വിപണിയിൽ മാസ്ക് ക്ഷാമം

വെള്ളമുണ്ട: നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കിയതോടെ പൊതുജനം വലഞ്ഞു. പൊതു ഇടങ്ങളിലും കൂടിച്ചേരലുകളിലും തൊഴിലിടങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴയടക്കമുള്ള നിയമനടപടി പ്രാബല്യത്തിൽ വന്നതോടെ ആളുകൾ മാസ്ക് വാങ്ങാൻ കടകളിലെത്തുമ്പോൾ പ്രതീക്ഷിച്ചപോലെ വിപണിയിൽ ലഭ്യമല്ലാത്തതാണ് തിരിച്ചടിയായത്.

നേരത്തേ, മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാൻ പാടില്ലെന്ന കേന്ദ്ര ഉത്തരവ് വന്നതോടെ മൊത്തവ്യാപാരികൾ മാസ്ക് വിപണനം ഏറക്കുറെ അവസാനിപ്പിച്ച അവസ്ഥയിലായിരുന്നു. മാസ്ക് വാങ്ങാൻ ആളു കുറഞ്ഞതോടെ ചെറുകിട വ്യാപാരികളും കിട്ടിയ വിലക്ക് മാസ്ക് വിറ്റുതീർത്തതും പല സ്ഥലങ്ങളിലും ക്ഷാമത്തിനിടയാക്കി.

വ്യാഴാഴ്ച രാവിലെ മുതൽ പലയിടങ്ങളിലും മാസ്ക് പരിശോധനയുമായി പൊലീസുകാർ ഇറങ്ങിയതോടെ റോഡിലിറങ്ങിയവർ വെട്ടിലായി. ഗ്രാമപ്രദേശങ്ങളിലെ കടകളിൽ മാസ്ക് ലഭിക്കാത്തതിനാൽ പലർക്കും വാങ്ങാനായില്ല. മുമ്പ് ഉപയോഗിച്ച തുണിമാസ്‌ക്കുകൾ നല്ലൊരു ശതമാനം പേരും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. വിവിധ വർണങ്ങളിലും വലുപ്പത്തിലുമുള്ള മാസ്‌ക്കുകൾ വിപണിയിൽനിന്ന് അപ്രത്യക്ഷമായതോടെ സർജിക്കൽ മാസ്ക് മാത്രമാണ് പേരിനെങ്കിലും വിപണിയിലുള്ളത്. ഇത്തരം മാസ്‌ക്കുകൾ ഒറ്റത്തവണ ഉപയോഗിക്കാനേ കഴിയൂ. ഗ്രാമങ്ങളിലെ കടകളിൽ ആവശ്യത്തിന് മാസ്‌ക്കുകൾ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. കുടുംബശ്രീകളും സന്നദ്ധ സംഘടനകളും നിർമിക്കുന്ന മാസ്‌ക്കുകളും ഇപ്പോൾ വിപണിയിൽ കുറവാണ്.

ഇതര ജില്ലകളിലെ മൊത്ത വിതരണ കടകളിൽനിന്ന് മാസ്ക് ലഭിക്കാത്തത് കച്ചവടക്കാർക്കും തിരിച്ചടിയായി.

Tags:    
News Summary - Mask shortage in the market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.