തൊടുപുഴ: കുമളിയിൽനിന്ന് കാണാതായ പെൺകുട്ടിയും മേലുകാവ് സ്വദേശിയായ യുവാവും കോളപ്ര അടൂർമല വനത്തിനുള്ളിൽ പിടിയിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവ് മൂന്നാഴ്ചയാണ് വനത്തിനുള്ളിൽ കഴിഞ്ഞത്. ചൊവ്വാഴ്ച പുലർച്ച മലയിറങ്ങുന്നതിനു ശ്രമിക്കവെയാണ് പിടിയിലായത്. കഴിഞ്ഞ ആറിനാണ് കുമളി സ്വദേശിയായ 17കാരിയുമായി മേലുകാവ് വൈലാറ്റിൽ ജോർജ് (അപ്പുക്കുട്ടൻ -22) കടന്നുകളഞ്ഞത്. പാക്കു വിൽക്കുന്ന പണിയുമായി കുമളിയിലെത്തിയ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായി.
പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കുമളി പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോൾ മേലുകാവ് സ്വദേശിക്കൊപ്പമാണ് പോയതെന്ന സൂചന ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളുടെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച് കട്ടപ്പന ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മുപ്പതിലധികം വരുന്ന പൊലീസ് സംഘം തിരച്ചിൽ നടത്തിവരുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ രണ്ടു ചാക്കുകെട്ടുമായി അടൂർ മലയിൽനിന്ന് കോളപ്ര ഭാഗത്തേക്ക് പെൺകുട്ടിയും യുവാവും ഇറങ്ങിവന്നപ്പോഴാണ് പൊലീസിെൻറ മുന്നിൽപെട്ടത്. പൊലീസിനെ കണ്ടയുടൻ രണ്ടുപേരും രണ്ടുവഴിക്ക് ഓടി. കുടയത്തൂർവഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപിച്ചു. അധികം ഓടാനാകാതെ അവശയായ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പാറയിടുക്കിലും മരച്ചുവട്ടിലുമാണ് കഴിഞ്ഞുകൂടിയതെന്ന് പെൺകുട്ടി പറഞ്ഞു.
കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളിൽനിന്ന് കൈക്കലാക്കി ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. യുവാവിെൻറ ബൈക്ക് കഴിഞ്ഞ ദിവസം അടൂർമലയിൽനിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ ഇലവീഴാപൂഞ്ചിറയായിരുന്നതിനാൽ പൊലീസ് സമീപത്തെ ചെങ്കുത്തായ മലയിലും മറ്റും ദിവസങ്ങളായി പരിശോധന നടത്തിവരുകയായിരുന്നു. വനത്തിനുള്ളിൽനിന്ന് ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും നേരേത്ത കണ്ടെടുത്തിരുന്നു. കോട്ടയം ചിങ്ങവനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ് ജോർജെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.