കൊച്ചി: മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ചോദ്യങ്ങളുമായി മാത്യു കുഴൽനാടൻ. ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്ന് പണം ൈകപ്പറ്റിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
എക്‌സാ ലോജിക്കോ വീണാ വിജയനോ ഒരു സേവനവും സി.എം.ആർ.എല്ലിന് നൽകിയിട്ടില്ല. പിന്നെ പണം നൽകാൻ രണ്ട് സാധ്യതകളാണുള്ളത്. ഒന്നുകിൽ വീണ വിജയന് ഭിക്ഷയായി നൽകിയത്. ഭിക്ഷയല്ലെങ്കിൽ അതിന് കാരണമുണ്ട്, അതന്വേഷിച്ചപ്പോഴാണ് വീണ വിജയൻ പിണറായി വിജയന്റെ മകളാണെന്ന് കണ്ടെത്തിയത്. പി.വി താനല്ലെന്ന് പറയുന്ന പിണറായി വിജയൻ വീണ തന്റെ മകളല്ലെന്ന് പറയാൻ തയ്യാറാകുമോ എന്നും കുഴൽനാടൻ ചോദിച്ചു. പി.വി. മറ്റൊരാളാണെന്ന് മുഖ്യമന്ത്രി തെളിയിച്ചാൽ എം.എൽ.എ സ്ഥാനം താൻ രാജിവെക്കുമെന്നും കുഴൽനാടൻ വെല്ലുവിളിച്ചു.
ഇടക്കാല റിപ്പോർട്ടിലെ പരാമർശം തന്നെക്കുറിച്ചല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇത് പച്ചക്കള്ളമാണ്. പൊതുസമൂഹത്തിന് മുമ്പിൽ മുഖ്യ മന്ത്രി പച്ചക്കളളം പറയുകയാണ്. ഇതോടെ പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഇമേജ് ഇടിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെക്കുറിച്ച് തന്നെയാണ് റിപ്പോർട്ടിലുള്ളത്. സി.എം.ആർ.എല്ലിൽ നിന്ന് മാത്രമല്ല പലരിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി ജനങ്ങളോട് പറഞ്ഞ പച്ചക്കള്ളം തിരുത്തി പറയണം.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നത്. വിജിലൻസ് കേസെടുത്ത് തളർത്താമെന്ന് കരുതേണ്ട. ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും കുഴൽനാടൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.