മലബാർ സമരപോരാളികളുടെ പേര് വെട്ടൽ: കേരളം പ്രതിഷേധം അറിയിക്കണമെന്ന് ടി.വി. ഇബ്രാഹിം

കൊണ്ടോട്ടി: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്‍റെ പേരിൽ ചരിത്രത്തിലിടം നേടിയ 1921ലെ മലബാർ സ്വാതന്ത്ര്യസമര പോരാളികളുടെ പേരുകൾ ഐ.സി.എച്ച്.ആറിന്‍റെ മൂന്നംഗ പാനൽ സ്വാതന്ത്ര്യ സമര പോരാളികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്ത നടപടിക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ. ഈ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ പ്രതിഷേധം അറിയിക്കണമെന്ന് കാണിച്ച് ടി.വി. ഇബ്രാഹിം മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കേരളത്തിന്‍റെ അടയാളപ്പെടുത്തലാണ് 1921ലെ മലബാർ സമരം. ഇതിനെ തുടർന്ന് നടന്ന വാഗൺ ട്രാജഡിയും ദേശസ്നേഹികൾക്ക് വേദനയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഓർമകളാണ്. ഈ ഓർമകളെ ഭയപ്പെടുന്ന സംഘ് പരിവർ നേതൃത്യമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമടക്കം 387 പേരുടെ പേരുകളെ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാൻ നേതൃത്വം നൽകിയത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു സംഭാവനയും ചെയ്തിട്ടില്ലാത്ത സംഘ്പരിവാർ ശക്തികളുടെ അസഹിഷ്ണുതയാണ് അപരനിർമിതിയിലൂടെ പുറത്ത് വരുന്നത്. ഐ.സി.എച്ച്.ആറിന്‍റെ തലപ്പത്ത് സംഘ്പരിവാർ സഹയാത്രികൻ ഓം ജീ ഉപാധ്യാെയെ നിയമിച്ച പോൾ തന്നെ ചരിത്ര കൗൺസിലിന്‍റെ ഗതി ചരിത്ര പണ്ഡിതർ ചുണ്ടിക്കാട്ടിയത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കാര്യങ്ങൾ.

ഈ യുദ്ധത്തിൽ 10,018 പേർ മരിക്കുകയും 40,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും 60,000ത്തോളം കേസുകൾ രജിസ്റ്റർ ചെയുകയും ഉണ്ടായതായി അന്നത്തെ പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്ക് തന്‍റെ ഡയറി കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ചരിത്രകാരന്മാരായ വിപിൻ ചന്ദ്ര, റെമീല ഥാപർ, ഇർഫാൻ ഹബീബ്, ഐ.സി.എച്ച്.ആർ മെമ്പർ സെക്രട്ടറിയായിരുന്ന എം.ജി.എസ് നാരായണൻ, കെ.എൻ. പണിക്കർ, ഡോ. എം. ഗംഗാധരൻ ഇവരെല്ലാം മഹത്തായ സ്വാതന്ത്ര്യ സമരത്തിന്‍റെ പട്ടികയിലാണ് ഈ സമരവും സമര നായകരെയും ഉൾപ്പെടുത്തിയത് എന്നിരിക്കെ ചരിത്ര കൗൺസിലിന്‍റെ നടപടി മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള തലമുറ തള്ളിക്കളയും എന്നുറപ്പാണ്.

ഐ.സി.എച്ച്.ആറിന്‍റെ നടപടി കേരളീയ പൊതുസമൂഹം ശക്തമായി പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. അതുകൊണ്ട് ചരിത്രത്തെ തമസ്ക്കരിക്കാനുള്ള ഐ.സി.എച്ച്.ആറിന്‍റെ നടപടിക്കെതിരെ കേന്ദ്ര സർക്കാറിനെ സംസ്ഥാനം ഔദ്യോഗികമായി പ്രതിഷേധം അറിയിക്കണമെന്നും ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടു.

Tags:    
News Summary - Malabar rebellion: TV Ibrahim send letter to Kerala CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.