തൊഴിലാളികൾക്ക് വേതനമില്ല ; അധികൃതർക്ക്​ ഊരുചുറ്റാൻ ലക്ഷങ്ങളുടെ വാഹനം

മാനന്തവാടി: ദിവസവേതനം ഉൾപ്പെടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വരുമാനമില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഊരുചുറ്റാൻ ലക്ഷങ്ങൾ ചെലവഴിച്ച്​ പുത്തന്‍ വാഹനം.

ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാണ് (ഡി.ടി.പി.സി) ഈ ധൂർത്ത്​. കോവിഡ് പ്രതിസന്ധികാലത്ത് 13 ലക്ഷത്തോളം രൂപ വില വരുന്ന വാഹനമാണ്​ ഉദ്യോഗസ്ഥർക്കുവേണ്ടി ഇറക്കിയത്. ഡി.ടി.പി.സിയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്​. നൂറുകണക്കിന് ജീവനക്കാരുടെ കൂലി പകുതിയായി ഇതിനകം വെട്ടിക്കുറച്ചു.

സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ടു. ടൂറിസം കേന്ദ്രങ്ങളിലെ നവീകരണപ്രവൃത്തികൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിര്‍ത്തിവെച്ചു. സ്ഥിരം ജീവനക്കാരുടെ ഡി.എ കുടിശ്ശിക നല്‍കിയിട്ടില്ല. 24 വര്‍ഷത്തോളം സേവനം ചെയ്ത്​ പിരിഞ്ഞവര്‍ക്ക് ആനുകൂല്യങ്ങൾ കുടിശ്ശികയുണ്ട്​.

നിലവില്‍ ഓഫിസ് കാര്യങ്ങള്‍ക്ക് രണ്ടും, എടക്കല്‍, കുറുവ ദ്വീപ്​ എന്നിവിടങ്ങളില്‍ ഓരോന്നും വാഹനമുണ്ടെന്നിരിക്കെയാണ് അഞ്ചാമത്തെ വാഹനം വാങ്ങിയത്.

വനമേഖലയിൽ ഡി.ടി.പി.സി നടത്തുന്ന ടൂറിസം ചട്ടലംഘനമാണെന്ന്​ പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടിയതോടെ കാടുകയറിയുള്ള വിനോദസഞ്ചാരവും പ്രതിസന്ധിയിലാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.