2024 ഇതാ പടിയിറങ്ങുകയായി. പ്രധാന തലക്കെട്ടുകളായി, വിവാദങ്ങളായി, വിമർശനങ്ങളായി, ചർച്ചകളായി, നൊമ്പരമായി, ആനന്ദമായി അടയാളപ്പെടുത്തിയ നൂറുകണക്കിന് സംഭവങ്ങളുണ്ട് കേരളത്തിന്റെ ഓർമച്ചെപ്പിൽ. 2024ലെ 24 സംഭവങ്ങളെ കോർത്തു ചേർത്താൽ ഇതാ ഇതൊക്കെ കാണും അതിൽ. നമ്മുടെ കണ്ണേറ് തട്ടാത്ത സംഭവങ്ങളല്ല ഒന്നും. അതിലേക്ക് വീണ്ടും...
2024 പൊതുതെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 ലോക്സഭ സീറ്റുകളിലെ 18ഉം യു.ഡി.എഫ് തൂത്തുവാരി. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ ബി.ജെ.പി കേരളത്തിൽ ആദ്യമായി ലോക്സഭ അക്കൗണ്ട് തുറന്നു. ഇടതുമുന്നണിക്ക് ആലത്തൂർ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വയനാട് മണ്ഡലത്തിൽ സി.പി.ഐയുടെ ആനി രാജയെക്കാൾ 3.5 ലക്ഷത്തിലധികം ഭൂരിപക്ഷം നേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിജയിച്ചു. ഉത്തർപ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതിനാൽ വയനാട് സീറ്റ് പിന്നീട് രാഹുൽ രാജിവെച്ചു.
ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനും രാജിവെച്ചതിനാൽ പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും രണ്ട് മണ്ഡലത്തിൽ ജയിച്ച രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തിയതിനാൽ വയനാട് ലോക്സഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. ചേലക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് 12,122 വോട്ടുകൾക്ക് വിജയിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ജയം 4,10,931 വോട്ടിനായിരുന്നു.
കാസർകോട്ടുനിന്ന് നാലുമണിക്കൂറിൽ തിരുവനന്തപുരത്ത് എത്താവുന്ന വിധം ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിയെച്ചൊല്ലിയുള്ള വിവാദത്തിന് 2024ലും ശമനമുണ്ടായില്ല. റെയിൽവേയുടെയും കേരള സർക്കാറിന്റെയും ഉടമസ്ഥതയിലുള്ള സംയുക്ത സംരംഭമായ കേരള റെയിൽ െഡവലപ്മെന്റ് കോർപറേഷനാണ് (കെ-റെയിൽ) പദ്ധതി നടപ്പാക്കുന്നത്. നടപ്പാക്കുമെന്ന് ഭരണപക്ഷവും എന്തു വില കൊടുത്തും തടയുമെന്ന് പ്രതിപക്ഷവും ഉറച്ച നിലപാടിലാണ്. 529.45 കിലോമീറ്ററാണ് പാതയുടെ നീളം. സ്ഥലമെടുപ്പിനെതിരെ പ്രദേശവാസികളുടെ എതിർപ്പുണ്ട്.
കരയിലും വെള്ളത്തിലും ഇറക്കാവുന്ന (ആംഫിബിയൻ) വിമാനം ഉപയോഗിച്ച് കൊല്ലം നഗരത്തെ മറ്റുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്കും വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ പദ്ധതി 2013 ജൂൺ രണ്ടിനു അഷ്ടമുടിക്കായലിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തിരുന്നു. മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് നിലച്ച സമാന പദ്ധതിയുടെ ആദ്യ സീ പ്ലെയിൻ സർവിസിന് നവംബർ 12ന് കൊച്ചിക്കായലിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് തുടക്കമിട്ടു. ബോൾഗാട്ടി പാലസ് വാട്ടർഡ്രോമിൽനിന്ന് മാട്ടുപ്പെട്ടിയിലേക്കായിരുന്നു ആദ്യ സർവിസ്. 17 സീറ്റുള്ള വിമാനമാണ് സർവിസ് നടത്തിയത്. അതിനിടെ, ഉൾനാടൻ മത്സ്യത്തൊഴിലാളികളും വനംവകുപ്പും പദ്ധതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
2024 ജൂലൈ 30ന് പുലർച്ചെ വയനാട് ജില്ല അപ്രതീക്ഷിതമായ ഉരുൾപൊട്ടലിന് സാക്ഷിയായി. തിങ്കളാഴ്ച രാത്രി ആരംഭിച്ച പേമാരി, മേപ്പാടിക്കടുത്ത ചൂരൽമലയെയും മുണ്ടക്കൈയെയും നാമാവശേഷമാക്കി. കുന്നിൻചരിവുകൾ തകർന്ന് വലിയ തോതിലുള്ള ചളിയും വെള്ളവും പാറക്കല്ലുകളും തകർത്തെറിഞ്ഞത് ഔദ്യോഗിക കണക്ക് പ്രകാരം 298 ജീവനുകളെയാണ്. കാണാതായത് 44 പേർ. പരിക്കേറ്റവർ 397. അഞ്ഞൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ 2018ലെ വെള്ളപ്പൊക്കത്തിനുശേഷം കേരളത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്.
