കൊച്ചി: മലബാർ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗവും ഭൂസംരക്ഷണ യൂനിറ്റും തുടങ്ങുന്ന കാര്യത്തിൽ മൂന്നു മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.
ഇതുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങളുടെയും ദേവസ്വം കമീഷണറുടെയും യോഗം ഉടൻ വിളിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തൃശൂർ ചാവക്കാട് കാട്ടുപുറം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റി നിയമനം ചോദ്യം ചെയ്ത് തൃശൂർ അണ്ടത്തോട് സ്വദേശി കെ.കെ. ചന്ദ്രശേഖരൻ നൽകിയ ഹരജി പരിഗണിക്കവെയാണ് ഈ നിർദേശം നൽകിയത്.
മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളായി രാഷ്ട്രീയക്കാരെ നിയോഗിക്കരുതെന്ന ഹൈകോടതി ഉത്തരവ് മറികടന്ന് സി.പി.എമ്മിന്റെ കർഷക സംഘടനയായ കേരള കർഷക സംഘത്തിന്റെ പുന്നയൂർക്കുളം വെസ്റ്റ് പ്രസിഡന്റ് സി.എം. ചന്ദ്രനെ നിയമിച്ചത് ചോദ്യം ചെയ്താണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. പാരമ്പര്യേതര ട്രസ്റ്റി നിയമനത്തെ എതിർത്ത് ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി സത്യവാങ്മൂലവും നൽകിയിരുന്നു.
എന്നാൽ, ഹരജിക്കാരൻ ഈയാവശ്യം ഉന്നയിച്ച് ദേവസ്വം കമീഷണർക്ക് റിവ്യൂ ഹരജി നൽകിയ സാഹചര്യത്തിൽ രണ്ടുമാസത്തിനകം ഇതു പരിഗണിച്ചു കമീഷണർ തീർപ്പാക്കാൻ ഹൈകോടതി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.