാണ് ചളി വാരിയതെന്നാണ് പറയുന്നത്. ഒമ്പതു മീറ്റർ വിസ്തൃതിയിലും ഒരു മീറ്റർ ആഴത്തിലും ചളി കോരിയിട്ടുണ്ടെന്നു പറയുമ്പോഴും ഈ ടൺകണക്കിന് ചളി എവിടെയെന്ന ചോദ്യം ബാക്കിയാണ്. കോരിയ ചളി നല്ലൊരു പങ്കും തടാകക്കരയിൽതന്നെ നിക്ഷേപിച്ചതുമൂലം വീണ്ടും അത് തടാകത്തിലേക്ക് ഒലിച്ചിറങ്ങി.
തടാകത്തിനു ചുറ്റുമുള്ള കട്ടപതിച്ച റോഡ് ഹിറ്റാച്ചിയും മറ്റു വാഹനങ്ങളും കയറിയിറങ്ങി നടക്കാൻപോലുമാകാത്തവിധം തകർന്ന അവസ്ഥയിലാണ്.
ഇതുവരെ നന്നാക്കിയിട്ടില്ല. നേരത്തേ ഇതുവഴി സജീവമായിരുന്ന സൈക്ലിങ് ഇതോടെ നിലച്ചിരിക്കുകയാണ്. തടാകത്തിൽ നേരത്തേ ഉപയോഗിച്ചിരുന്ന ബോട്ടുകളാണ് ഇപ്പോൾ പായൽ വാരാൻ കരാറുകാരന് കൊടുത്തത്. തടാകം മാനേജർ അറിയാതെയാണത്രെ ഇവ കരാറുകാരന് തുച്ഛമായ വാടകക്ക് നൽകിയിരിക്കുന്നത്. ഉപയോഗിക്കാത്ത ബോട്ടുകളാണ് ഇങ്ങനെ നല്കിയിട്ടുള്ളതെന്നാണ് ഡി.ടി.പി.സി ഉദ്യോഗസ്ഥർ പറഞ്ഞത്. ആറു മാസ കാലയളവിൽത്തന്നെ പായൽ നീക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പായൽ കോരിയെടുത്തത് നീക്കുന്നതിന്റെ കാലാവധി ആറു മാസമാണ്. പായൽ പോയാലും ഇല്ലെങ്കിലും ഈ കാലാവധി കഴിഞ്ഞാൽ കരാറുകാരന് പോകാം.
ടൂറിസം വകുപ്പിന്റെ തിരുവനന്തപുരത്തുനിന്നുള്ള മൂന്ന് ഉയർന്ന ഉദ്യോഗസ്ഥരും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അനിത, കരാറുകാരന് ടെൻഡർ നല്കുമ്പോഴത്തെ ഡി.ടി.പി.സി സെക്രട്ടറി ആനന്ദ്, ഫണ്ട് നൽകിയ സെക്രട്ടറി സലീം, ഡി.ടി.പി.സി സെക്രട്ടറി അജേഷ്, പ്രോജക്ട് മാനേജർ രതീഷ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.