തിരൂര്‍: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് തിരൂര്‍ നിയമസഭ മണ്ഡലം. 1957 മുതലുള്ള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് ലീഗിന്റെ പൊന്നാംപുരം കോട്ടയായ തിരൂരില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം നേടാനായത്. 2006ലായിരുന്നു ലീഗ് കോട്ടയില്‍ വിള്ളലുണ്ടാക്കി സി.പി.എമ്മിന്റെ പി.പി. അബ്ദുല്ലക്കുട്ടി ചരിത്ര വിജയം നേടിയത്. ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ 8,680 വോട്ടുകള്‍ക്കായിരുന്നു അബ്ദുല്ലക്കുട്ടിയുടെ വിജയം. എന്നാല്‍, സി. മമ്മുട്ടിയിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യു.ഡി.എഫ് അട്ടിമറി തോല്‍വിക്കു ശേഷമുള്ള മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും വിജയിച്ച് ഹാട്രിക്ക് പൂര്‍ത്തിയാക്കി. പക്ഷേ, ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാക്കാന്‍ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. 2011ല്‍ 23,566 വോട്ടിന്റെ ഭൂരിപക്ഷത്തില്‍നിന്ന് 2021ല്‍ 7,214 വോട്ടിലേക്ക് വിജയ മാര്‍ജിന്‍ കുറയ്ക്കാനായത് എല്‍.ഡി.എഫിന് മണ്ഡലത്തിലുണ്ടായ സ്വാധീനം എടുത്തുകാണിക്കുന്നതാണ്.
മുസ്ലിം ലീഗിന്റെ ഗ്ലാമര്‍ മുഖങ്ങളിലൊന്നായ എം.പി. അബ്ദുസ്സമദ് സമദാനിയെയാണ് ഇത്തവണ പൊന്നാനി പാർലമെന്റ് മണ്ഡലം നിലനിര്‍ത്താന്‍ യു.ഡി.എഫ് കളത്തിലിറക്കിയിട്ടുള്ളത്. കെ.എസ്. ഹംസയെന്ന പഴയ ലീഗുകാരനിലൂടെ ഇത്തവണ അദ്ഭുതം കാണിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. നിവേദിത സുബ്രഹ്മണ്യനാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. ജനപ്രീതിയും ബഹുഭാഷാപാണ്ഡിത്യവും ലോക്സഭ, രാജ്യസഭ അംഗമെന്ന നിലയിലെ പ്രവര്‍ത്തന പരിചയവും സമദാനിയെ തുണക്കുമെന്ന വിലയിരുത്തലിലാണ് ലീഗ്. മണ്ഡലത്തില്‍ ചെറിയ തോതിലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയും യു.ഡി.എഫിന് നേട്ടമാവും.
എം.പിയെന്ന നിലയിൽ തിരൂർ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പൊലീസ് ലൈൻ-മുത്തൂർ-പൊന്മുണ്ടം ബൈപ്പാസ് വിഷയത്തിലെ ഇ.ടിയുടെ ഇടപെടലും തിരൂരിലെ രണ്ട് മേൽപാലങ്ങൾ യാഥാർഥ്യമാക്കുന്നതിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ നടത്തിയ ഇടപെടലും തെരഞ്ഞെടുപ്പിൽ തുണക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു. അതേസമയം, പതിവിന് വിപരീതമായി പാര്‍ട്ടി ചിഹ്നത്തിലാണ് കെ.എസ്. ഹംസയെ സി.പി.എം മത്സര രംഗത്തിറക്കിയിരിക്കുന്നത്. മുന്‍ ലീഗ് നേതാവെന്ന ലേബലും ഇ.കെ സമസ്തയോടുള്ള കെ.എസ്. ഹംസയുടെ ആത്മബന്ധവും തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. ഇ.കെ സമസ്തക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം കൂടിയാണ് തിരൂര്‍ നിയമസഭ മണ്ഡലം. തിരൂരിലെ രണ്ട് മേൽപാലങ്ങൾ യാഥാർഥ്യമാക്കിയത് ഇടതു സർക്കാറിന്റെ നേട്ടമാണെന്നും എം.പി എന്ന നിലയിൽ ഇ.ടിയും സമദാനിയും തിരൂർ റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
തിരൂര്‍ നഗരസഭയും ആതവനാട്, കല്പകഞ്ചേരി, തലക്കാട്, തിരുനാവായ, വളവന്നൂര്‍, വെട്ടം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തിരൂര്‍ നിയമസഭ മണ്ഡലം. ഇതില്‍ വെട്ടം പഞ്ചായത്ത് ഒഴികെ മറ്റ് അഞ്ച് ഗ്രാമപഞ്ചായത്തുകളും തിരൂര്‍ നഗരസഭയും യു.ഡി.എഫാണ് ഭരിക്കുന്നത്. ചരിത്രത്തിലാദ്യമായി വെട്ടം ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടമായത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലായിരുന്നു. ലീഗിലെ പടലപ്പിണക്കങ്ങളായിരുന്നു വെട്ടം പഞ്ചായത്ത് യു.ഡി.എഫിന് നഷ്ടമാവാന്‍ കാരണം. എന്നാല്‍, അന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.