തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദപട്ടികയിൽ മുന്നിലെത്തിക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാനുള്ള തടസങ്ങൾ ഇപ്പോഴുമുണ്ട്. അത്തരം തടസങ്ങൾ നീക്കാൻ പ്രത്യേക നിയമനിർമാണം നടത്തും. സുതാര്യവും ഏകജാലകവുമായ സംവിധാനം കൊണ്ടുവരും. കഴിഞ്ഞ സർക്കാർ ഒരുക്കിയിട്ട മണ്ണിൽ നിന്ന് ഇതിന് തുടക്കം കുറിക്കാനാണ് ശ്രമമെന്നും പി. രാജീവ് വ്യക്തമാക്കി.
സംസ്ഥാന സർക്കാറിന്‍റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗവും നഷ്ടത്തിലാണ്. ഒാരോ സ്ഥാപനത്തിന്‍റെയും സ്ഥിതി വിലയിരുത്തി പ്രത്യേക മാസ്റ്റർ പ്ലാൻ തയാറാക്കും. നിയമനങ്ങൾക്ക് പ്രത്യേക ബോർഡ് രൂപീകരിക്കും. ഡയറക്ടർ ബോർഡിന്‍റെ മൂന്നിലൊന്ന് പേരും അതാത് മേഖലയിൽ വൈദഗ്ധ്യമുള്ളവരെന്ന് ഉറപ്പാക്കും. നിലവിലെ സാഹചര്യം വിലയിരുത്തി ഒറ്റത്തവണ സഹായം അനുവദിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
പരമ്പരാഗത വ്യവസായങ്ങൾ ആധുനികവത്കരിക്കുന്നതിനൊപ്പം തൊഴിൽ സംരക്ഷണം ഉറപ്പാക്കും. സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ ഞെരുക്കത്തിലാണ്. പ്രതിസന്ധിയിൽ നിന്ന് പുതിയ സാധ്യതകൾ കണ്ടെത്താനാണ് ശ്രമമെന്നും പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.