ന്യൂഡൽഹി: പ്രശസ്ത നടൻ മോഹൻലാലും െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനുമടക്കം 14 പേർക്ക് പത്മഭൂഷൺ പുരസ്കാരം. സംഗീതജ്ഞൻ കെ.ജി. ജയൻ, ആത്മീയാചാര്യൻ സ്വാമി വിശുദ്ധാനന്ദ, പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മദ് എന്നിവരടക്കം 94 പേർ പത്മശ്രീ പുരസ്കാരത്തിനർഹരായപ്പോൾ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ച നാലുപേരിൽ മലയാളികളില്ല.
ഛത്തീസ്ഗഢ് സംഗീതജ്ഞൻ തീജൻ ഭായ്, പൊതുരംഗത്ത് വിദേശ മലയാളി ഇസ്മാഇൗൽ ഉമർ ഗുല്ല, മഹാരാഷ്ട്രയിൽനിന്നുള്ള വ്യവസായി അനിൽ കുമാർ മണിഭായ് നായിക്, മഹാരാഷ്ട്രയിൽനിന്നുള്ള നാടകനടൻ ബൽവന്ത് മോറേശ്വർ പുരന്താരെ എന്നിവർക്കാണ് പത്മവിഭൂഷൺ. പത്മഭൂഷൺ ജേതാക്കളിൽ അടുത്തിടെ അന്തരിച്ച മാധ്യമപ്രവർത്തകൻ കുൽദീപ് നയാറും ഉൾപ്പെടുന്നു. ഫുട്ബാൾ താരം സുനിൽ ഛേത്രി, സംഗീത സംവിധായകനും നടനുമായ പ്രഭുദേവ, അടുത്തിടെ അന്തരിച്ച സിനിമ സംവിധായകനും നടനുമായ ഖാദർ ഖാൻ, ക്രിക്കറ്റർ ഗൗതം ഗംഭീർ, സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ തുടങ്ങിയവർ പത്മശ്രീ ലഭിച്ചവരിൽ പെടുന്നു.
നന്ദി -മോഹൻലാൽ; ചാരിതാർഥ്യം -നമ്പി നാരായണൻ
പത്മഭൂഷൺ ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മോഹൻലാൽ. പത്മ പുരസ്കാരങ്ങൾ രണ്ടുതവണയും തേടിയെത്തിയത് പ്രിയദർശെൻറ സെറ്റിൽ െവച്ചാണ്. സർക്കാറിനും സ്നേഹിച്ചു വളർത്തിയ പ്രേക്ഷകർക്കും നന്ദി അറിയിക്കുന്നു -മോഹൻലാൽ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ഇതുവരെ. സത്യം ജയിച്ചെന്ന ചാരിതാർഥ്യമുണ്ട്, വലിയ ബഹുമതിയായിതന്നെ നെഞ്ചോടുചേർക്കുന്നു -പുരസ്കാരലബ്ദിയെക്കുറിച്ച് നമ്പി നാരായണൻ പ്രതികരിച്ചു.
നമ്പി നാരായണന് ഇരട്ടിമധുരം
തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണന് ലഭിച്ച പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തോട് അധികാരിവർഗം കാണിച്ച നിഷ്ഠുര വഞ്ചനക്കുള്ള ശക്തമായ മറുപടിയും കുറ്റവിമുക്തനാക്കിയതിനെ തുടർന്നുള്ള ഇരട്ടി മധുരവുമായി. െഎ.എസ്.ആർ.ഒയുടെ ബുദ്ധികേന്ദ്രമായിരുന്ന നമ്പി നാരായണൻ 1994ലാണ് ചാരക്കേസിൽ അകപ്പെട്ട് അറസ്റ്റിലാകുന്നത്. ’96ൽ സി.ബി.െഎ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ’98ൽ പരമോന്നത കോടതിയും നമ്പി നാരായണെൻറ കൈകൾ പരിശുദ്ധമാണെന്ന് വിധിയെഴുതി. കഴിഞ്ഞവർഷം ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചാരക്കേസിൽ അദ്ദേഹത്തിനെതിരായി നടന്ന പൊലീസ് ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതി നിശ്ചയിച്ച റിട്ട. ജഡ്ജി ഡി.കെ. ജെയിനിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കവെയാണ് പരമോന്നത ബഹുമതി അദ്ദേഹത്തെ തേടി എത്തിയത്.
െഎ.എസ്.ആർ.ഒയിൽ വിജയകരമായ നിരവധി പരീക്ഷണങ്ങൾക്ക് ചുക്കാൻപിടിച്ച് അംഗീകാരങ്ങൾ നേടി. െഎ.എസ്.ആർ.ഒയുടെ റോക്കറ്റുകൾക്ക് ഉപയോഗിച്ച വികാസ് എൻജിനുകൾ വികസിപ്പിച്ചത് അദ്ദേഹം നേതൃത്വം നൽകിയ സംഘമായിരുന്നു. ചാന്ദ്രയാൻ ഒന്നിനെ വഹിച്ച പി.എസ്.എൽ.വി ഇതിൽ പ്രധാനമാണ്. ‘ഒാർമകളുടെ ഭ്രമണപഥം’ എന്ന ജീവചരിത്ര ഗ്രന്ഥത്തിൽ സംഭവബഹുലമായ ജീവിതയാത്ര അദ്ദേഹം വരച്ചുകാട്ടുന്നു. 1941ൽ നാഗർകോവിലിൽ ജനനം. ഡി.വി.ഡി ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മധുരയിലെ ത്യാഗരാജ കോളജ് ഒാഫ് എൻജിനീയറിങ്ങിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം. ഭാര്യ മീന നമ്പി. രണ്ടു മക്കൾ: ശങ്കരകുമാർ നാരായണൻ, അരുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.