മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്​: കെ. സുരേന്ദ്രൻ പിന്മാറി

കാസർകോട്​: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽനിന്ന്​ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ പിന്മാറി. പി.ബി. അബ്​ദുറസാഖ് ​ 259 കള്ളവോട്ട്​ നേടിയാണ്​ വിജയിച്ചതെന്ന്​ ആരോപിച്ച്​ സുരേന്ദ്രൻ നൽകിയ ഹരജിയാണ്​ പിൻവലിക്കുന്നത്​. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന്​ സുരേന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കേസിൽ സാക്ഷികൾ എത്താതിരിക്കാൻ സി.പി.എമ്മും മുസ്‌ലിം ലീഗും ഒത്തുകളിച്ചതായി കെ. സുരേന്ദ്രൻ ആരോപിച്ചു. ഇനി വിഷയം രാഷ്​ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി.ബി. അബ്​ദുറസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ സുരേന്ദ്രന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയത്​. ഇതിനിടെ അബ്​ദുറസാഖ് മരിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയാറായിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയായേക്കുമെന്ന്​ പ്രചാരണം നടക്കുന്നതിനിടയിലാണ്​ ഹരജി പിൻവലിക്കുന്നത്​.

പിന്മാറ്റം വിധി ബോധ്യമായതിനാൽ
കാസർകോട്​: മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കേസിൽനിന്ന്​ കെ. സുരേന്ദ്രൻ പിന്മാറിയത്​ വിധി ബോധ്യമായതിനാൽ. പി.ബി. അബ്​ദുറസാഖി​​െൻറ നിര്യാണത്തിനുശേഷം നടന്ന വാദത്തിനിടെ കേസ്​ തുടരേണ്ടതുണ്ടോയെന്ന്​ കെ. സുരേന്ദ്രനോട്​ കോടതി ചോദിച്ചിരുന്നു. ഇതിന്​ രണ്ടു ദിവസത്തിനകം മറുപടി നൽകാമെന്നാണ്​ കെ. സുരേന്ദ്രൻ അറിയിച്ചത്​. എന്നാൽ, നാലു​ മാസത്തിനുശേഷമാണ്​ സുരേന്ദ്രൻ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുന്നത്​.

കാസർകോട്​ ലോകസഭാ സീറ്റ്​ സംബന്ധിച്ച്​ സുരേന്ദ്രന്​ പാർട്ടിയിൽനിന്ന്​ ഉറപ്പ്​ ലഭിക്കാത്തതി​നാലാണ്​ കാലതാമസമുണ്ടായതെന്നാണ്​ സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 89 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ പി.ബി. അബ്​ദുറസാഖിനുണ്ടായത്​. ഇത്രയും ചെറിയ ഭൂരിപക്ഷത്തെ അതി​െനക്കാൾ കൂടുതൽ കള്ളവോട്ടുകളുണ്ടെന്ന്​ തെളിയിച്ചാൽ മറികടക്കാമെന്ന്​ അവകാശപ്പെട്ടാണ്​ ഹരജി നൽകിയത്​. 291 പേർ മഞ്ചേശ്വരത്ത്​ പി.ബി. അബ്​ദുറസാഖിന്​ അനുകൂലമായി കള്ളവോട്ട്​ ചെയ്​തുവെന്നാണ്​ ആദ്യ ഹരജിയിൽ പറഞ്ഞത്​. ഇതിൽ 32 പേർ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ചയിൽപെട്ടവരായിരുന്നുവെന്ന്​ തിരിച്ചറിഞ്ഞതിനെ തുടർന്ന്​ തിരുത്തി​ 259 എന്നാക്കി. ഇതിൽ 175 പേരെ മുസ്​ലിം ലീഗ്​ കോടതിയിൽ ഹാജരാക്കി നാട്ടിലുള്ളവർ എന്ന്​ ബോധ്യപ്പെടുത്തി.

11 പേരുടെ മരണ സർട്ടിഫിക്കറ്റും ഹാജരാക്കി. ശേഷിച്ചത്​ 186 പേരാണ്​. ഇതിൽ 65 പേർ വിദേശത്താണെന്ന്​ കോടതിയെ അറിയിച്ചു. ഇവരെ ഹാജരാക്കാൻ ഒരാൾക്ക്​ 47,000 രൂപ വീതം കോടതിയിൽ കെട്ടിവെക്കണമെന്ന്​ സുരേന്ദ്രനോട്​ ആവശ്യപ്പെട്ടു. എന്നാൽ, സുരേന്ദ്രൻ അതിന്​ തയാറായില്ല. ബാക്കിയുള്ള 73 പേരുടെ വോട്ടുകൾ കള്ളവോട്ടാണെന്ന്​ തെളിഞ്ഞാലും പി.ബി. അബ്​ദുറസാഖിന്​ വിധി അനുകൂലമായേക്കാമെന്ന തിരിച്ചറിവാണ്​ ഹരജിയിൽനിന്ന്​ പിന്മാറാൻ സുരേന്ദ്രനെ പ്രേരിപ്പിച്ചത്​.

Tags:    
News Summary - manjeswaram election case withdraws said K Surendran -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.