ബി.ജെ.പി അംഗത്വം എടുത്തത് കാര്യഗൗരവം അറിയാതെ​യെന്ന് മോഹൻ സിത്താര: ‘സുഹൃത്ത് ഫോണിൽ വിളിച്ചപ്പോൾ മുഷിപ്പിക്കരുതെന്ന് കരുതി’

തൃശ്ശൂർ: ബി.ജെ.പിയിൽ അംഗത്വമെടുത്തത് കാര്യഗൗരവം അറിയാതെ സംഭവിച്ചതാണെന്നും ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവരെ മുഷിപ്പിക്കരുതെന്ന് കരുതിയതാണെന്നും സംഗീതസംവിധായകൻ മോഹൻ സിത്താര. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിൽ നിന്ന് മോഹൻ സിതാര അംഗത്വമെടുത്തതായി സെപ്റ്റംബർ രണ്ടിനാണ് തൃശ്ശൂർ ജില്ല കമ്മിറ്റി പത്രക്കുറിപ്പിറക്കിയത്. ഇതിന്റെ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ഏതെങ്കിലും പാർട്ടിയുടെ മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ തനിക്കാവി​ല്ലെന്നും അദ്ദേഹം പറയുന്നു.

ദിവസങ്ങൾക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽവന്ന് ഷാൾ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത് -മോഹൻസിത്താര സാമൂഹികമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

എല്ലാ കക്ഷി രാഷ്ട്രീയ പാർട്ടികളിലും എനിക്ക് ആത്മാർഥ സുഹൃത്തുക്കളുണ്ട്. എന്നാൽ ഏതെങ്കിലും ഒന്നിൽ, മുന്നിലോ പിന്നിലോ ഒപ്പമോ നിന്ന് പ്രവർത്തിക്കാൻ എനിക്കാവില്ല. കാരണം രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ല.

ദിവസങ്ങൾക്ക് മുൻപ് എന്നെ ഒരു സുഹൃത്ത് ഫോണിൽ വിളിച്ച് അംഗത്വമെടുക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. അവരെ മുഷിപ്പിക്കരുതെന്ന് കരുതിയും കാര്യഗൗരവം അറിയാതെയും ഞാൻ അതിന് സമ്മതിക്കുകയും ചെയ്തു. അപ്രകാരം അവർ ഞാൻ വർക്ക് ചെയ്യുന്ന സ്റ്റുഡിയോയിൽവന്ന് ഷാൾ അണിയിച്ച് ആദരിച്ച് ഹസ്തദാനം തന്നു. ഇതാണ് അന്നേദിവസം ഉണ്ടായത്.


ഒട്ടുമിക്ക രാഷ്ട്രീയക്കാരും വീട്ടിൽ വരാറുണ്ട്. ഏവരും ക്ഷണിക്കുന്ന സാംസ്കാരിക പരിപാടികൾക്ക് ഒരു കലാകാരന്റെ ധാർമികത എന്ന നിലയ്ക്ക് ഒഴിവനുസരിച്ചു ഞാൻ പോകാറുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയത്തിലുള്ള പൊതുസമൂഹത്തിന്റെ ഭാഗമാകാനേ എനിക്കാവൂ. അനുമോദിക്കാൻ വന്ന എന്റെ സുഹൃത്തുക്കളും മറ്റു കക്ഷിരാഷ്ട്രീയത്തിലുള്ള എന്റെ സുഹൃത്തുക്കളും പൊതുസമൂഹവും എന്റെ നിസ്സഹായാവസ്ഥ തിരിച്ചറിയണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

സമൂഹത്തിലെ എല്ലാവരെയും ഉൾകൊണ്ട് സംഗീതത്തിൽ മാത്രം ശ്രദ്ധചെലുത്തി വളരെ നിശബ്ദമായി ജീവിച്ചുപോരുന്ന ഒരാളാണ് ഞാൻ. ദയവുചെയ്ത് അനാവശ്യ ചർച്ചകളിലേക്ക് എന്നെ വലിച്ചിഴയ്ക്കരുതെന്നും വിനീതമായി അഭ്യർഥിക്കുന്നു. ഈ വിഷയം ഞാൻ ഇവിടെ സവിനയം അവസാനിപ്പിക്കുന്നു. ഇനിയും ബന്ധപ്പെട്ട തുടർചർച്ചകൾക്ക് എനിക്കാവില്ല. കാരണം, ഇതിൽക്കൂടുതൽ വിശദീകരിക്കാനൊന്നും തനിക്കറിയില്ല.

Tags:    
News Summary - mohan sithara about bjp membership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.