ബാലുശ്ശേരി: കെ.എസ്.ആർ.ടി.സിയുടെ 3000 ബസുകൾ പ്രകൃതി വാതക( സി.എൻ.ജി)ത്തിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങിയതായി ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. ബാലുശ്ശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യത്തെ വർഷം 1000 ബസുകൾ പ്രകൃതി വാതകത്തിലേക്ക് മാറ്റുന്നതിനുളള വിഹിതം ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുകൾക്കും പ്രകൃതി വാതകത്തിലേക്ക് മാറാതെ മുന്നോട്ടു പോകാൻ കഴിയില്ല. സി.എൻ.ജി ഇന്ധനം നിറക്കാനുള്ള സംവിധാനം നിലവിലുള്ള പെട്രോൾ പമ്പുകളിൽ ഏർപ്പെടുത്തും. പുതുതായി സി.എൻ.ജി പമ്പുകൾ തുടങ്ങാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
എറണാകുളത്തിന് വടക്കുള്ള ജില്ലകളിൽ ഇന്ധന പമ്പുകൾ തുടങ്ങിയിട്ടുണ്ട്. തെക്കൻ ജില്ലകളിലാണ് ഇന്ധന പമ്പുകൾക്ക് ക്ഷാമമുള്ളതെന്നും മന്ത്രി പറഞ്ഞു. സി.എൻ.ജി പമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്ന ആവശ്യം കേന്ദ്ര മന്ത്രിയെ കണ്ട് നേരിട്ടറിയിക്കുമെന്നും ഡീസലിൽ നിന്നും പ്രകൃതി വാതകത്തിലേക്ക് മാറുന്ന എല്ലാ വാഹനങ്ങൾക്കും മതിയായ സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ മുമ്പാകെ ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു. ഡീസലിൽനിന്നും പ്രകൃതി വാതകത്തിലേക്ക് മാറുമ്പോൾ ലിറ്ററിന് 30 രൂപ വരെ വ്യത്യാസം ഉണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.