സംഭവത്തിന് 48 മണിക്കൂറിനുള്ളിൽ പെയ്തത് 572 മില്ലിമീറ്ററോളം മഴ. കേരളം ഒരു പ്രകൃതി ദുരന്തത്തെക്കൂടി ഒറ്റക്കെട്ടായി നേരിടുന്നത് അന്ന് വീണ്ടും കണ്ടു. മന്ത്രിമാരും പ്രതിപക്ഷവും ഒന്നടങ്കം രക്ഷക്കെത്തി. പ്രധാനമന്ത്രി അടക്കമുള്ളവർ വൈകാതെ സ്ഥലം സന്ദർശിച്ചു. പക്ഷേ, സംഭവം കഴിഞ്ഞ് അഞ്ചുമാസം പിന്നിട്ടിട്ടും പുനരധിവാസം എങ്ങുമെത്താത്തത് കണ്ണിലെ കരടായി.
സമാന ദിവസങ്ങളിൽ കോഴിക്കോട്ടെ വിലങ്ങാടും ഉരുൾ ദുരന്തത്തിന്റെ തീവ്രത നേരിട്ടറിഞ്ഞു. ഏക്കർകണക്കിന് കൃഷിഭൂമി ഉരുളെടുത്തു. ഇവിടത്തെ ജനജീവിതത്തെ സാരമായി ബാധിച്ചു.
എറണാകുളം മുനമ്പം വേളാങ്കണ്ണി കടപ്പുറത്തിന് ചുറ്റുവട്ടത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് രാഷ്ട്രീയ മുതലെടുപ്പിന്റെ വിളനിലമായി ഈ നാടിനെ മാറ്റുന്നത്. തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തുകാരനായ സിദ്ദീഖ് സേട്ടിന്റെ പേരില്‍ തീറാധാരം ചെയ്തു നല്കിയ ഭൂമി അദ്ദേഹം പിന്നീട് ഫാറൂഖ് കോളജിന് വഖഫ് ചെയ്തത് ചരിത്രം. ദൈവപ്രീതി ലക്ഷ്യം വെച്ചുള്ള ദാനമാണ് വഖഫ്.
കോളജിന്റെ അഭിഭാഷകരായിരുന്ന അഡ്വ. എം.വി. പോളും അഡ്വ. മൈക്കിളും ആയിരുന്നു ഭൂമി നോക്കി നടത്തിയിരുന്നത്. വഖഫ് ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്നിരിക്കെ അവര്‍ ഭൂമി കൈമാറ്റം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ അവിടെ താമസിക്കുന്ന അറുനൂറിനടുത്ത് വരുന്ന കുടുംബങ്ങള്‍ പെരുവഴിയിലാകുമോയെന്ന് ആശങ്കപ്പെടുന്ന മനുഷ്യാവകാശ പ്രശ്നമായി അത് വളർന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും മുനമ്പത്തുനിന്ന് ഒരാളെയും കുടിയൊഴിപ്പിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണ്. ഇതിനിടെ മുസ്ലിം-ക്രൈസ്തവ വിഷയമായി ഇതിനെ വഴിതിരിച്ചു വിടാനുള്ള ശ്രമമുണ്ട്.
കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ പി.പി. ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിനെ തുടർന്ന് കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്തത് കേരള മനഃസാക്ഷിയെ പിടിച്ചുകുലുക്കി. ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയാണ് ദിവ്യ എ.ഡി.എമ്മിനെതിരെ പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി ചോദിച്ചെന്നത് അടക്കമുള്ള ആക്ഷേപങ്ങൾ ചൊരിഞ്ഞത്.
