പരീക്ഷണശാലയിൽ താമര വിരിയിച്ച് ബി.ജെ.പി
text_fieldsതൃശൂർ: ബി.ജെ.പിയും എല്ലാ അടവും പയറ്റിയ ‘കേരളത്തിലെ പരീക്ഷണശാലയിൽ’ ഒടുവിൽ താമര വിരിഞ്ഞു. ‘തൃശൂർ എടുക്കുകയാണ്’ എന്ന് പറഞ്ഞ സുരേഷ് ഗോപി ഇത്തവണ തൃശൂർ എടുത്തു. തൃശൂരിലെ വോട്ടർമാർ കനത്ത ഭൂരിപക്ഷത്തോടെ മണ്ഡലം ബി.ജെ.പിയെ ഏൽപ്പിച്ചു. സിറ്റിങ് സീറ്റിൽ കോൺഗ്രസിനെ എന്നതിലുപരി കരുത്തനായ സ്ഥാനാർഥി കെ. മുരളിധരനെയും എൽ.ഡി.എഫിനെയും ഞെട്ടിച്ച് എൻ.ഡി.എ തൃശൂർ സ്വന്തമാക്കിയത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഒരുപക്ഷെ മറ്റൊരു ദിശയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചകമായി എടുക്കേണ്ടി വരും.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പിന്നീട് 2021ൽ നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപിയുടെയും സുരേഷ് ഗോപിയെ മുൻനിർത്തി സമർഥമായി കരുനീക്കിയ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെയും വിജയമാണിത്. പാർട്ടി സംസ്ഥാന ഘടകത്തിന് കാര്യമായ ദൗത്യമില്ലാതിരുന്ന ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്വന്തമാക്കിയ വോട്ടിന്റെ എണ്ണം മറ്റ് രണ്ട് മുന്നണിയെയും അതിലെ പാർട്ടികളെയും ഞെട്ടിക്കുന്നതാണ്.
പ്രചാരണ ദിനങ്ങളിൽ പല വിവാദങ്ങളിലും ചെന്നുചാടിയ സുരേഷ് ഗോപി ‘സ്വന്തം സൈന്യത്തെ’യും കൊണ്ടാണ് പട നയിച്ചത്. കവല യോഗങ്ങൾക്കപ്പുറം കുടുംബ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വീട്ടമ്മമാരെ ആകർഷിക്കാൻ പരമാവധി ശ്രമിച്ചും കാമ്പസുകളിൽ വിദ്യാർഥികളോട് സംവദിച്ചും അദ്ദേഹം നടത്തിയ പ്രവർത്തനം വ്യതസ്തമായിരുന്നു. രണ്ട് തെരഞ്ഞെടുപ്പുകളിൽ തോറ്റിട്ടും, ട്രോളുകൾ പാഞ്ഞുകയറിയിട്ടും പിൻവാങ്ങാതെയും ഉത്സാഹം കെടാതെയുമാണ് സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് കാലമായി തൃശൂരിൽ തുടർന്നത്. കുടുംബത്തെത്തന്നെ തൃശൂരിലേക്ക് പറിച്ചുനട്ട് തൃശൂരുകാരനായി ജീവിച്ചത് ഏത് വിധേനയും തൃശൂരിൽ ജയിക്കുകയെന്ന ഉറച്ച തീരുമാനത്തോടെയാണെന്ന് അദ്ദേഹത്തിന്റെ നീക്കങ്ങൾ പറഞ്ഞുതന്നിരുന്നു. ‘തൃശൂരിനൊരു കേന്ദ്രമന്ത്രി’ എന്ന പാർട്ടിക്കാരുടെ വാഗ്ദാനം സ്നേഹപൂർവം തിരുത്താൻ ശ്രമിക്കുന്നതായി ഭാവിച്ചെങ്കിലും അതൊരു സന്ദേശമായി വോട്ടർമാർ എടുത്തോട്ടെ എന്ന മട്ടിൽ തന്നെയായിരുന്നു സുരേഷ് ഗോപി. തൃശൂർ പൂരം ഉൾപ്പെടെ ഇടപെടാവുന്ന എല്ലാ വിഷയത്തിലും ഇടപെട്ടും സംസ്ഥാന സർക്കാറിനെയും അതിന് നേതൃത്വം നൽകുന്നവരെയും കിട്ടിയ അവസരങ്ങളിലെല്ലാം ചീത്ത വിളിച്ചും ബി.ജെ.പിയിലേക്ക് ഇളകിയെത്താൻ തയാറുള്ളവരെ അടർത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചതിന്റെ തെളിവാണ് ഈ ജയം.
