പുനലൂർ: മന്ത്രവാദം നടത്തി ദോഷപരിഹാരമുണ്ടാക്കാമെന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ലക്കിടി സ്വദേശി രമേശിനെയാണ് (38) കരവാളൂർ നരിക്കൽ കുഞ്ഞാണ്ടിമുക്ക് തേറാംകുന്നിൽനിന്ന് പിടികൂടിയത്.
രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. മാത്രയിലെ തട്ടുകടയിൽ ജോലിക്കെത്തിയ ഇയാൾ നരിക്കൽ സ്വദേശി പ്രേംജിത്തുമായി ബന്ധം സ്ഥാപിച്ചു. ഇയാളുടെ വസ്തുവിന് ദോഷം ഉണ്ടെന്ന് വിശ്വസിപ്പിച്ച് ദോഷപരിഹാരത്തിനായി പൂജ നടത്താമെന്ന വ്യാജേന പലപ്പോഴായി 80,000 രൂപ വാങ്ങി വിദേശത്തേക്ക് കടക്കുകയായിരുന്നു.
നാലുദിവസം മുമ്പ് നാട്ടിലെത്തിയ ഇയാട്ളോ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. കബളിപ്പിക്കപ്പെട്ടത് മനസ്സിലായ പ്രേംജിത്ത് പുനലൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടയിൽ നരിക്കലിൽ എത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപ്രവർത്തകനായ കാസർകോട് സ്വദേശിയിൽനിന്ന് സമാന രീതിയിൽ പലപ്പോഴായി 15 ലക്ഷം രൂപ തട്ടിയെടുത്താണ് നാട്ടിലെത്തിയതെന്ന് ഇയാൾ സമ്മതിച്ചു. കൽപറ്റ, നിലമ്പൂർ എന്നിവിടങ്ങളിൽ സമാന രീതിയിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.