ദിവ്യക്കെതിരെ കേരളമാകെ പ്രതിഷേധം ഇരമ്പി. കണ്ണൂരിലെയും പത്തനംതിട്ടയിലെയും പാർട്ടി രണ്ട് തട്ടിലായി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. പാർട്ടി രാജി ചോദിച്ച് വാങ്ങി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളി. 12 ദിവസത്തിന് ശേഷം ദിവ്യയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പിന്നീട്, സ്ഥിരം ജാമ്യം ലഭിച്ച അവർ ജയില്‍ മോചിതയായി.
കേരളത്തിൽ ഇക്കാലത്തിനിടെ ഒറ്റ നിയമസഭ സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബി.ജെ.പിക്ക് തൃശൂർ ലോക്സഭ മണ്ഡലത്തിലെ കന്നി ജയം നൽകിയ പ്രത്യാശ വലുതാണ്. 74,686 വോട്ടിനാണ് സുരേഷ് ഗോപി വിജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിൽ തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, മണലൂർ എന്നീ ആറിലും ബി.ജെ.പി ഒന്നാമതെത്തി.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള നേമവും കഴക്കൂട്ടവും വട്ടിയൂർക്കാവും ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിലെ ആറ്റിങ്ങലിലും കാട്ടാക്കടയിലും ബി.ജെ.പിയാണ് മുന്നിൽ. 140 മണ്ഡലങ്ങളുള്ള കേരളത്തിൽ നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ 11 എണ്ണത്തിൽ മുന്നിലെത്തിയത് അവർക്ക് ആത്മവിശ്വാസം നൽകും. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർകോട് എന്നീ എട്ട് മണ്ഡലങ്ങളിൽ ബി.ജെ.പി രണ്ടാമതെത്തി.
രാഷ്ട്രീയ പാർട്ടി മാറ്റം അത്ര അസാധാരണമല്ലാത്ത കാലമാണിത്. എന്നിട്ടും നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന്റെയും കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഡോ. പി. സരിന്റെയും ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെയും രാഷ്ട്രീയമാറ്റം ഏറെ ചർച്ചയായി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത്കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും നിശിതമായി വിമർശിച്ചാണ് ഇടതു സ്വതന്ത്ര എം.എൽ.എയായിരുന്ന പി.വി. അൻവർ സി.പി.എം ബന്ധം ഉപേക്ഷിച്ചത്. പിന്നീട് ആരോപണം മുഖ്യമന്ത്രിയിലേക്കും നീണ്ടു. ഡി.എം.കെ എന്ന പേരിൽ സംഘടന രൂപവത്കരിച്ച് രാഷ്ട്രീയ പരീക്ഷണത്തിലാണ് അൻവർ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നൽകാഞ്ഞതോടെ കോൺഗ്രസ് മീഡിയ സെൽ കൺവീനറായ ഡോ. പി. സരിൻ ഇടതു സ്വതന്ത്രനായി പാലക്കാട്ട് കളത്തിലിറങ്ങി. വോട്ടിൽ നേരിയ വർധന ഉണ്ടാക്കാനായെങ്കിലും മൂന്നാം സ്ഥാനത്ത് എത്താനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ബി.ജെ.പിക്കെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കെന്നാണ് സന്ദീപ് വാര്യരുടെ വരവിനെ കോൺഗ്രസ് വിശേഷിപ്പിച്ചത്.
മുഖ്യമന്ത്രിക്കും എ.ഡി.ജി.പി അജിത് കുമാറിനുമെതിരെ പി.വി. അന്‍വർ എം.എല്‍.എ തുടങ്ങിയ വിമർശനം എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടിവരയിട്ടതോടെ മറ്റൊരു വിവാദംകൂടി കേരളത്തിൽ കത്തിപ്പടർന്നു. മുഖ്യമന്ത്രിയുടെ അറിവോടെ ആർ.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസാബല യുമായി അജിത് കുമാർ സംസാരിച്ചെന്നായിരുന്നു ആരോപണം.
തൃശൂര്‍പൂരം കലക്കാന്‍ എ.ഡി.ജി.പി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടെന്ന ആരോപണവും ഉയർന്നു. പൂരം കലക്കി ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പിന്നീട്, സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി എം.ആര്. അജിത്കുമാര്‍ വെളിപ്പെടുത്തി. പിന്നാലെ സ്പെഷല്‍ ബ്രാഞ്ച് അജിത് കുമാര്‍ മുതിര്‍ന്ന ആർ.എസ്.എസ് നേതാവ് റാം മാധവിനെ കണ്ട കാര്യവും വെളിപ്പെടുത്തി. വിവാദം കത്തുന്നതിനിടെ, അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി ബറ്റാലിയന് എ.ഡി.ജി.പിയാക്കി.