എൽ.ഡി.എഫിനു വേണ്ടി സി.പി.ഐ മത്സരിച്ച തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന ആരോപണവുമായി രംഗത്തുവന്ന കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന് പല ഘട്ടങ്ങളിലും അപകടം മണത്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ചില പ്രസ്താവനകളിൽനിന്ന് വ്യക്തമായിരുന്നു. സംസ്ഥാനത്ത് വീണ്ടും മത്സരിക്കാൻ അവസരം ലഭിക്കാതിരുന്ന ഏക കോൺഗ്രസ് എം.പി ടി.എൻ. പ്രതാപനും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരും ഉൾപ്പെടെയുള്ളവർക്കെതിരെ മുരളീധരൻ പാർട്ടിയുടെ ചില വേദികളിൽ ആക്ഷേപം ഉന്നയിച്ചുവെന്ന് സംസാരം ഉണ്ടായിരുന്നു. അദ്ദേഹം പിന്നീട് അത് നിഷേധിച്ചെങ്കിലും പാർട്ടിയിൽ ആശാസ്യമല്ലാത്ത പലതും നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അതല്ലെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് പതിക്കുന്ന അവസ്ഥ കോൺഗ്രസിന് ഉണ്ടാകുമായിരുന്നില്ല. 2019ൽ ടി.എൻ. പ്രതാപൻ 4,15,089 വോട്ട് പിടിച്ച സ്ഥാനത്ത് ഇത്തവണ ഏതാണ്ട് ഒരു ലക്ഷത്തോളം വോട്ട് കുറവാണ് കിട്ടിയത്. എൽ.ഡി.എഫിനാകട്ടെ 15,000ലേറെ വോട്ട് കൂടുകയും ചെയ്തു. 2019ൽ 2,93,822 വോട്ട് നേടിയ സുരേഷ് ഗോപി ഇത്തവണ നാല് ലക്ഷത്തിലധികം വോട്ട് നേടുകയും കോൺഗ്രസിന് ഒരു ലക്ഷത്തോളം വോട്ട് നഷ്ടപ്പെടുകയും എൽ.ഡി.എഫ് വോട്ടുനില ചെറുതായെങ്കിലും മെച്ചപ്പെടുത്തുകയും ചെയ്തത് കോൺഗ്രസിന്റെ ആല അത്ര വൃത്തിയുള്ളതല്ല എന്ന് തെളിയിക്കുന്നതാണ്.
മണ്ഡലം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ് സി.പി.ഐ സ്ഥാനാർഥി വി.എസ്. സുനിൽകുമാറിനെ രംഗത്തിറക്കിയത്. തൃശൂരിന്റെ മുൻ എം.എൽ.എയും സംസ്ഥാന കൃഷി മന്ത്രിയുമായിരുന്ന സുനിൽകുമാറിനുള്ള മികച്ച പ്രതിച്ഛായ തുണയാകുമെന്ന് മുന്നണിയും സി.പി.എം, സി.പി.ഐ കക്ഷികളും കരുതി. സ്ഥാനാർഥി മികച്ച പ്രവർത്തനവും കാഴ്ചവെച്ചു. എന്നാൽ, സി.പി.എം-ബി.ജെ.പി ഡീൽ എന്ന കോൺഗ്രസിന്റെ ആരോപണം ഒരളവുവരെ ഇടതുപക്ഷത്തോട് ആഭിമുഖ്യമുള്ള വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വേണം കരുതാൻ. അതിൽ ഒരു വിഭാഗം കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോൾ കോൺഗ്രസിനെ സഹായിച്ചിരുന്ന വലിയൊരു വിഭാഗം, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ ബി.ജെ.പിക്ക് അനുകൂലമായി വിധിയെഴുതി. ഇതോടൊപ്പം, ക്രൈസ്തവ വോട്ടർമാരിൽ വലിയൊരു വിഭാഗം ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായിരുന്നുവെന്നാണ് ഫലം പുറത്തു വന്നശേഷം കോൺഗ്രസ് ക്യാമ്പിലെ ചിലർ പറയുന്നത്.
വി.എസ്. സുനിൽകുമാറിന്റെ തോൽവി എൽ.ഡി.എഫിൽ ചില അസ്വാരസ്യങ്ങൾക്ക് വഴിവെച്ചേക്കും. എന്നാൽ, അതിലുപരിയാണ് കെ. മുരളീധരന്റെ തോൽവിയും മൂന്നാം സ്ഥാനത്തേക്കുള്ള പിന്തള്ളപ്പെടലും കോൺഗ്രസിൽ സൃഷ്ടിക്കാവുന്ന പ്രശ്നങ്ങൾ. സംസ്ഥാനത്ത് യു.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ചവെച്ചപ്പോഴും തൃശൂരിലെ വൻ തിരിച്ചടി സംസ്ഥാന കോൺഗ്രസിൽ വലിയ കുഴപ്പങ്ങൾക്ക് ഇടവെക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.