കൊച്ചി: ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ച് നാരദ ന്യൂസ് ഉടമ മാത്യു സാമുവൽ അപവാദ പ്രചാരണം നടത്തുന്നതായി കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി). മാധ്യമ പ്രവർത്തകന്റെ മുഖംമൂടി അണിഞ്ഞ് മാത്യു സാമുവൽ മാർപാപ്പയ്ക്കും സഭയ്ക്കുമെതിരെ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നതെന്ന് കെ.സി.ബി.സി മുഖപത്രമായ ‘ജാഗ്രത’ മാർച്ച് ലക്കത്തിൽ ‘ഫ്രാൻസിസ് പാപ്പയ്ക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?’ എന്ന ലേഖനത്തിൽ പറയുന്നു. കത്തോലിക്കാ സഭയെയും സഭാ നേതൃത്വത്തെയും മോശമായി ചിത്രീകരിക്കാനും സമൂഹത്തിൽ അബദ്ധ ധാരണകൾ സൃഷ്ടിക്കാനും തുനിഞ്ഞിറങ്ങിയവരാണ് ഇത്തരം വ്യാജ ആരോപണങ്ങൾക്ക് പിന്നിലെന്നും ഡോ. ആന്റണി പോൾ എഴുതിയ ലേഖനത്തിൽ പറയുന്നു.
കത്തോലിക്കാ സഭയ്‌ക്കെതിരായി നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കിടയിലെ ചില ക്രൈസ്തവ നാമധാരികളിൽ ഒരാളാണ് മാത്യു സാമുവലെന്ന് കെ.സി.ബി.സി ആരോപിച്ചു. ‘മാർപ്പാപ്പയ്ക്ക് എതിരെ മാത്രമല്ല, സഭാ പ്രബോധനങ്ങൾക്കും കേരള കത്തോലിക്കാ സഭാ നേതൃത്വത്തിനും മെത്രാൻ സമിതിക്കും എതിരായുള്ള അവാസ്തവങ്ങളും വ്യാജ പ്രചാരണങ്ങളും മാത്യു സാമുവൽ നിരന്തരം നടത്തുന്നുണ്ട്. അന്ധമായ മുസ്‍ലിം വിരുദ്ധത, ദേശീയ വാദത്തിന്റെ അതിപ്രസരം, ക്രൈസ്തവ വിരുദ്ധത എന്നിങ്ങനെ തീവ്ര ഹിന്ദുത്വവാദികളായ സമൂഹമാധ്യമപ്രവർത്തകരുടെ സ്ഥിരം ശൈലിയാണ് മാത്യു സാമുവലും പിന്തുടരുന്നത് എന്ന് കാണാം. സമീപകാലങ്ങളായി ബിജെപി, സംഘപരിവാർ ആഭിമുഖ്യം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ആൾക്കാർക്ക് സ്വീകാര്യമായ അവതരണ ശൈലിയാണ് ഇത്. ഇത്തരം ഗൂഢ നീക്കങ്ങൾ തിരിച്ചറിയുകയും അത്തരക്കാരെ അകറ്റി നിർത്തുകയും ചെയ്യുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്’ -ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
‘തെഹൽക്കയുടെ മുൻ റിപ്പോർട്ടർ മാത്യു സാമുവൽ തന്റെ ഒരു വീഡിയോയിൽ പ്യൂ റിസർച്ച് സെന്റർ “കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുള്ള ഏറ്റവും വെറുക്കപ്പെട്ട പാപ്പ”യാണ് ഫ്രാൻസിസ് പാപ്പ എന്ന് റിസർച്ച് നടത്തി വെളിപ്പെടുത്തി എന്നാണ് വാദിക്കുന്നത്. പാരീസിലെ നോട്ടർഡാം കത്തീഡ്രൽ പുനർനിർമ്മാണം പൂർത്തിയാക്കി വീണ്ടും തുറക്കുന്ന ചടങ്ങിലേക്കുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം ഫ്രാൻസിസ് പാപ്പ തിരസ്കരിച്ചതിന്റെ കാരണമായി മാത്യു സാമുവൽ പറയുന്നത് മറ്റൊരു വലിയ അവാസ്തവമാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുസ്‍ലിം വിരോധിയായതിനാൽ താൻ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കില്ല എന്ന് പാപ്പ മാധ്യമങ്ങളോട് പറഞ്ഞു എന്നാണ് മാത്യു സാമുവലിന്റെ വാദം. അതോടുകൂടി ഫ്രഞ്ച് മെത്രാന്മാർ മുഴുവൻ ഫ്രാൻസിസ് പാപ്പയ്ക്ക് എതിരായെന്നും ഒരിക്കലും ഈ പാപ്പയെ ഫ്രാൻസിലേക്ക് കയറ്റില്ലെന്നു തീരുമാനിക്കുകയും ചെയ്തു എന്നും അദ്ദേഹം പറയുന്നു. സ്വന്തം രാജ്യമായ അർജന്റീനയിലേയ്ക്ക് അവിടുത്തെ പ്രസിഡന്റും ബിഷപ്പുമാരും ഫ്രാൻസിസ് പാപ്പയെ കയറ്റുകയില്ലെന്നും ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ ഫ്രാൻസിസ് പാപ്പ സ്ത്രീവിരുദ്ധത സംസാരിച്ചെന്നും മാത്യു സാമുവൽ പറഞ്ഞുവയ്ക്കുന്നു.
