തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിയുടേതല്ലെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും പൊതുസ്വത്താണെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശ്ചിതകാലത്തേക്കുള്ള നടത്തിപ്പുകാർ മാത്രമാണ് അദാനിയെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും തുറമുഖത്തിനുള്ള 57 ശതമാനം തുകക്കൊപ്പം ഏക്കറുകണക്കിന് ഭൂമിയും കൈമാറുന്ന സർക്കാറിന് ഓപറേഷൻ തുടങ്ങി 15 വർഷത്തിന് ശേഷമാണ് ഒരു ശതമാനം വരുമാന പങ്കാളിത്തമുണ്ടാകുക, അതും ലാഭമുണ്ടെങ്കിൽ മാത്രം. ഓരോവർഷവും ഒരു ശതമാനം വീതമാണ് വർധിക്കുക. ആദ്യഘട്ടം പൂർത്തിയാകുന്നതിന് മുമ്പ് രണ്ടും മൂന്നും ഘട്ടം അദാനിക്ക് ഏൽപിച്ചുകൊടുക്കാനുള്ള നീക്കവും സജീവമാണ്. ഇതിനായി പൊതുജനങ്ങളിൽനിന്ന് പരാതി കേൾക്കാതെ, പാരിസ്ഥിതിക അനുമതിക്കായി വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ) സമർപ്പിച്ച അപേക്ഷ കേന്ദ്രം തള്ളിയിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഈ പദ്ധതിയുടെ മുതൽമുടക്കിനായി വരുന്ന 7725 കോടി രൂപയിൽ 4600 കോടി രൂപയും ചെലവഴിക്കുന്നത് കേരള സർക്കാറാണെന്ന് മന്ത്രി പറയുന്നു. രാജ്യത്ത് ആദ്യമായി കേന്ദ്ര സർക്കാറിൽനിന്ന് വയബിലിറ്റി ഗാപ് ഫണ്ട് ലഭിക്കുന്ന പദ്ധതിയും ഇതാണ്. 818 കോടിയാണ് ഈ ഫണ്ട്. ബാക്കി തുക മാത്രമാണ് അദാനി കമ്പനിയുടേത്.
വിഴിഞ്ഞത്തിനായി 6000 കോടി ചെലവിൽ ഔട്ടർ റിങ് റോഡിനും അനുമതിയായി. വ്യവസായ ഇടനാഴിയും വരും. ഇവിടെ പരാജയപ്പെട്ടാൽ സംസ്ഥാനത്തിന് നികത്താൻ കഴിയാത്ത നഷ്ടമാണ്. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്‌നറുകൾ വരുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു. നേരത്തേ അദാനി പോർട്ടെന്ന് അറിയപ്പെടുന്നതിൽ കേരള സർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് പേരുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.