എന്നാല്‍, എ.ഡി.ജി.പി-ആര്.എസ്.എസ് കൂടിക്കാഴ്ച, പൂരം കലക്കല്‍, സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം, മാമി തിരോധാനം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്ന അജിത്കുമാറിനെ ഡി.ജി.പിയായി നിയമിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി ശിപാർശക്ക് മന്ത്രിസഭ ഐകകണ്ഠ്യേന അംഗീകാരം നൽകുന്നതാണ് പിന്നീട് കണ്ടത്.
എക്കാലവും മുസ്ലിം ലീഗിനെ പിന്തുണച്ച സമസ്ത കേരള ജംഇയ്യതുൽ ഉലമയിലെ ഒരു വിഭാഗം ലീഗിനോട് ഇടഞ്ഞുനിൽക്കുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പിന്തുണ ഇവർക്കുണ്ടെന്നാണ് വിലയിരുത്തൽ. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളെ മുൻഗാമികളെപ്പോലെ ആത്മീയനേതാവായി കാണാൻ സമസ്തയിലെ ഒരുവിഭാഗം തയാറല്ല. സാദിഖലി തങ്ങളുടെ ആത്മീയ നേതൃപദവി ചോദ്യംചെയ്ത് സമസ്ത മുശാവറ അംഗം മുക്കം ഉമർ ഫൈസി രംഗത്തെത്തിയതും അതിനെ പ്രതിരോധിക്കാൻ സമസ്തയിലെ തന്നെ പ്രമുഖരും ലീഗ് നേതൃത്വവും ഇറങ്ങിയതും കണ്ടു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിൽ നിലനിൽക്കുന്ന കേസുകളെയും തർക്കങ്ങളെയും അതിനു മുന്നോടിയായി മലങ്കര സഭയിൽ നടന്ന പിളർപ്പുമാണ് മലങ്കര സഭാതർക്കം എന്ന് വിളിക്കുന്നത്. ഓർത്തഡോക്സ്-യാക്കോബായ തർക്കം എന്ന് പേരുവിളിക്കുന്നതും ഇതുതന്നെ. പ്രാദേശികമായി പള്ളി ഭരണത്തെ സംബന്ധിച്ച വിയോജിപ്പുകളാണ് ഇപ്പോഴും തർക്കങ്ങളായി തുടരുന്നത്.
എറണാകുളം, പാലക്കാട് ജില്ലകളിലെ പള്ളികളിലാണ് പ്രധാന തർക്കം. ശാശ്വത പരിഹാരത്തിനായി വിശ്വാസികളുടെ കണക്കെടുക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടതാണ് ഈ കാര്യത്തിലെ അവസാന നീക്കം. ആറ് പള്ളികളുടെ കൈമാറ്റത്തില്‍ 2025 ജനുവരി അവസാനംവരെ തല്‍സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വൈദികനിരയിൽനിന്ന് കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അപൂർവതയുമായാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം വത്തിക്കാനിൽ നടന്നത്. കത്തോലിക്കാ സഭയെ നയിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ ഭരണകാര്യങ്ങളിൽ ഉൾപ്പെടെ സഹായിക്കാനാണ് കോട്ടയം ചങ്ങനാശേരിക്കടുത്തുള്ള മാമൂടുകാരന് നിയോഗം. സീറോ മലബാർ സഭക്കും കൂവക്കാടിന്റെ പദവി അഭിമാനകരം.
ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ സര്‍വമത സമ്മേളനം നടന്നു. ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണ് അതിനാവശ്യമെന്നും സമ്മേളനം ഓർമിപ്പിച്ചു. ദൈവദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലപിച്ചാരംഭിച്ച സെമിനാര്‍ സ്വാമി ഋതംഭരാനന്ദയുടെ സര്‍വമത പ്രാര്‍ഥനയോടെയാണ് സമാപിച്ചത്. കേരളത്തിൽനിന്നടക്കം നിരവധി മതമേലധ്യക്ഷന്മാർ ചടങ്ങിന്റെ ഭാഗമായി.
