കോട്ടക്കൽ: സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച യുവാവ് മനോവിഷമത്തിൽ ജീവനൊടുക്കിയ സംഭവം വിവാദമായി. കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ് സാജിദിനെയാണ് (23) വെള്ളിയാഴ്ച രാത്രി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ 28ന് പുലർച്ച ഒരുമണിയോടെ എടരിക്കോട് മമ്മാലിപ്പടിയിൽ അസമയത്ത് കണ്ടെന്നാരോപിച്ച് സാജിദിനെ ഒരു കൂട്ടമാളുകൾ തടഞ്ഞുവെച്ചിരുന്നു. തുടർന്ന് കെട്ടിയിട്ട് മർദിച്ചു. പകർത്തിയ ദൃശ്യങ്ങൾ ശബ്ദ സന്ദേശത്തോടെ സാമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
സ്ഥലത്തെത്തിയ കൽപകഞ്ചേരി പൊലീസ് സാജിദിനെ വൈദ്യ പരിശോധനക്ക് ശേഷം പുലർച്ച അഞ്ചോടെ സ്റ്റേഷനിലെത്തിച്ചു. 29ന് രാവിലെ 11ന് പരാതിയില്ലെന്ന ഇരുകൂട്ടരുടെയും ഉറപ്പിൽ പൊലീസ് കേസെടുത്തില്ല. വൈകീട്ട് ആറോടെ പിതാവ് മുസ്തഫക്കൊപ്പം വിട്ടയച്ചു. അപ്പോഴാണ് ദൃശ്യങ്ങൾ പ്രചരിച്ചത് യുവാവിെൻറ ശ്രദ്ധയിൽപ്പെട്ടത്. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സാജിദ് എഴുതിവെച്ച കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. രാത്രി പരിശോധന സമയത്ത് ദേഹത്ത് കെട്ടോ, പരിക്കോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
മർദിച്ചവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം ക്ലാരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. സാജിദ് നിർമാണ തൊഴിലാളിയാണ്. മാതാവ്: പരേതയായ മറിയാമു. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, ഷാജിദ, ഹഫ്സത്ത്, സുഹ്റാബി, റംലത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.