കൊച്ചി: നയതന്ത്ര ബാേഗജിലൂടെ കേരളത്തിലേക്ക് സ്വർണം കടത്തിയതിന് പിന്നാലെ ദുബൈയിലേക്ക് ഡോളർ കടത്തിയ സംഭവത്തിൽ അന്വേഷണം വഴിത്തിരിവിൽ. കൊച്ചി കസ്റ്റംസ് പ്രിവൻറീവ് കമീഷണറേറ്റ് നടത്തുന്ന അന്വേഷണത്തിൽ യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ വിദേശ പൗരന്മാരെ ലക്ഷ്യമിട്ട് നടപടി തുടങ്ങി. ഇവരിലേക്ക് അന്വേഷണം എത്തുന്നതിെൻറ സൂചന നൽകി കോൺസുലേറ്റിലെ മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദീഖിനെയും കസ്റ്റംസ് കൊച്ചിയിൽ ചോദ്യംചെയ്തു.സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും ഡോളർ കടത്ത് സംബന്ധിച്ച് കസ്റ്റംസിനോട് നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണ്.
ചില വിദേശ പൗരന്മാരുടെ പേരുകൾ ഇവർ സൂചിപ്പിച്ചിട്ടുണ്ട്. ഇവരുടെ പാസ്പോർട്ട് വിശദാംശങ്ങൾ, രാജ്യത്ത് ഇവർ താമസിച്ച നാളുകളും സ്ഥലവും തുടങ്ങിയവ പരിശോധിക്കുകയാണ്. ഇവരുമായി ഇടപെട്ടവരെ കണ്ടെത്തി സന്ദർശനത്തിെൻറ കാരണവും മൊഴികളും രേഖപ്പെടുത്തി.
ഡോളർ കള്ളക്കടത്ത് സംബന്ധിച്ച് അറിവുള്ളവരെയും അതിൽ ഇടപെട്ടവരെയും വിളിച്ചുവരുത്തി സ്വപ്നക്കും സരിത്തിനും ഒപ്പം ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് കസ്റ്റംസ്. ഇതിെൻറ ആദ്യപടിയായാണ് ഗൺമാൻ ജയഘോഷിെൻറയും ഡ്രൈവർ സിദ്ദീഖിെൻറയും ചോദ്യംചെയ്യൽ. ഡോളർ കള്ളക്കടത്തിെൻറ പിന്നിലെ ലക്ഷ്യവും അതിന് ഉപയോഗിച്ച മാർഗങ്ങളും ചികഞ്ഞെടുക്കുന്നതിന് ഒട്ടേറെ നടപടി വേണമെന്ന് കസ്റ്റംസ് പറയുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതാകാം ഇൗ കുറ്റകൃത്യം. അതുകൊണ്ടുതന്നെ നിർണായക വെളിപ്പെടുത്തൽ നടത്തിയ സ്വപ്നയുടെയും സരിത്തിെൻറയും ജീവനുവരെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി.
യു.എ.ഇ കോൺസുലേറ്റ് ഫിനാൻസ് ഹെഡ് ഖാലിദിന് കമീഷനായി കൈമാറാനാണ് ഇന്ത്യൻ രൂപ ഡോളറാക്കി മാറ്റിയതെന്ന് സെയിൻ വെഞ്ചേഴ്സ് ഡയറക്ടർ പി.വി. വിനോദ് മുമ്പ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് അക്കൗണ്ടുകളിൽനിന്ന് 3.80 കോടി പിൻവലിച്ച് അതിലൊരു ഭാഗമാണ് ഡോളറാക്കിയത്. സ്വർണക്കടത്തിന് ബദലായി ഡോളർ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന അനുമാനത്തിലാണ് കസ്റ്റംസ്. ഇത് 'റിവേഴ്സ് ഹവാല'യായി കണക്കാക്കിയാണ് അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.