റോഡപകടങ്ങളുടെ പരമ്പരകൾക്കാണ് വർഷാന്ത്യത്തിന്റെ രണ്ടു മാസത്തിൽ കേരളം സാക്ഷിയായത്. ഡോക്ടറാകാൻ കച്ചകെട്ടിയിറങ്ങിയ ആറ് മെഡിക്കൽ വിദ്യാർഥികൾ, ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടതാണ് പരമ്പരയിലെ തുടക്കം. അന്ന് 11 പേർ സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സി ബസിലിടിച്ചാണ് അപകടം.
പാലക്കാടാണ് മറ്റൊരു ദുരന്തം. പരീക്ഷ കഴിഞ്ഞ് നടന്നുപോകുന്ന വിദ്യാർഥിനികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർ തൽക്ഷണം മരിച്ചു. പിന്നീട് തുടരെ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ മോട്ടോർ വാഹന വകുപ്പ് പ്രത്യേക ബോധവത്കരണ കാമ്പയിനും പരിശോധനയുമായി രംഗത്തുണ്ട്.
സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ കേരള സർക്കാർ ഡല്‍ഹി ജന്തർ മന്തറില്‍ സമരരംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം കൊടുത്ത സമരത്തില്‍ കേരളത്തില്‍നിന്നുള്ള മന്ത്രിമാരും അണിനിരന്നു. ഇതിനുപുറമെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രതിഷേധത്തിനെത്തി.
കേരളത്തിന്റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ്, ചരിത്രത്തില്‍ അധികം കേട്ടുകേൾവിയില്ലാത്ത ഈ പ്രക്ഷോഭത്തിന്റെ മാര്‍ഗം തെരഞ്ഞെടുത്തത്. സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമായത് മാറി.
പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല വിദ്യാർഥിയായ സിദ്ധാർഥിനെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കാമ്പസിലെ കൊടുംക്രൂരതകൾ തുടരുന്നതിന്റെ സാക്ഷ്യപത്രമായി. മരണവുമായി ബന്ധപ്പെട്ട് 19 വിദ്യാർഥികൾ റിമാൻഡിലായിരുന്നു. കോളജിലെ വിദ്യാർഥികളില്‍നിന്ന് നേരിട്ട റാഗിങ്ങും മർദനവുംമൂലം സിദ്ധാർഥന് ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ കൊന്ന് കെട്ടിത്തൂക്കിയെന്ന ആരോപണം വരെ ചർച്ചയായി.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി മൂന്നര ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലെത്തുക. എന്നാൽ, 2024 മാർച്ച് ഒന്നിന് പതിവ് മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും പെൻഷനും മുടങ്ങാൻ കാരണം. ആറു ലക്ഷം പേരുടെ പെൻഷനും മുടങ്ങി.
റിയാദ് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ച 18 വർഷം സൗദി അറേബ്യയിൽ തടവിൽ കഴിഞ്ഞ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് സുമനസ്സുകൾ കൈകോർത്തു. സംസ്ഥാനത്തും പുറത്തുമുള്ള ജീവിതത്തിന്റെ നാനാ തുറകളിലുള്ളവർ ദയയും ഐക്യദാർഢ്യവും പ്രകടമാക്കിയതോടെ മോചനദ്രവ്യം നൽകാനായി സ്വരൂപിച്ചത് 34 കോടിയിലേറെ രൂപ.
ഭിന്നശേഷിക്കാരനായ കുട്ടിയുടെ തൊണ്ടയിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണത്തിൽ റഹീമിന്റെ കൈതട്ടി കുട്ടി മരിക്കാനിടയായ സംഭവത്തിലാണ് വധശിക്ഷക്ക് വിധിച്ചത്. തുക സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാനുള്ള സന്നദ്ധത കുടുംബം കോടതിയെ അറിയിച്ചതോടെ കോടതി വധശിക്ഷ റദ്ദാക്കി. ചില നിയമകടമ്പകൾകൂടി മറികടന്ന് മോചനം സാധ്യമാക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിലാണ്.
വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ എല്ലാ ജാതി മത വിഭാഗങ്ങളും ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമായതോടെ ഇതിനെതിരെ വർഗീയാരോപണം ഉന്നയിച്ചവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. എയ്റോബിക്സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.
