ഡീൻ കുര്യാക്കോസ്, ജോയ്സ് ജോർജ്

ഇ​ടു​ക്കി​യു​ടെ കാ​റ്റ്​ ഇ​ക്കു​റി​യും യു.​ഡി.​എ​ഫി​ലേ​ക്ക്​

പുറമെ മാത്രമല്ല, അകത്തും ശാന്തമാണ്​ ഇടുക്കി. ചുട്ടുപൊള്ളുന്ന വേനലിനെയും കടത്തിവെട്ടി തെരഞ്ഞെടുപ്പ്​ ചൂട്​ സംസ്ഥാനത്താകെ ആഞ്ഞടിക്കുമ്പോഴും കൊളുക്കുമലയിലെ മഞ്ഞുപോലെ തണുത്ത്​ കിടപ്പാണ്​ ഇടുക്കി മണ്ഡലത്തിന്‍റെ മനസ്സും​. കാട്ടാനകളും കാട്ടുപന്നികളും കരടിയും പുലിയും കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളും അവസാനിക്കാത്ത ഭൂതർക്കങ്ങളും എല്ലാം ചേർന്ന്​ കുത്തിമറിച്ച ഇടുക്കിയാണ്​ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. ജീവൽപ്രശ്​നങ്ങൾക്കിടയിൽ വന്നുപോകുന്ന തെരഞ്ഞെടുപ്പിന്​ അത്ര പ്രാധാന്യമേ ഇടുക്കിക്കാർ നൽകുന്നുള്ളൂ.

രണ്ടാമൂഴത്തിന്​ അവസരംതേടി വരുന്ന സിറ്റിങ്​ എം.പി ഡീൻ കുര്യാക്കോസ്​. മുമ്പ്​ ​എം.പിയായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ഓർമപ്പെടുത്തി ജോയ്​സ്​ ജോർജ്. രണ്ടു മുന്നണികളെയും വിമർശിച്ച്​ സംഗീത വിശ്വനാഥൻ. പ്രചാരണത്തിന്‍റെ പ്രധാന തലവാചകം കാടിറങ്ങി മേയുന്ന വന്യമൃഗങ്ങളുടെ ഭീഷണിയാണ്​. നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ​സംസ്ഥാനത്തിന്‍റെ തലയിലിട്ടാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ഡീന്‍റെ പ്രചാരണം. ഇന്ദിര ഗാന്ധിയുടെ കാലത്തുണ്ടാക്കിയ വനം-വന്യജീവി നിയമങ്ങളാണ്​ എല്ലാറ്റിനും കാരണമെന്നും അതിനെതി​രെ പാർലമെന്‍റിൽ എഴുന്നേറ്റ്​ നിൽക്കുക പോലുമുണ്ടായില്ലെന്നും ഇടതു സ്ഥാനാർഥി ജോയ്​സ്​ ജോർജ്​ ആരോപിക്കുന്നു. എല്ലാറ്റിനും പരിഹാരം മോദിയുടെ കരങ്ങൾക്ക്​ ശക്തിപകരുക എന്ന ഒറ്റമൂലിയാണ്​ എൻ.ഡി.എ സ്ഥാനാർഥി സംഗീത ലക്ഷ്മണനുള്ളത്​. അങ്ങനെ മൂന്ന്​ അഭിഭാഷകർ മാറ്റുരക്കുന്ന മണ്ഡലത്തിൽ ആര്​ ജയിക്കുമെന്നത്​ പ്രവചനാതീതമാകുന്നത്​ വോട്ടർമാരുടെ ആവേശം കൊണ്ടല്ല, നിസ്സംഗത കൊണ്ടാണ്​.

മൂന്നാംവട്ടമാണ്​ ഡീൻ കുര്യാക്കോസും ജോയ്​സ്​ ജോർജും ഇടുക്കിയിൽ മുഖാമുഖം ഏറ്റുമുട്ടുന്നത്​. ഓരോ തവണയും ജയം പങ്കിട്ടെടുത്തവർക്ക്​ ഈ മൂന്നാമങ്കം നിർണായകം. 2014ൽ അട്ടിമറി ജയമാണ്​ ജോയ്​സ്​ ജോർജ്​ കാഴ്ചവെച്ചത്​. പഴയ പീരുമേട്​ മണ്ഡലം 1977ൽ ഇടുക്കി മണ്ഡലമായതിനുശേഷം 1980ൽ എം.എം. ലോറൻസ്​ ജയിച്ചതൊഴിച്ചാൽ 2014ൽ ജോയ്​സ്​ ജോർജിലൂടെയാണ്​ ഇടതുപക്ഷം സ്വന്തമാക്കിയത്​. തോൽപിച്ചത്​ ഡീൻ കുര്യാക്കോസിനെ. 2019ൽ ഡീൻ 1,71,053 വോട്ടെന്ന റെക്കോഡ്​ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച മണ്ഡലം കൈപ്പിടിയിലാക്കാൻ നടക്കുന്ന പോരിൽ സിറ്റിങ്​ എം.പിക്ക്​ അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്​. മലയോര മേഖലയെയും മണ്ഡലത്തെ ആകെയും ഉലച്ച വന്യമൃഗാക്രമണങ്ങളിൽ പിടിച്ചാണ്​ ഡീനിന്‍റെ മുന്നേറ്റം. മണ്ഡലത്തിൽ നിർണായകമായ കത്തോലിക്ക സഭയുടെ പിന്തുണയും ഏറക്കുറെ ഡീൻ ഉറപ്പിച്ചിട്ടുണ്ട്​.

ഗാഡ്​ഗിൽ-കസ്തൂരിരംഗൻ സമരകാലത്തും തുടർന്ന്​ എം.പിയായപ്പോഴും ചെയ്ത കാര്യങ്ങൾ പറഞ്ഞാണ്​ ജോയ്സിന്‍റെ പ്രചാരണം. വന്യമൃഗാക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരായ വികാരങ്ങളെ മറികടക്കുക എന്നതാണ്​ ജോയ്​സിന്‍റെ മുന്നിലെ ഏറ്റവും വലിയ കടമ്പ. കഴിഞ്ഞ രണ്ടുതവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്​സിന്​​ ഇക്കുറി സി.പി.എം പാർട്ടി ചിഹ്നത്തിൽ വോട്ട്​ ചെയ്യുന്നതിൽ സഭകൾക്ക്​ അതൃപ്തിയുണ്ട്​. എന്നാൽ, കഴിഞ്ഞതവണ യു.ഡി.എഫ്​ പാളയത്തിലായിരുന്ന കേരള കോൺഗ്രസ്​ ഇക്കുറി ഇടതുമുന്നണിയുടെ ഭാഗമാണ്​. ഏഴ്​ നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും എൽ.ഡി.എഫ്​ ആണെന്നതും ജോയ്​സിന്‍റെ ആത്മവിശ്വാസമുയർത്തുന്നുണ്ട്​. ബി.ഡി.ജെ.എസിനുതന്നെ നൽകിയ സീറ്റിൽ സംഗീത വിശ്വനാഥൻ​ കാര്യമായ വെല്ലുവിളി ഉയർത്താനുമായിട്ടില്ല.

Tags:    
News Summary - Lok Sabha Elections 2024 constituency trend Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.