തിരുവനന്തപുരം: കരുവന്നൂർ ബാങ്കിൽ സി.പി.എം നേതാക്കൾ നടത്തിയ അഴിമതിയെക്കുറിച്ച് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷ ബഹളം. സ്പീക്കർ എ.എൻ. ഷംസീറും മാത്യു കുഴൽനാടനെതിരെ കർശന നിലപാട് സ്വീകരിച്ചു. ഒടുവിൽ കുഴൽനാടൻ സംസാരിച്ചു തീരും മുമ്പ് മൈക്കും ഓഫ് ചെയ്തു. വ്യാഴാഴ്ച വൈകി സഹകരണ നിയമഭേദഗതി ബില്ലിലുള്ള ചർച്ചയിക്കിടെയായിരുന്നു സംഭവം. കരുവന്നൂർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്ത എ.സി. മൊയ്തീന്‍റെ സാന്നിധ്യത്തിലായിരുന്നു ഇത്.
കരുവന്നൂർ ബാങ്കിലെ നിക്ഷേപകരായ സാധാരണക്കാരുടെ 100 കോടി രൂപയാണ് പലരും ചേർന്നു തട്ടിയെടുത്തതെന്നു കുഴൽനാടൻ കുറ്റപ്പെടുത്തി. തുടർന്ന് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് വായിച്ചപ്പോൾ ഭരണപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. പക്ഷേ, കുഴൽനാടൻ വഴങ്ങിയില്ല. ഈ സഭയിലെ ഒരു അംഗവും ഒരു മുൻ എം.പിയും തട്ടിപ്പിൽ പങ്കാളിയാണെന്ന റിപ്പോർട്ടിലെ പരാമർശവും വായിച്ചു. റിമാൻഡ് റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന് ഷംസീർ ചൂണ്ടിക്കാട്ടി. താങ്കൾ ഒരഭിഭാഷകനല്ലേ; റിമാൻഡ് ചെയ്തുഎന്നുപറഞ്ഞ് ഒരാളും പ്രതിയാകുന്നില്ല. ഇവിടെ പലരും റിമാൻഡിൽ കിടന്നിട്ടുണ്ട്. ഒരു കേസിനെ സംബന്ധിച്ച് അന്തിമ വിധിയാണ് പ്രധാനമെന്നും സ്പീക്കർ ശബ്ദമുയർത്തി ഓർമിപ്പിച്ചു.
റിമാൻഡ് റിപ്പോർട്ട് സഭയിൽ വായിക്കുന്നതിൽ തെറ്റുണ്ടോയെന്ന് ചോദിച്ച കുഴൽനാടൻ, താൻ വായിച്ചതു സാക്ഷി മൊഴിയാണെന്നും പറഞ്ഞു. കരുവന്നൂർ വിഷയം ഇനിയും ഉന്നയിച്ചാൽ രേഖയിൽനിന്ന് നീക്കം ചെയ്യുമെന്ന് സ്പീക്കർ പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇടപെട്ടു. കുഴൽനാടന്‍റെ പരാമർശങ്ങൾ നീക്കുകയാണെങ്കിൽ മറ്റുള്ളവർ ബില്ലിന്റെ ചർച്ചക്കിടെ നടത്തിയ പരാമർശങ്ങളും നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ മാത്യു പ്രസംഗം തുടർന്നപ്പോഴും കരുവന്നൂർ വിഷയംതന്നെയാണ് വിശദീകരിച്ചത്. ഭരണപക്ഷത്ത് ബഹളം കനത്തു. അപ്പോഴാണ് സ്പീക്കർ മൈക്ക് ഓഫ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.