കൊച്ചി: ഇന്ത്യയിലെ ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം കനക്കുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസവും പിന്നിട്ട ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ മുതൽ കോൺഗ്രസ്, എൻ.സി.പി-എസ്, എൻ.ഡി.എ രാഷ്ട്രീയംവരെ പ്രചാരണ വിഷയമായ ഇവിടെ ആകെ 57,784 വോട്ടർമാരാണുള്ളത്. രാജ്യത്തെ ആദ്യഘട്ട വിധിയെഴുത്ത് ദിനമായ ഏപ്രിൽ 19ന് ഇവരും പോളിങ് ബൂത്തിലെത്തും. കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ് -കൈപ്പത്തി, എൻ.സി.പി-എസ് സ്ഥാനാർഥി മുഹമ്മദ് ഫൈസൽ -കാഹളം മുഴക്കുന്ന മനുഷ്യൻ, എൻ.ഡി.എയെ പിന്തുണക്കുന്ന എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫ് -ഘടികാരം, സ്വതന്ത്ര സ്ഥാനാർഥി കോയ -കപ്പൽ എന്നിങ്ങനെയാണ് സ്ഥാനാർഥികളും ചിഹ്നങ്ങളും.
ഇവരിൽ സിറ്റിങ് എം.പി മുഹമ്മദ് ഫൈസലും മുൻ എം.പി ഹംദുല്ല സഈദും തമ്മിലാണ് പ്രധാന മത്സരം. കഴിഞ്ഞ തവണ 823 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹംദുല്ല സഈദിനെതിരെ ഫൈസൽ വിജയിച്ചത്. പത്ത് വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലായി 29,278 പുരുഷന്മാരും 28,506 പേർ സ്ത്രീകളുമാണ് വോട്ടർമാർ. 55 പോളിങ് സ്റ്റേഷനുള്ള ലക്ഷദ്വീപിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ആന്ത്രോത്ത് ദ്വീപിലാണ്. ഒമ്പത് പോളിങ് ബൂത്തുള്ള ആന്ത്രോത്തിൽ 5313 പുരുഷന്മാരും 5355 സ്ത്രീകളുമായി 10,668 വോട്ടർമാരുണ്ട്. 136 പുരുഷന്മാരും 101 സ്ത്രീകളുമായി 237 വോട്ടർമാർ മാത്രമുള്ള ബിത്രയിലാണ് ഏറ്റവും കുറവ്.
ജില്ല പഞ്ചായത്തും 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളിലെ ഏഴെണ്ണവും കോൺഗ്രസാണ് ഭരിച്ചിരുന്നത്. ഈ വോട്ടുകൾ പാർലമെന്റ് തെരഞ്ഞെടുപ്പിലും സമാഹരിക്കുന്നതിലൂടെ തങ്ങളുടെ വിജയം ഉറപ്പാണെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. ദേശീയതലത്തിലും ദ്വീപിലും കോൺഗ്രസിന്റെ തിരിച്ചുവരവ് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിലകൊണ്ട സിറ്റിങ് എം.പിക്കൊപ്പം ഇത്തവണയും ജനങ്ങൾ അണിനിരക്കുമെന്ന് എൻ.സി.പി-എസ് നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുഹമ്മദ് ഫൈസലിന്റെ ജനസ്വീകാര്യത വോട്ടായിമാറുമെന്നും അവർ പറഞ്ഞു.
2019ൽ ജെ.ഡി.യു 1342, സി.പി.എം 420, സി.പി.ഐ 143 എന്നിങ്ങനെ വോട്ട് നേടിയിരുന്നു. ഇത്തവണ ഈ പാർട്ടികളൊന്നും മത്സര രംഗത്തില്ല. ഈ വോട്ടുകൾ എവിടെയെത്തുമെന്നതും നിർണായകമാകും. ബി.ജെ.പിക്ക് ആകെ 125 വോട്ടും നോട്ടയിൽ 100 വോട്ടുമാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.