‘ആരും മനപൂര്‍വം വരാതിരുന്നതല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു’; വിവാദങ്ങളിൽ പ്രതികരിച്ച് മാമുക്കോയയുടെ മകൻ

അന്തരിച്ച നടൻ മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് മകന്‍ മുഹമ്മദ് നിസാര്‍. പ്രമുഖ താരങ്ങൾ അനുശോചനം അറിയിക്കാൻ എത്താത്തതിൽ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമടക്കമുള്ളവർ വിളിച്ച് സാഹചര്യം എന്താണെന്ന് അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണം. ഇതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പ്രതികരിച്ചു.ഷൂട്ട് മാറ്റിവച്ച് മറ്റു ചടങ്ങുകൾക്ക് പോകുന്നത് പിതാവിന് വിയോജിപ്പായിരുന്നെന്നും മകൻ കൂട്ടിച്ചേർത്തു.

‘ആരും മനപൂര്‍വം വരാതിരുന്നതല്ല, ആർക്കും ഒരു ഇഷ്ടക്കുറവും ഇല്ല. എല്ലാവരും വിളിച്ചിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവർ വിളിച്ചിരുന്നു. പെട്ടന്നായിരുന്നല്ലോ ഖബറടക്കത്തിന്റെ സമയം പ്രഖ്യാപിച്ചത്. പത്ത് മണിക്ക് എത്തണമെങ്കിൽ പുലർച്ചെ തന്നെ ഇറങ്ങേണ്ടി വരും. ഇവരൊന്നും വരുന്നതിലല്ല, പ്രാർഥിക്കുന്നതിലല്ലേ കാര്യം. ജോജുവും ഇർഷാദും സാദിഖും ഇടവേള ബാബുവും വീട്ടിൽ വന്നിരുന്നു. ആരോടും ഒരു പരാതിയുമില്ല. ഇവരൊക്കെ നല്ല സുഹൃത്തുക്കളും ഇഷ്ടക്കാരുമാണ്.

“യാതൊരു വിധ പരാതികളുമില്ല. അങ്ങനെ പരാതികൾ പറയുന്നൊരു ആളല്ല എന്റെ വാപ്പ. വരാതിരുന്നവർക്ക് അവരുടേതായ തിരക്കുകളുണ്ടാകും. മോഹൻലാലും മമ്മൂട്ടിയും ഫോണിൽ വിളിച്ചു. ഇന്നസെന്റ് മരിക്കുന്ന സമയത്ത് ഉപ്പ വിദേശത്തായിരുന്നു, ഒരു സ്റ്റേജ് ഷോയ്ക്കായി പോയതാണ്. പക്ഷെ അത് ഉപേക്ഷിച്ച് ഉപ്പ വന്നില്ല,.കാരണം അതിൽ ഒരുപാട് പേർക്ക് നഷ്ടങ്ങളുണ്ടാകും. അതുപോലെ മോഹൻലാൽ ജപ്പാനിൽ നിന്നും മമ്മൂട്ടി ഉംറ റദ്ദാക്കി വരണമെന്ന് പറഞ്ഞാൻ അതിൽ എന്താണ് ന്യായമുള്ളത്’- നിസാർ പറഞ്ഞു.

‘ഉപ്പായ്ക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അത് കൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വിലകൂടിയ ചെരുപ്പ് ധരിക്കില്ല, വസ്ത്രം ധരിക്കില്ല. ദേഷ്യം വരില്ല അങ്ങനെയായിരുന്നു ഉപ്പ’–മുഹമ്മദ് നിസാർ പറഞ്ഞു.

മാമുക്കോയക്ക്‌ മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന സംവിധായകൻ വി.എം വിനുവിന്റെ പ്രതികരണം സിനിമാ മേഖലയില്‍ വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതി. പക്ഷേ വന്നില്ല. എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നുമാണ് വിനു പറഞ്ഞത്. ബുധനാഴ്ച്ചയാണ് മലയാളികളുടെ പ്രിയതാരം മാമുക്കോയ മരണപ്പെട്ടത്. ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

Tags:    
News Summary - Mamukkoya's son reacts on the controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.