ഒരു കാലഘട്ടത്തിൽ വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് വിശ്വാസ്യതയും ധാർമ്മികതയും ചോദ്യം ചെയ്യപ്പെട്ടപ്പോൾ വായനക്കാർ കയ്യൊഴിയുകയും ചെയ്ത വാർത്താ മാസികയാണ് തെഹൽക. പിന്നീട് “നാരദ ന്യൂസ്” എന്നപേരിൽ ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ ആരംഭിച്ച മാത്യു സാമുവൽ അധാർമ്മിക മാധ്യമപ്രവർത്തനമെന്ന ആരോപണങ്ങളെ തുടർന്ന് നിയമ നടപടികളും സിബിഐ അന്വേഷണവും നേരിട്ടിരുന്നു.
ലോകത്തിലെ മുഴുവൻ കത്തോലിക്കർക്കും പ്രാദേശിക സഭാ നേതൃത്വങ്ങൾക്കും പോപ്പ് ഫ്രാൻസിസ് അനഭിമതനായെന്നും ആരും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് മാത്യു സാമുവൽ തന്റെ വീഡിയോയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ മെത്രാന്മാരും പാപ്പയെ അനുസരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. വാസ്തവത്തിൽ, ഒരു മാധ്യമ പ്രവർത്തകന്റെ മുഖംമൂടി അണിഞ്ഞുകൊണ്ട് മാത്യു സാമുവൽ പറഞ്ഞുവയ്ക്കുന്നത് മുഴുവൻ പച്ചക്കള്ളമാണ്. പ്യൂ റിസർച്ച് സെന്റർ നടത്തിയ ഒരു സർവേയിലും മാത്യു സാമുവൽ അവകാശപ്പെട്ടതുപോലെ ഒരു നിരീക്ഷണം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, മേല്പറഞ്ഞതുപോലെ കഴിഞ്ഞ വർഷം നടന്ന പഠനങ്ങളിലും ഫ്രാൻസിസ് പാപ്പ വലിയ ജനപ്രീതി നിലനിർത്തുന്നു.
നോട്ടർഡാം കത്തീഡ്രൽ സംബന്ധിച്ച ചടങ്ങുകൾ നിശ്ചയിച്ചിരുന്ന ഡിസംബർ എട്ടിന്, പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാളിനോടനുബന്ധിച്ച് പരമ്പരാഗതമായി മാർപാപ്പാമാർ റോമിലെ ആരാധനാ ശുശ്രൂഷകളിൽ പങ്കെടുത്തിരുന്നതിനാലും ആ ദിവസങ്ങളിൽ റോമിൽ മാർപാപ്പ മറ്റു തിരക്കുകളിലായിരുന്നതിനാലും തൊട്ടടുത്ത ദിവസങ്ങളിൽ മറ്റു ചില വിദേശ യാത്രകൾ തീരുമാനിച്ചിരുന്നതിനാലുമാണ് പാപ്പ പാരീസ് യാത്ര ഒഴിവാക്കിയതെന്ന് നിരവധി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പാപ്പയുടെ ഭാഗത്തുനിന്ന് മാത്യു സാമുവൽ ആരോപിച്ചതുപോലെ ഒരു പ്രതികരണമോ ആവിധത്തിൽ ഏതെങ്കിലുമൊരു ന്യൂസ് റിപ്പോർട്ടോ ഉണ്ടായിട്ടില്ല.