ചരക്കുകടത്തലിന്റെ അനന്ത സാധ്യതകൾ തുറന്നിട്ട് തിരുവനന്തപുരം വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം പ്രവർത്തന സജ്ജമാകുന്നു. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ സാമീപ്യവും തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലം വരെ 24 മീറ്റർ സ്വാഭാവിക ആഴവുമെല്ലാം വിഴിഞ്ഞത്തിന്റെ ഭാവി ശോഭനമെന്നത് തെളിയിക്കുന്നു. സൂയസ് കനാലിലൂടെ പ്രതിവർഷം കടന്നുപോകുന്ന 20,000 കപ്പലുകളിൽ പകുതിയെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് പോർട്ടാണ് വിഴിഞ്ഞത്തേത്. 20,000-25,000 കണ്ടെയ്നറുകൾ വഹിക്കാവുന്ന കൂറ്റൻ കപ്പലുകൾ വിഴിഞ്ഞത്ത് അടുപ്പിക്കാനാകും. ഇവക്ക് 350-450 മീറ്റർ നീളവും ബഹുനില കെട്ടിടങ്ങളുടെ ഉയരവും കടലിനടിയിലേക്ക് 16-20 മീറ്റർ താഴ്ചയുമുണ്ടാകും. കൂടുതൽ ആഴമുള്ള പോർട്ടുകളിലാണ് ഇത്തരം കപ്പലുകൾ അടുക്കുക.
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ലോറിസഹിതം ഉത്തര കന്നടയിൽ മണ്ണിടിച്ചിലിൽ അകപ്പെട്ടത് 2024ന്റെ നൊമ്പരപ്പാടായി. 72 ദിവസത്തിനുശേഷമാണ് ഗംഗാവാലി പുഴയിൽ ലോറിയുടെ കാബിനിനുള്ളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുന്നത്. ഒരു മനുഷ്യജീവനുവേണ്ടിയുള്ള സകല പ്രയത്നങ്ങൾക്കും സാക്ഷിയായ വിയോഗമാണിത്. കേരളവും കർണാടകവും ഈ ദൗത്യത്തിനായി കൈകോർത്തു. ലോറിയുടമ മനാഫ് ഈ നാളുകളിലത്രയും തെരച്ചിലിന് കാവലാളായി. കേരള ചരിത്രത്തിൽ ഒരാളുടെ വീണ്ടെടുപ്പിനായി ഇത്രയേറെ ആളും അർഥവും പ്രാർഥനയും പ്രതിഷേധവും കണ്ട മറ്റൊരു സംഭവം സമീപകാലത്തില്ല.
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരണം. മലപ്പുറം വണ്ടൂരിൽ മരിച്ച 24കാരന്റെ നിപ പരിശോധന ഫലം പോസിറ്റിവായിരുന്നു.
വൈകാതെ പ്രോട്ടോകോൾ പ്രകാരമുള്ള ഇടപെടലുകൾ വഴി രോഗവ്യാപനത്തെ തടയാനായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് പിന്നീട് നിപ സ്ഥിരീകരിച്ചതോടെ ഈ നീരാളിപ്പിടിത്തത്തിൽനിന്ന് ശാശ്വത മോചനമെന്നത് അസാധ്യമായി. എങ്കിലും, ജാഗ്രത വഴി നിപയെ ഒരിക്കൽകൂടി മുട്ടുകുത്തിക്കാൻ നമ്മുടെ ആരോഗ്യവകുപ്പിനായി.
ജ്ഞാനപീഠമേറിയ ഇതിഹാസ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗം തീരാനഷ്ടമായി. സാഹിത്യത്തിലെ സൂപ്പർ സ്റ്റാർ ആയ എം.ടിയെ പോലെ മറ്റൊരാളില്ല. നാലുകെട്ട് എന്ന ആദ്യ നോവൽ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ആറുപതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ സപര്യയിൽ എം.ടി കീഴടക്കാത്ത ഉയരങ്ങളില്ല. 1996ൽ ജ്ഞാനപീഠം പുരസ്കാരവും 2005ൽ പത്മഭൂഷണും ലഭിച്ചു. രണ്ടാമൂഴം എന്ന കൃതിക്ക് വയലാർ അവാർഡും മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡും നേടി. നാലുകെട്ട്, സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ എന്നീ കൃതികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും കാലം എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വാനപ്രസ്ഥത്തിന് ഓടക്കുഴൽ അവാർഡും ലഭിച്ചു.
കാലിക്കറ്റ്, മഹാത്മാഗാന്ധി സർവകലാശാലകൾ 1996ൽ ഓണററി ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു. 2005ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു. 2008ൽ കൊൽക്കത്ത നേതാജി ഓപൺ യൂനിവേഴ്സിറ്റി ഡി. ലിറ്റ് നൽകി ആദരിച്ചു. തുഞ്ചൻ സ്മാരക സമിതി അധ്യക്ഷനും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടിവ് അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.