കോഴിക്കോട്: മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെള്ളയിൽ പണിക്കർ റോഡ് സ്വദേശി മുഹമ്മദ് ഡാനിഷിനെയാണ് (20) വെള്ളയിൽ പൊലീസ് അറസ്റ്റ്ചെയ്തത്. ഏപ്രിൽ ഏഴിന് നാലാം ഗേറ്റിനടുത്തുനിന്ന് ഓമശ്ശേരി സ്വദേശിയുടെ മൊബൈൽ ഫോണാണ് ഇയാൾ കവർന്നത്. ശ്രവണസഹായി വാങ്ങാൻ നഗരത്തിലെത്തിയ വയോധികനെ ഇത് ലഭിക്കുന്ന ഷോപ്പിലെത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പി.ടി. ഉഷ റോഡിൽ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.
സംഭവത്തിൽ വെള്ളയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തവെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കവർന്ന മൊബൈൽ നഗരത്തിലെ കടയിൽ വിറ്റുകിട്ടിയ പണവുമായി ഗോവയിലേക്ക് പോയ പ്രതി അവിടെ പണം ധൂർത്തടിച്ചു. തുടർന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവരവെ ട്രെയിനിൽനിന്ന് യാത്രക്കാരന്റെ 32,000 രൂപയുള്ള മറ്റൊരു മൊബൈൽ മോഷ്ടിച്ച് കോഴിക്കോട്ടെ കടയിൽ വിറ്റതായും പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. കവർന്ന രണ്ട് ഫോണുകളും കസ്റ്റഡിയിലെടുത്തതായും ട്രെയിനിൽനിന്ന് ഫോൺ മോഷ്ടിച്ച കുറ്റത്തിന് പ്രതിക്കെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നാലിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളയിൽ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ യു. സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എൻ. നവീൻ, ടി.കെ. രഞ്ജിത്, സിവിൽ പൊലീസ് ഓഫിസർമാരായ എം. ജയചന്ദ്രൻ, പി. രതീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.