അർജന്റീനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരു വർഷം മാത്രം പിന്നിട്ടിരിക്കുന്ന ജാവിയർ മിലി കഴിഞ്ഞ ഫെബ്രുവരിയിൽ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ആ കൂടിക്കാഴ്ച അർജന്റീനയും വത്തിക്കാനുമായുള്ള നയതന്ത്രബന്ധം വർധിപ്പിക്കുമെന്ന് മാധ്യമ നിരീക്ഷകർ വിലയിരുത്തുകയും ചെയ്തിരുന്നു. “സ്ത്രീത്വം ജീവദായകമായ ആത്മാർത്ഥതയെയും പരിപാലനയെയും ഫലദായകത്വത്തെയുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത് എന്നതിനാൽ സമൂഹത്തിൽ പുരുഷനേക്കാൾ പ്രാധാന്യം സ്ത്രീയ്ക്കാണ്” എന്നാണ് ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ ഫ്രാൻസിസ് പാപ്പ സംസാരിച്ചത്. അതേസമയം, “ഈ കാലഘട്ടത്തിൽ സ്ത്രീ പുരുഷനാകാൻ ശ്രമം നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും സ്ത്രീ എന്നാൽ സ്ത്രീ തന്നെ ആണെ”ന്നും പാപ്പ പറയുകയുണ്ടായി. സ്ത്രീത്വത്തിന്റെ മഹത്വത്തെ ഊന്നിപ്പറഞ്ഞ പാപ്പയുടെ വാക്കുകളാണ് മാത്യു സാമുവൽ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിച്ചത്.
കത്തോലിക്കാ സഭയ്‌ക്കെതിരായി നിരന്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കിടയിലെ ചില ക്രൈസ്തവ നാമധാരികളിൽ ഒരാളാണ് മാത്യു സാമുവൽ. മാർപ്പാപ്പയ്ക്ക് എതിരെ മാത്രമല്ല, സഭാ പ്രബോധനങ്ങൾക്കും കേരള കത്തോലിക്കാ സഭാ നേതൃത്വത്തിനും മെത്രാൻ സമിതിക്കും എതിരായുള്ള അവാസ്തവങ്ങളും വ്യാജ പ്രചാരണങ്ങളും മാത്യു സാമുവൽ നിരന്തരം നടത്തുന്നുണ്ട്. അന്ധമായ മുസ്ളീം വിരുദ്ധത, ദേശീയ വാദത്തിന്റെ അതിപ്രസരം, ക്രൈസ്തവ വിരുദ്ധത എന്നിങ്ങനെ തീവ്ര ഹിന്ദുത്വവാദികളായ സമൂഹമാധ്യമപ്രവർത്തകരുടെ സ്ഥിരം ശൈലിയാണ് മാത്യു സാമുവലും പിന്തുടരുന്നത് എന്ന് കാണാം. സമീപകാലങ്ങളായി ബിജെപി, സംഘപരിവാർ ആഭിമുഖ്യം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ആൾക്കാർക്ക് സ്വീകാര്യമായ അവതരണ ശൈലിയാണ് ഇത്.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സഭാ നേതൃത്വത്തിൽനിന്ന് അകറ്റുക എന്നത് ചില തല്പര കക്ഷികളുടെ കാലങ്ങളായുള്ള ആവശ്യമാണ്. അതിനായി അത്തരക്കാർ സ്വീകരിച്ചുവരുന്ന കുതന്ത്രം ഇത്തരം വ്യാജപ്രചാരണങ്ങളാണ്. “ഇടയനെ അടിച്ച് ആടുകളെ ചിതറിക്കുക” എന്ന പ്രാചീന തന്ത്രമാണിത്. ദൗർഭാഗ്യവശാൽ ചിലരെങ്കിലും ഇത്തരം കുപ്രചരണങ്ങൾ വിശ്വസിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിശ്വസനീയം എന്ന് തോന്നുമാറ് തികഞ്ഞ അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരക്കാർക്കെതിരെ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പയുടെ ചില പരാമർശങ്ങൾ സന്ദർഭങ്ങളിൽനിന്ന് അടർത്തിമാറ്റിയും ദുർവ്യാഖ്യാനങ്ങൾ ചമച്ചും തെറ്റിദ്ധാരണകൾ സൃഷ്ടിക്കുന്ന പ്രവണത ഏറെക്കാലമായുണ്ട്. ആഗോളതലത്തിൽ തന്നെ ചില സ്ഥാപിതതാൽപ്പര്യക്കാർ ഇത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. കത്തോലിക്കാ സഭയുടെ മാറ്റമില്ലാത്ത സാമൂഹിക, ധാർമ്മിക പ്രബോധനങ്ങളോടുള്ള അസഹിഷ്ണുതയും പാപ്പയുടെ നിലപാടുകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയോടുള്ള അതൃപ്തിയുമായിരിക്കണം ഇത്തരം പ്രവണതകൾക്ക് പിന്നിൽ. ഇത്തരം ഗൂഢ നീക്കങ്ങൾ തിരിച്ചറിയുകയും അത്തരക്കാരെ അകറ്റി നിർത്തുകയും ചെയ്യുക ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.