തൃശൂർ: ബി.ജെ.പിയും എല്ലാ അടവും പയറ്റിയ ‘കേരളത്തിലെ പരീക്ഷണശാലയിൽ’ ഒടുവിൽ താമര വിരിഞ്ഞു. ‘തൃശൂർ എടുക്കുകയാണ്’ എന്ന് പറഞ്ഞ സുരേഷ്​ ഗോപി ഇത്തവണ തൃശൂർ എടുത്തു. തൃശൂരിലെ വോട്ടർമാർ കനത്ത ഭൂരിപക്ഷത്തോടെ മണ്ഡലം ബി.ജെ.പിയെ ഏൽപ്പിച്ചു. സിറ്റിങ്​ സീറ്റിൽ കോൺഗ്രസിനെ എന്നതിലുപരി കരുത്തനായ സ്ഥാനാർഥി കെ. മുരളിധരനെയും എൽ.ഡി.എഫിനെയും ഞെട്ടിച്ച്​ എൻ.ഡി.എ തൃശൂർ സ്വന്തമാക്കിയത്​ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം ഒരുപക്ഷെ മറ്റൊരു ദിശയിലേക്ക്​ നീങ്ങുന്നുവെന്നതിന്‍റെ സൂചകമായി എടുക്കേണ്ടി വരും.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട്​ 2021ൽ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂരിൽ മത്സരിച്ച സുരേഷ്​ ഗോപിയുടെയും സുരേഷ്​ ഗോപിയെ മുൻനിർത്തി സമർഥമായി കരുനീക്കിയ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെയും വിജയമാണിത്​. പാർട്ടി സംസ്ഥാന ഘടകത്തിന്​ കാര്യമായ ദൗത്യമില്ലാതിരുന്ന ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയ വോട്ടിന്‍റെ എണ്ണം മറ്റ്​ രണ്ട്​ മുന്നണിയെയും അതിലെ പാർട്ടികളെയും ഞെട്ടിക്കുന്നതാണ്​.

പ്രചാരണ ദിനങ്ങളിൽ പല വിവാദങ്ങളിലും ചെന്നുചാടിയ സുരേഷ്​ ഗോപി ‘സ്വന്തം സൈന്യത്തെ’യും കൊണ്ടാണ്​ പട നയിച്ചത്​. കവല യോഗങ്ങൾക്കപ്പുറം കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്​ വീട്ടമ്മമാരെ ആകർഷിക്കാൻ പരമാവധി ശ്രമിച്ചും കാമ്പസുകളിൽ വിദ്യാർഥികളോട്​ സംവദിച്ചും അദ്ദേഹം നടത്തിയ പ്രവർത്തനം വ്യതസ്തമായിരുന്നു. രണ്ട്​ തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും, ട്രോളുകൾ പാഞ്ഞുകയറിയിട്ടും പിൻവാങ്ങാതെയും ഉത്സാഹം കെടാതെയുമാണ്​ സുരേഷ്​ ഗോപി കഴിഞ്ഞ കുറച്ച്​ കാലമായി തൃശൂരിൽ തുടർന്നത്​. കുടുംബത്തെത്തന്നെ തൃശൂരിലേക്ക്​ പറിച്ചുനട്ട്​ തൃശൂരുകാരനായി ജീവിച്ചത്​ ഏത്​ വിധേനയും തൃശൂരിൽ ജയിക്കുകയെന്ന ഉറച്ച തീരുമാനത്തോടെയാണെന്ന്​ അദ്ദേഹത്തിന്‍റെ നീക്കങ്ങൾ പറഞ്ഞുതന്നിരുന്നു. ‘തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന പാർട്ടിക്കാരുടെ വാഗ്ദാനം സ്​നേഹപൂർവം തിരുത്താൻ ശ്രമിക്കുന്നതാ​യി ഭാവിച്ചെങ്കിലും അതൊരു സന്ദേശമായി വോട്ടർമാർ എടുത്തോട്ടെ എന്ന മട്ടിൽ തന്നെയായിരുന്നു സുരേഷ്​ ഗോപി. തൃശൂർ പൂരം ഉൾപ്പെടെ ഇടപെടാവുന്ന എല്ലാ വിഷയത്തിലും ഇടപെട്ടും സംസ്ഥാന സർക്കാറിനെയും അതിന്​ നേതൃത്വം നൽകുന്നവരെയും കിട്ടിയ അവസരങ്ങളിലെല്ലാം ചീത്ത വിളിച്ചും ബി.ജെ.പിയിലേക്ക്​ ഇളകിയെത്താൻ തയാറുള്ളവരെ അടർത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചതിന്‍റെ തെളിവാണ്​ ഈ ജയം.


