കോഴിക്കോട്: തർക്കത്തിലിരിക്കുന്ന ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ വഹാബ് വിഭാഗം യോഗം ചേർന്നു. വിമതവിഭാഗം ഓഫിസിൽ അനധികൃതമായി യോഗം ചേർന്നുവെന്ന് പറഞ്ഞ് കാസിം വിഭാഗം പൊലീസിൽ പരാതി നൽകി. യോഗം നടക്കുന്ന വിവരമറിഞ്ഞതോടെ പൊലീസ് സംഘം ഐ.എൻ.എൽ ഓഫിസ് പരിസരത്തെത്തി. നാലു മണിക്ക് ആരംഭിച്ചയോഗം അഞ്ചരയോടെയാണ് പിരിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗം ചേർന്നതിന് നേതാക്കൾക്കെതിരെ കേസെടുത്തതായി കസബ പൊലീസ് പറഞ്ഞു. രാത്രിയും ഓഫിസിന് പൊലീസ് കാവൽ നിന്നു.
ബുധനാഴ്ച വൈകുേന്നരം നാലു മണിയോടെ കോഴിക്കോട് ജില്ല കമ്മിറ്റി യോഗമാണ് പാളയം പച്ചക്കറി മാർക്കറ്റിനുള്ളിലെ ഓഫിസിൽ ചേർന്നത്. യോഗം എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. എറണാകുളം യോഗത്തിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്ത യോഗത്തിൽ കാസിം ഇരിക്കൂറിെൻറയും മന്ത്രി അഹമ്മദ് ദേവർകോവിലിെൻറയും നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. ദേശീയ പ്രസിഡൻറിെൻറ പക്ഷപാതപരമായ നിലപാട് പാർട്ടിയിൽ അകൽച്ച കൂട്ടാൻ കാരണമായതായും യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് ബഷീർ ബഡേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജന.സെക്രട്ടറി നാസർകോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി ഒ.പി.ഐ.കോയ, സെക്രേട്ടറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ്, ജില്ല ജനറൽ സെക്രട്ടറി ഷർമത്ഖാൻ, മെഹബൂബ് കുറ്റിക്കാട്ടൂർ, സീതിക്കുട്ടിമാസ്റ്റർ, കെ.കെ. മുഹമ്മദ് മാസ്റ്റർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
അതേ സമയം ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി ഓഫിസിൽ അതിക്രമിച്ചു കയറി വിമതയോഗം നടത്തിയ എ.പി. വഹാബിെൻറ നടപടി ബോധപൂർവം പ്രകോപനമുണ്ടാക്കി വാർത്തകളുണ്ടാക്കുക എന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് ബി. ഹംസ ഹാജി, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. നിരന്തര സംഘർഷങ്ങളിലൂടെ ഇടതുമുന്നണിക്ക് തലവേദന ഉണ്ടാക്കുക എന്നതാണ് വഹാബിെൻറ ലക്ഷ്യം. ഇതു തിരിച്ചറിഞ്ഞു പക്വമായ ഇടപെടലുകളിലൂടെ പരാജയപ്പെടുത്തണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.