ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം വാശിയോടെ മുന്നേറുമ്പോൾ ഓടിനടന്ന് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥികൾ. കണ്ണൂർ ലോക്സഭ മണ്ഡല പരിധിയിലെ നിയമസഭ മണ്ഡലങ്ങളുടെ നിലവിലെ ചിത്രം ഇന്നുമുതൽ...
പേരാവൂർ: വന്യമൃഗങ്ങളുടെ കാടിറക്കം കാരണം ജീവനും ജീവിതവും ഇത്രമേൽ പ്രതിസന്ധി നേരിട്ട മറ്റൊരു കാലഘട്ടം മലയോരത്തിന് ഉണ്ടായിട്ടില്ല. അതിനിടയിലാണ് തെരഞ്ഞെടുപ്പ് ആരവം കൂടിയെത്തുന്നത്. എന്നും യു.ഡി.എഫിന്റെ കരുത്താണ് പേരാവൂർ. ആ ആത്മവിശ്വാസമാണ് ഇവരുടെ കൈമുതലും.
എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തിലുണ്ടായ മേൽക്കൈയിൽ പ്രതീക്ഷവെച്ചുള്ള കളിയിലാണ് എൽ.ഡി.എഫ്. പടിപടിയായി ഉയരുന്ന വോട്ടിങ് നിലയിൽ എൽ.ഡി.എഫിന്റെ പ്രതീക്ഷ ചില്ലറയൊന്നുമല്ല.
2019ൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും യു.ഡി.എഫ് ആധിപത്യം നേടി. മണ്ഡലത്തിലെ എക്കാലത്തെയും വലിയ ഭൂരിപക്ഷമാണ് അന്ന് യു.ഡി.എഫിന് സമ്മാനിച്ചത്. 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ. സുധാകരന് ലഭിച്ചത്. 2014ൽ ഇത് 8209 മാത്രമായിരുന്നു.
എന്നാൽ, 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കോട്ടകൾ തകർത്ത് വൻ തിരിച്ചുവരവ് നടത്താൻ എൽ.ഡി.എഫിന് കഴിഞ്ഞു. യു.ഡി.എഫിന്റെ സ്വാധീന മേഖലകളായ ആറളവും കണിച്ചാറും കേളകവും ഇരിട്ടി നഗരസഭയുമെല്ലാം കൈവിട്ടുപോയി.
നറുക്കെടുപ്പിൽ കൊട്ടിയൂർ കൂടെനിർത്താനായപ്പോൾ തിളക്കം കുറഞ്ഞ വിജയവുമായി അയ്യൻകുന്ന് യു.ഡി.എഫിന്റെ മാനം കാത്തു. കണിച്ചാർ, കേളകം, ആറളം പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്ത് കരുത്തുകൂട്ടിയ എൽ.ഡി.എഫ് തങ്ങളുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പായത്തും മുഴക്കുന്നിലും പേരാവൂരിലും എതിരാളികളെ ഏറെ പിന്നിലാക്കി.
നിയമസഭയിലേക്ക് ഏറെ തവണയും യു.ഡി.എഫിനൊപ്പമായിരുന്നുവെങ്കിലും എൽ.ഡി.എഫിനോട് അയിത്തമൊന്നും കാണിക്കാനുള്ള മനസ്സ് പേരാവൂരിന് ഉണ്ടായിരുന്നില്ല. നേരിയ ഭൂരിപക്ഷത്തിന് എങ്ങോട്ടും മാറാവുന്ന മനസ്സാണ് പേരാവൂർ. 2016ൽ 7989 വോട്ടിന്റെ ഭൂരിപക്ഷവുമായി യു.ഡി.എഫിനൊപ്പം നിന്നപ്പോൾ 2021ൽ 3172ലേക്ക് ഭൂരിപക്ഷം താഴ്ത്തി യു.ഡി.എഫിനെ മുൾമുനയിൽ നിർത്തി.
നിയമസഭയിലേക്ക് അയ്യൻകുന്ന്, ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പം നിന്നപ്പോൾ പായം, മുഴക്കുന്ന്, പേരാവൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയിലും എൽ.ഡി.എഫിനായിരുന്നു ആധിപത്യം.
പായത്ത് 2578 വോട്ടിന്റെ മേൽക്കൈയും മുഴക്കുന്നിൽ 1771 വോട്ടിന്റെയും പേരാവൂരിൽ 1048 വോട്ടിന്റെയും ഭൂരിപക്ഷം നേടാനും എൽ.ഡി.എഫിനായി. യു.ഡി.എഫിന് അയ്യൻകുന്നിൽനിന്ന് 3758 വോട്ടിന്റെ മേൽക്കൈ കിട്ടിയപ്പോൾ ആറളത്ത് 1849 വോട്ടും കണിച്ചാറിൽ 1070ഉം കൊട്ടിയൂരിൽ 1194 വോട്ടും എൽ.ഡി.എഫിനേക്കാൾ അധികമായി ലഭിച്ചു.
2019ൽ ആറളം, അയ്യൻകുന്ന്, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളും ഇരിട്ടി നഗരസഭയും നൽകിയ ഉയർന്ന ഭൂരിപക്ഷമാണ് റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് എത്താൻ യു.ഡി.എഫിനെ സഹായിച്ചത്.
2019ൽ ലോക്സഭയിലേക്ക് 10,054 വോട്ട് നേടിയ എൻ.ഡി.എ തദ്ദേശ തെരഞ്ഞെടുപ്പിൽ 16,098 വോട്ടുമായി നില ഏറെ മെച്ചപ്പെടുത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും പതിനായിരത്തിലേക്ക് എത്താൻ എൻ.ഡി.എക്കായി.
പേരാവൂർ: 1,81,064
(4700 വോട്ടർമാർ വർധിച്ചു)
എൽ.ഡി.എഫ്- 50,874
യു.ഡി.എഫ്-74,539
എൻ.ഡി.എ- 10,054
യു.ഡി.എഫ് ഭൂരിപക്ഷം-23,665
എൽ.ഡി.എഫ് -63,534
യു.ഡി.എഫ്- 66,706
എൻ.ഡി.എ- 9155
യു.ഡി.എഫ് ഭൂരിപക്ഷം- 3172
ഇരിട്ടി നഗരസഭ - എൽ.ഡി.എഫ്
ഗ്രാമപഞ്ചായത്തുകൾ:
ആറളം - എൽ.ഡി.എഫ്
പായം - എൽ.ഡി.എഫ്
മുഴക്കുന്ന്-എൽ.ഡി.എഫ്
കണിച്ചാർ- എൽ.ഡി.എഫ്
കേളകം -എൽ.ഡി.എഫ്,
പേരാവൂർ - എൽ.ഡി.എഫ്
കൊട്ടിയൂർ - യു.ഡി.എഫ്
അയ്യൻകുന്ന്- യു.ഡി.എഫ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.