കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കീഴിലെ കോളജുകളിലും സർക്കാർ, സർവകലാശാല പ്രതിനിധികളെ ഉൾപ്പെടുത്തി മാനേജിങ് കമ്മിറ്റി രൂപവത്കരിക്കണമെന്ന എം.ജി സർവകലാശാല ആക്ടിലെ വ്യവസ്ഥ ഹൈകോടതി ശരിവെച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളെ ഒരുതരത്തിലും ഇത് ബാധിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പുറത്തുനിന്നുള്ള രണ്ട് പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന നിർദേശം ന്യൂനപക്ഷാവകാശത്തെ ഹനിക്കുന്നതാണെന്ന് കാട്ടി കൺസോർട്ട്യം ഓഫ് കാത്തലിക് ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് ഹയർ എജുക്കേഷൻ ഇൻ കേരളയടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.ഭരണപരമായ കാര്യങ്ങളിൽ മാനേജ്മെന്റിനെ ഉപദേശിക്കുന്നതിനപ്പുറം കമ്മിറ്റിക്ക് പ്രത്യേകാവകാശങ്ങളില്ലെന്നിരിക്കെ ഹരജിക്കാരുടെ ആശങ്കക്ക് അടിസ്ഥാനമില്ലെന്നായിരുന്നു സർവകലാശാലയുടെ വാദം.
ഇത് കോടതി അംഗീകരിച്ചു. അസി. പ്രഫസർ നിയമന ഇന്റർവ്യൂ ബോർഡിൽ വിഷയ വദഗ്ധനെ ഉൾപ്പെടുത്തണമെന്ന് നിർദേശിച്ച് 2020ൽ സർവകലാശാല പുറപ്പെടുവിച്ച സർക്കുലറും ശരിവെച്ചു. ഇന്റർവ്യൂ ബോർഡിൽ വിദഗ്ധനെ ഉൾപ്പെടുത്താമെങ്കിലും മാനേജിങ് കമ്മിറ്റി ശിപാർശ ചെയ്യുന്നയാളെയാണ് നിയോഗിക്കേണ്ടതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, കമ്മിറ്റിയുടെ ശിപാർശ പൂർണമായും അംഗീകരിക്കാൻ മാനേജ്മെന്റിന് ബാധ്യതയില്ലെന്ന് വിലയിരുത്തിയ കോടതി, ഈ വാദത്തിലും ഇടപെടാതെ ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.