മോഡലുകളുടെ മരണം: ഹോട്ടലുടമയും അഞ്ച്​ ജീവനക്കാരും അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള അടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ട് ഫോർട്ട്​കൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലുടമ റോയി ജോസഫ് വയലാട്ടിൽ ഉൾപ്പെടെ ആറുപേർ അറസ്​റ്റിൽ. ഹോട്ടൽ ജീവനക്കാരും ഐ.ടി വിദഗ്ധരുമായ കെ.കെ. അനിൽ, വിൽസൻ റെയ്‌നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരാണ് അറസ്​റ്റിലായ മറ്റുള്ളവർ. കേസിലെ നിർണായക തെളിവായ ഡി.ജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. ഹാർഡ് ഡിസ്ക് നശിപ്പിച്ചുവെന്ന് റോയിയും ജീവനക്കാരും മൊഴി നൽകിയതോടെയാണ് അറസ്​റ്റിലേക്ക് നീങ്ങിയത്.

രണ്ട് ദിവസമായി മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലും ഹോട്ടലിലും തേവര കണ്ണങ്ങാട്ട് പാലത്തിന് സമീപവും നടന്ന പരിശോധനകൾക്കും ശേഷമായിരുന്നു അറസ്​റ്റ്​. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിനിടെ റോയി നൽകിയ ഹാർഡ് ഡിസ്കിൽ യഥാർഥ ദൃശ്യങ്ങളുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ വീണ്ടും പാലാരിവട്ടം സ്​റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയ റോയിയുമായി അര മണിക്കൂറിനകം ഹോട്ടലിലേക്ക് പരിശോധനക്ക്​ പൊലീസ് പുറപ്പെട്ടു.

ഹോട്ടലിെൻറ താഴത്തെ നിലയിലെ സി.സി.ടി.വി സെർവർ മുറിയിലെത്തിച്ച് റോയിയുമായി ഒരുമിച്ച് പരിശോധന നടത്തി. എന്നാൽ, നിർണായകദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. വീണ്ടും പാലാരിവട്ടം സ്​റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യൽ തുടർന്നു. ഹാർഡ് ഡിസ്ക് നശിപ്പിച്ചുവെന്ന് റോയിതന്നെ മൊഴി നൽകി. ഇയാളെക്കൂടാതെ അഞ്ച് ജീവനക്കാരെയും പൊലീസ് വിളിച്ചുവരുത്തിയിരുന്നു.

ഹോട്ടലുടമയുടെ നിർദേശപ്രകാരം തേവര കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് ഹാർഡ് ഡിസ്ക് കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന് ജീവനക്കാർ മൊഴി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് രണ്ട് ജീവനക്കാരുമായി പാലത്തിനുസമീപം എത്തി പരിശോധന നടത്തി. എന്നാൽ, ഒന്നും കണ്ടെത്താനായില്ല.

Tags:    
News Summary - Models' death: Hotelier arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.