ഇടുക്കിയുടെ കാറ്റ് ഇക്കുറിയും യു.ഡി.എഫിലേക്ക്
text_fieldsപുറമെ മാത്രമല്ല, അകത്തും ശാന്തമാണ് ഇടുക്കി. ചുട്ടുപൊള്ളുന്ന വേനലിനെയും കടത്തിവെട്ടി തെരഞ്ഞെടുപ്പ് ചൂട് സംസ്ഥാനത്താകെ ആഞ്ഞടിക്കുമ്പോഴും കൊളുക്കുമലയിലെ മഞ്ഞുപോലെ തണുത്ത് കിടപ്പാണ് ഇടുക്കി മണ്ഡലത്തിന്‍റെ മനസ്സും. കാട്ടാനകളും കാട്ടുപന്നികളും കരടിയും പുലിയും കരിഞ്ഞുണങ്ങുന്ന കൃഷിയിടങ്ങളും അവസാനിക്കാത്ത ഭൂതർക്കങ്ങളും എല്ലാം ചേർന്ന് കുത്തിമറിച്ച ഇടുക്കിയാണ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജീവൽപ്രശ്നങ്ങൾക്കിടയിൽ വന്നുപോകുന്ന തെരഞ്ഞെടുപ്പിന് അത്ര പ്രാധാന്യമേ ഇടുക്കിക്കാർ നൽകുന്നുള്ളൂ.
രണ്ടാമൂഴത്തിന് അവസരംതേടി വരുന്ന സിറ്റിങ് എം.പി ഡീൻ കുര്യാക്കോസ്. മുമ്പ് എം.പിയായിരുന്നപ്പോൾ ചെയ്ത കാര്യങ്ങൾ ഓർമപ്പെടുത്തി ജോയ്സ് ജോർജ്. രണ്ടു മുന്നണികളെയും വിമർശിച്ച് സംഗീത വിശ്വനാഥൻ. പ്രചാരണത്തിന്‍റെ പ്രധാന തലവാചകം കാടിറങ്ങി മേയുന്ന വന്യമൃഗങ്ങളുടെ ഭീഷണിയാണ്. നിരവധി പേരുടെ ജീവനെടുത്ത വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സംസ്ഥാനത്തിന്‍റെ തലയിലിട്ടാണ് യു.ഡി.എഫ് സ്ഥാനാർഥി ഡീന്‍റെ പ്രചാരണം. ഇന്ദിര ഗാന്ധിയുടെ കാലത്തുണ്ടാക്കിയ വനം-വന്യജീവി നിയമങ്ങളാണ് എല്ലാറ്റിനും കാരണമെന്നും അതിനെതിരെ പാർലമെന്‍റിൽ എഴുന്നേറ്റ് നിൽക്കുക പോലുമുണ്ടായില്ലെന്നും ഇടതു സ്ഥാനാർഥി ജോയ്സ് ജോർജ് ആരോപിക്കുന്നു. എല്ലാറ്റിനും പരിഹാരം മോദിയുടെ കരങ്ങൾക്ക് ശക്തിപകരുക എന്ന ഒറ്റമൂലിയാണ് എൻ.ഡി.എ സ്ഥാനാർഥി സംഗീത ലക്ഷ്മണനുള്ളത്. അങ്ങനെ മൂന്ന് അഭിഭാഷകർ മാറ്റുരക്കുന്ന മണ്ഡലത്തിൽ ആര് ജയിക്കുമെന്നത് പ്രവചനാതീതമാകുന്നത് വോട്ടർമാരുടെ ആവേശം കൊണ്ടല്ല, നിസ്സംഗത കൊണ്ടാണ്.
മൂന്നാംവട്ടമാണ് ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും ഇടുക്കിയിൽ മുഖാമുഖം ഏറ്റുമുട്ടുന്നത്. ഓരോ തവണയും ജയം പങ്കിട്ടെടുത്തവർക്ക് ഈ മൂന്നാമങ്കം നിർണായകം. 2014ൽ അട്ടിമറി ജയമാണ് ജോയ്സ് ജോർജ് കാഴ്ചവെച്ചത്. പഴയ പീരുമേട് മണ്ഡലം 1977ൽ ഇടുക്കി മണ്ഡലമായതിനുശേഷം 1980ൽ എം.എം. ലോറൻസ് ജയിച്ചതൊഴിച്ചാൽ 2014ൽ ജോയ്സ് ജോർജിലൂടെയാണ് ഇടതുപക്ഷം സ്വന്തമാക്കിയത്. തോൽപിച്ചത് ഡീൻ കുര്യാക്കോസിനെ. 2019ൽ ഡീൻ 1,71,053 വോട്ടെന്ന റെക്കോഡ് ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ച മണ്ഡലം കൈപ്പിടിയിലാക്കാൻ നടക്കുന്ന പോരിൽ സിറ്റിങ് എം.പിക്ക് അനുകൂലമായി നിരവധി ഘടകങ്ങളുണ്ട്. മലയോര മേഖലയെയും മണ്ഡലത്തെ ആകെയും ഉലച്ച വന്യമൃഗാക്രമണങ്ങളിൽ പിടിച്ചാണ് ഡീനിന്‍റെ മുന്നേറ്റം. മണ്ഡലത്തിൽ നിർണായകമായ കത്തോലിക്ക സഭയുടെ പിന്തുണയും ഏറക്കുറെ ഡീൻ ഉറപ്പിച്ചിട്ടുണ്ട്.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ സമരകാലത്തും തുടർന്ന് എം.പിയായപ്പോഴും ചെയ്ത കാര്യങ്ങൾ പറഞ്ഞാണ് ജോയ്സിന്‍റെ പ്രചാരണം. വന്യമൃഗാക്രമണത്തിൽ സംസ്ഥാന സർക്കാറിനെതിരായ വികാരങ്ങളെ മറികടക്കുക എന്നതാണ് ജോയ്സിന്‍റെ മുന്നിലെ ഏറ്റവും വലിയ കടമ്പ. കഴിഞ്ഞ രണ്ടുതവണയും സ്വതന്ത്ര വേഷത്തിലിറങ്ങിയ ജോയ്സിന് ഇക്കുറി സി.പി.എം പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യുന്നതിൽ സഭകൾക്ക് അതൃപ്തിയുണ്ട്. എന്നാൽ, കഴിഞ്ഞതവണ യു.ഡി.എഫ് പാളയത്തിലായിരുന്ന കേരള കോൺഗ്രസ് ഇക്കുറി ഇടതുമുന്നണിയുടെ ഭാഗമാണ്. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിലും എൽ.ഡി.എഫ് ആണെന്നതും ജോയ്സിന്‍റെ ആത്മവിശ്വാസമുയർത്തുന്നുണ്ട്. ബി.ഡി.ജെ.എസിനുതന്നെ നൽകിയ സീറ്റിൽ സംഗീത വിശ്വനാഥൻ കാര്യമായ വെല്ലുവിളി ഉയർത്താനുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.