മന്ത്രി കെ.ടി. ജലീൽ രാജി വെച്ചു

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യെ തുടർന്ന്​ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. രാജിക്കത്ത്​ ഗവർണർക്ക്​ കൈമാറി. ബ​ന്ധു​നി​യ​മ​ന കേ​സി​ലെ ലോ​കാ​യു​ക്ത വി​ധി​യും പൊ​തു​സ​മൂ​ഹ​ത്തി​ലെ അ​വ​മ​തി​പ്പും പ​രി​ഗ​ണി​ക്കാ​തെ മ​ന്ത്രി​സ്ഥാ​ന​ത്ത്​ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കെ.​ടി. ജ​ലീ​ലി​െ​​ന​തി​രെ സി.​പി.​എമ്മിൽ കടുത്ത അ​തൃ​പ്​​തി നിലനിന്നിരുന്നു.

ഭ​ര​ണ​ത്തി​െൻറ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും വി​വാ​ദ​ങ്ങ​ളി​ൽ ആ​ഴ്​​ത്തി​യ സം​ഭ​വ​ങ്ങ​ളി​ൽ പൂ​ർ​ണ രാ​ഷ്​​ട്രീ​യ​സം​ര​ക്ഷ​ണ​മാ​ണ്​ സി.​പി.​എം ഒ​രു​ക്കി​യിരുന്ന​ത്. പ​ക്ഷേ ഫ​ല​പ്ര​ഖ്യാ​പ​ന കാ​ത്തി​രി​പ്പി​നി​ടെ ഉ​ണ്ടാ​യ ലോ​കാ​യു​ക്ത​വി​ധി​ക്ക്​ ശേ​ഷം ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​െൻറ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്​ വന്നതോടെ പാർട്ടി കൈവിടുകയായിരുന്നു. 

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷനിലെ നിയമനം സംബന്ധിച്ച ലോകായുക്ത വിധിയെ തുടര്‍ന്നാണ്​ രാജി. മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറി. ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നാണ് ലോകായുക്ത വിധിച്ചത്.

ബന്ധുവായ കെ ടി അദീബിനെ നിയമിക്കാന്‍ മന്ത്രി ജലീല്‍ യോഗ്യതയില്‍ തിരുത്തല്‍ വരുത്തിയെന്നും മന്ത്രിയായി തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറുണ്‍ അല്‍ റഷീദ് എന്നിവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകായുക്ത നിയമം 12(3) പ്രകാരം റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി തിങ്കളാഴ്ച്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

ലോകായുക്ത റിപ്പോര്‍ട്ട് ചോദ്യംചെയ്ത് ജലീല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുകയാണ്. ജസ്റ്റിസ് പി ബി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അ​തി​ഗൗ​ര​വ​മു​ള്ള ലോ​കാ​യു​ക്ത പ​രാ​മ​ർ​ശ​ത്തി​നു​ശേ​ഷം ജ​ലീ​ൽ സ്വ​ന്തം നി​ല​ക്ക്​ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ മ​ന്ത്രി​സ്ഥാ​ന​ത്ത്​ നി​ന്ന്​ ഒ​ഴി​ഞ്ഞു​നി​ൽ​ക്കേ​ണ്ടി​യി​രു​െ​ന്ന​ന്ന നി​ല​പാ​ടാ​യിരുന്നു​ സി.​പി.​എം- എ​ൽ.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ ഭൂ​രി​ഭാ​ഗം പേ​ർ​ക്കും. സ്വ​ത​ന്ത്ര​നാ​യി ജ​യി​ച്ച കെ.​ടി. ജ​ലീ​ൽ സി.​പി.​എ​മ്മി​െൻറ സം​ഘ​ട​നാ​പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്നി​ല്ലെ​ങ്കി​ലും തീ​രു​മാ​നം എ​ടു​ക്കാൻ സി.പി.എം നേതൃത്വത്തിൽ സമ്മർദമുണ്ടായിരുന്നു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള അ​ടു​പ്പ​മാ​ണ്​ ജ​ലീ​ലി​ന്​ ഉ​ണ്ടാ​യി​രു​ന്ന സം​ര​ക്ഷി​ത​ക​വ​ചം. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം അ​ത്​ ഉ​യ​ർ​ത്തി​ത്ത​ന്നെ പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ച​തോടെ ജലീൽ സ്​ഥാനത്ത്​ തുടരുന്നത്​ പാർട്ടിക്ക്​ കൂടുതൽ ദോഷം ചെയ്യുമെന്ന നിലപാടിലേക്ക്​ സി.പി.എം എത്തുകയായിരുന്നു. തുടർന്നാണ് സർക്കാർ​ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ നാടകീയമായി രാജി പ്രഖ്യാപിച്ചത്​. അഞ്ചുവർഷത്തിനിടെ ഇടതു മന്ത്രിസഭയിൽ നിന്ന്​ രാജിവെക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ്​ ജലീൽ.  


രാജി സംബന്ധിച്ച്​ ജലീൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ്​:


എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ.

കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിൻ്റെ പേരിലോ അന്യൻ്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിൻ്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിൻ്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിൻ്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിൻ്റെ പേരിലോ 'ഇഞ്ചികൃഷി' നടത്തി ധനസമ്പാദനം നടത്തിയതിൻ്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിൻ്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിൻ്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിൻ്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിൻ്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിൻ്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിൻ്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിൻ്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതു ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എൻ്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസ്സും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് 'സകറാത്തിൻ്റെ ഹാലിൽ' (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ.

അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്ലിംലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ''കിട്ടിപ്പോയ്" എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്.

"ജലീൽവേട്ടക്ക്" തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിൻ്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും. വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

Tags:    
News Summary - Minister KT Jaleel resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.