ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി കേരളത്തിൽ പോകുമ്പോൾ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടിക്കുറക്കാനാകില്ലെന്നും ചെലവ് കണക്കാക്കിയത് ചട്ടങ്ങൾ പ്രകാരമാണെന്നും വ്യക്തമാക്കി കർണാടക സർക്കാർ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി.
ബംഗളൂരു സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശിപാർശ തയാറാക്കിയത്. കേരളത്തിലുടനീളം അണികളുള്ള മഅ്ദനിക്ക് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കി സമാധാനം തകർക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഏപ്രിൽ 17ന് മഅ്ദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, 20 പൊലീസുകാരുടെ അകമ്പടി വേണമെന്നും അവർക്ക് ചെലവിന് മാസംതോറും 20 ലക്ഷം രൂപ വീതം കെട്ടിവെക്കണമെന്നും കർണാടക സർക്കാർ ഉപാധിവെച്ചു. ഇതിനെതിരെ മഅ്ദനി വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ പുതിയ ഉപാധിയിലൂടെ ചെയ്യുന്നതെന്ന് കർണാടക സർക്കാറിനോട് ചോദിച്ച സുപ്രീംകോടതി, നിലപാട് അറിയിക്കാൻ കർണാടകയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ചെലവ് കുറക്കാൻ സാധിക്കില്ലെന്ന് അറിയിച്ചത്.
വിഷയം ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.