മടിക്കേരി: വീട്ടുകാരറിയാതെ വിവാഹം നടത്തിത്തരാമെന്ന് മോഹിപ്പിച്ച് മലയാളി വയോധികനെ ബ്ലാക് മെയിൽ ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂന്നു കർണാടക സ്വദേശികളെ കുടക് പൊലീസ് പിടികൂടി. ബണ്ട്വാൾ സ്വദേശി അബ്ദുൾ ബഷീർ (29), കഡബ സ്വദേശി സാദിഖ് (30), ഫൈസൽ എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ജില്ലക്കാരനായ വിമുക്ത ഭടൻ ജോൺ മാത്യു (64) ആണ് തട്ടിപ്പിനിരയായത്. അവിവാഹിതനായ ജോൺ മാത്യുവിന്റെ ഡ്രൈവറായി ഫൈസൽ സേവനമനുഷ്ഠിച്ചിരുന്നു. കുടകിൽ തന്റെ പരിചയത്തിലുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ നവംബർ 26ന് ജോണിനെ ഫൈസൽ മടിക്കേരിയിലെ ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയി. അബ്ദുൾ ബഷീർ, സാദിഖ്, അമീർ എന്നിവരാണ് വിവാഹത്തിന് സൗകര്യമൊരുക്കാൻ എന്ന പേരിൽ അവിടെയുണ്ടായിരുന്നത്. അന്ന് വൈകീട്ട് തന്നെ നാല് പ്രതികളും ചേർന്ന് ജോണിനെ ബ്ലാക്ക് മെയിൽ ചെയ്തു
10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വിവരം വീട്ടുകാരെ അറിയിക്കുമെനായിരുന്നു ഭീഷണി. തുടർന്ന് 8 ലക്ഷം രൂപയും ബാക്കി തുകയുടെ ചെക്കും നൽകി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ജോൺ പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
ബഷീറിനെയും സാദിഖിനെയും ഞായറാഴ്ച കുടക് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഫൈസൽ നേരത്തെ തന്നെ മൈസൂരുവിൽ കസ്റ്റഡിയിലായിരുന്നു. സംഘത്തിലെ കൂട്ടാളി അമീർ ഒളിവിലാണ്. പ്രതികളിൽനിന്ന് മൂന്ന് മൊബൈൽ ഫോണുകളും ഒരുലക്ഷം രൂപയും 2,10,000 രൂപയുടെ ചെക്കും പൊലീസ് പിടിച്ചെടുത്തു.
മടിക്കേരി സബ് ഡിവിഷൻ ഡിവൈഎസ്പി എം. ജഗദീഷ്, ഡിസിആർബി ഇൻസ്പെക്ടർ ഐ. മേടപ്പ, മടിക്കേരി ടൗൺ എസ്‌ഐ ലോകേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.