എൽ.ഡി.എഫിനു വേണ്ടി സി.പി.ഐ മത്സരിച്ച തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന ആരോപണവുമായി രംഗത്തുവന്ന കോൺഗ്രസ്​ സ്ഥാനാർഥി കെ. മുരളീധരന്​ പല ഘട്ടങ്ങളിലും അപകടം മണത്തിട്ടുണ്ടെന്ന്​ അദ്ദേഹത്തിന്‍റെ ചില പ്രസ്താവനകളിൽനിന്ന്​ വ്യക്തമായിരുന്നു. സംസ്ഥാനത്ത്​ വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതിരുന്ന ഏക കോൺഗ്രസ്​ എം.പി ടി.എൻ. പ്രതാപനും ഡി.സി.സി പ്രസിഡന്‍റ്​ ജോസ്​ വള്ളൂരും ഉൾപ്പെടെയുള്ളവർക്കെതിരെ മുരളീധരൻ പാർട്ടിയുടെ ചില വേദികളിൽ ആക്ഷേപം ഉന്നയിച്ചുവെന്ന്​ സംസാരം ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട്​ അത്​ നിഷേധിച്ചെങ്കിലും പാർട്ടിയിൽ ആശാസ്യമല്ലാത്ത പലതും നടന്നുവെന്ന്​ വ്യക്തമാക്കുന്നതാണ്​ തെരഞ്ഞെടുപ്പ്​ ഫലം. അതല്ലെങ്കിൽ മൂന്നാം സ്ഥാനത്തേക്ക്​ പതിക്കുന്ന അവസ്ഥ കോൺഗ്രസിന്​ ഉണ്ടാകുമായിരുന്നില്ല. 2019ൽ ടി.എൻ. പ്രതാപൻ 4,15,089 വോട്ട്​ പിടിച്ച സ്ഥാനത്ത്​ ഇത്തവണ ഏതാണ്ട്​ ഒരു ലക്ഷത്തോളം വോട്ട്​ കുറവാണ്​ കിട്ടിയത്​. എൽ.ഡി.എഫിനാകട്ടെ 15,000ലേറെ വോട്ട്​ കൂടുകയും ചെയ്തു. 2019ൽ 2,93,822 വോട്ട്​ നേടിയ സുരേഷ്​ ഗോപി ഇത്തവണ നാല്​ ലക്ഷത്തിലധികം വോട്ട്​ നേടുകയും കോൺഗ്രസിന്​ ഒരു ലക്ഷത്തോളം വോട്ട്​ നഷ്ടപ്പെടുകയും എൽ.ഡി.എഫ്​ വോട്ടുനില ചെറുതായെങ്കിലും മെച്ചപ്പെടുത്തുകയും ചെയ്തത്​ കോൺഗ്രസിന്‍റെ ആല അത്ര വൃത്തിയുള്ളതല്ല എന്ന്​ തെളിയിക്കുന്നതാണ്​.

മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ്​ എൽ.ഡി.എഫ്​ സി.പി.ഐ സ്ഥാനാർഥി വി.എസ്​. സുനിൽകുമാറിനെ രംഗത്തിറക്കിയത്​. തൃശൂരിന്‍റെ മുൻ എം.എൽ.എയും സംസ്ഥാന കൃഷി മന്ത്രിയുമായിരുന്ന സുനിൽകുമാറിനുള്ള മികച്ച പ്രതിച്ഛായ തുണയാകുമെന്ന്​ മുന്നണിയും സി.പി.എം, സി.​പി.ഐ കക്ഷികളും കരുതി. സ്ഥാനാർഥി മികച്ച പ്രവർത്തനവും കാഴ്ചവെച്ചു. എന്നാൽ, സി.പി.എം-ബി.ജെ.പി ഡീൽ എന്ന കോൺഗ്രസിന്‍റെ ആരോപണം ഒരളവുവരെ ഇടതുപക്ഷത്തോട്​ ആഭിമുഖ്യമുള്ള വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്ന്​ വേണം കരുതാൻ. അതിൽ ഒരു വിഭാഗം കോൺഗ്രസ്​ സ്ഥാനാർഥിക്ക്​ അനുകൂലമായി വോട്ട്​ ചെയ്തപ്പോൾ കോൺഗ്രസിനെ സഹായിച്ചിരുന്ന വലിയൊരു വിഭാഗം, പ്രത്യേകിച്ച്​ സ്​ത്രീ വോട്ടർമാർ ബി.ജെ.പിക്ക്​ അനുകൂലമായി വിധിയെഴുതി. ഇതോടൊപ്പം, ക്രൈസ്തവ വോട്ടർമാരിൽ വലിയൊരു വിഭാഗം ഇത്തവണ ബി.ജെ.പിക്ക്​ അനുകൂലമായിരുന്നുവെന്നാണ്​ ഫലം പുറത്തു വന്നശേഷം കോൺഗ്രസ്​ ക്യാമ്പിലെ ചിലർ പറയുന്നത്​.

വി.എസ്​. സുനിൽകുമാറിന്‍റെ തോൽവി എൽ.ഡി.എഫിൽ ചില അസ്വാരസ്യങ്ങൾക്ക്​ വഴിവെച്ചേക്കും. എന്നാൽ, അതിലുപരിയാണ്​ ​കെ. മുരളീധരന്‍റെ തോൽവിയും മൂന്നാം സ്ഥാനത്തേക്കുള്ള പിന്തള്ളപ്പെടലും കോൺഗ്രസിൽ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങൾ. സംസ്ഥാനത്ത്​ യു.ഡി.എഫ്​ മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോഴും തൃശൂരിലെ വൻ തിരിച്ചടി സംസ്ഥാന കോൺഗ്രസിൽ വലിയ കുഴപ്പങ്ങൾക്ക്​ ഇടവെക്കുമെന്നുറപ്പ്​.

Tags:    
News Summary - Lok Sabha Elections 2024 Thrissur Suresh Gopi victory analysis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.